കരുവാരകുണ്ട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും തമ്മില്‍ പോര് മുറുകുമ്പോള്‍ ലാഭം കൊയ്യുന്നത് ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമകള്‍. വേദിയൊരുക്കുന്നതിലും ശബ്ദവും വെളിച്ചവും നല്‍കുന്നതിലും ഇവര്‍ പാര്‍ട്ടി ആശയമോ കൊടിയുടെ നിറമോ നോക്കില്ല. തെരഞ്ഞെടുപ്പു കാലത്ത് ആര്‍ക്കുവേണ്ടിയും ഊണും ഉറക്കവുമൊഴിവാക്കാന്‍ ഇവര്‍ ഒരുക്കവുമാണ്. തെരഞ്ഞെടുപ്പ് കമീഷന്‍ പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കും മുമ്പുതന്നെ പാര്‍ട്ടിക്കാര്‍ സൗണ്ട് സംവിധാനം ബുക് ചെയ്ത് തുടങ്ങും.
പത്തിലധികം സെറ്റുകള്‍ ബുക് ചെയ്യുന്നവര്‍ വരെയുണ്ട്. ഗ്രാമങ്ങളിലെ രണ്ടോ മൂന്നോ സൗണ്ട്സ് കടകളിലെ സെറ്റുകള്‍ മുഖ്യധാരാപാര്‍ട്ടികള്‍ സ്വന്തമാക്കുന്നതോടെ ചെറുപാര്‍ട്ടികള്‍ വലയുകയാണ്. ആവശ്യത്തിന് സൗണ്ട് സിസ്റ്റം കിട്ടാതായതോടെ പ്രതിസന്ധി മറികടക്കാന്‍ തമിഴ്നാട്ടിലെ അതിര്‍ത്തി നഗരങ്ങളില്‍ നിന്ന് സിസ്റ്റങ്ങള്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ആദ്യമൊക്കെ പാര്‍ട്ടിക്കാര്‍ തന്നെ കൊണ്ടുവന്നിരുന്നു. എന്നാല്‍, വിശ്വാസക്കുറവുമൂലം ഇപ്പോള്‍ സൗണ്ട്സ് ഉടമകള്‍ വഴിയാണ് ഗുഡല്ലൂര്‍, ഊട്ടി എന്നിവിടങ്ങളിലെ സിസ്റ്റങ്ങള്‍ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്നത്. ഒരു വാഹനത്തിലേക്കാവശ്യമായ സൗണ്ട് സംവിധാനത്തിന് ഒരു ദിവസത്തേക്ക് 3000 മുതല്‍ 4000 രൂപ വരെ ഈടാക്കുന്നുണ്ട്. കലാശക്കൊട്ടാകുമ്പോഴേക്ക് ഒരു പഞ്ചായത്തില്‍ മാത്രം ഇത്തരം 50ഓളം വാഹനങ്ങള്‍ നിരത്തിലുണ്ടാവും.
പല ജില്ലകളിലും പല ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നത് ഒഴിവാക്കാനാകുമെന്നും ഇതുവഴി സ്ഥാനാര്‍ഥികള്‍ക്ക് ചെലവ് കുറക്കാമെന്നും കടയുടമകള്‍ പറയുന്നു. അതേസമയം, ആവശ്യത്തിന് സാധനം കിട്ടാത്തതിനാല്‍ ചില സ്ഥാനാര്‍ഥികള്‍ നിശ്ശബ്ദ പ്രചാരണവഴി സ്വീകരിച്ചതായും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.