സേവനത്തിന്‍െറ ദേശീയ‘മുദ്ര’ക്ക് വോട്ടുതേടി ഹലീല്‍ റഹ്മാന്‍

ചങ്ങനാശേരി: ജനസേവനത്തിലൂടെ രണ്ടുതവണ ദേശീയപുരസ്കാരം നേടിയ ഹലീല്‍റഹ്മാന്‍ സേവനമേഖല വിപുലപ്പെടുത്താന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ചങ്ങനാശേരി നഗരസഭ 13ാം വാര്‍ഡില്‍ (പുതൂര്‍പ്പള്ളി) വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് കന്നിയങ്കം. എട്ടുവര്‍ഷംമുമ്പ് ഐ.സി.ഒ ജങ്ഷനില്‍ തുടക്കമിട്ട അക്ഷയ സേവനകേന്ദ്രം വഴിയുള്ള ജനസേവനമാണ് ഹലീലിനെ ദേശീയ-സംസ്ഥാന പുരസ്കാരത്തിന് അര്‍ഹനാക്കിയത്. സമൂഹത്തില്‍ ഒറ്റപ്പെട്ടുകഴിഞ്ഞവര്‍ക്ക് വാര്‍ധക്യകാല പെന്‍ഷന്‍, വിദ്യാര്‍ഥികള്‍ക്ക് വിവിധ സ്കോളര്‍ഷിപ്പുകള്‍, വിവാഹ രജിസ്ട്രേഷന്‍, ജനന-മരണ സര്‍ട്ടിഫിക്കറ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട് തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് രാപകല്‍ വ്യത്യാസമില്ലാതെ നടത്തിയ സേവനമാതൃകയാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

മികച്ച ജനസേവകനുള്ള 2010, 2012 വര്‍ഷത്തെ കേന്ദ്രസര്‍ക്കാറിന്‍െറ പുരസ്കാരവും 2014ല്‍ സംസ്ഥാന സര്‍ക്കാറിന്‍െറ അംഗീകാരവും തേടിയത്തെി. കേന്ദ്രസര്‍ക്കാറിന്‍െറ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗം 2010ല്‍ ഏര്‍പെടുത്തിയ നാഷനല്‍ ഇ-ഗവേണന്‍സ് അവാര്‍ഡ് (എന്‍.ഇ.ജി.പി) 2011ല്‍ ഒൗറംഗബാദില്‍ നടന്ന ദേശീയസമ്മേളനത്തില്‍ ഏറ്റുവാങ്ങി. മികച്ച സംരംഭകനുള്ള 2012ലെ അവാര്‍ഡ് ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഇന്ദിര ഗാന്ധി ഓപണ്‍ യൂനിവേഴ്സിറ്റി (ഇഗ്നോ) മുന്‍ വൈസ്ചാന്‍സലര്‍ ഡോ.വി.എന്‍. രാജശേഖരന്‍പിള്ളയും 2014ല്‍ സംസ്ഥാന സര്‍ക്കാറിന്‍െറ അംഗീകാരം തിരുവനന്തപുരത്തുവെച്ച് നടന്ന ചടങ്ങില്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമാണ് സമ്മാനിച്ചത്.

വോട്ടുതേടിയുള്ള അവസാനഘട്ട വാര്‍ഡുതല പ്രചാരണത്തിനിടയിലും സേവനകേന്ദ്രത്തിന് അവധി നല്‍കിയിട്ടില്ല. ചങ്ങനാശേരി എസ്.ബി കോളജ് അവസാനവര്‍ഷ ബിരുദാനന്തര വിദ്യാര്‍ഥിനിയും ഭാര്യയുമായ സുറുമിക്ക് സേവനകേന്ദ്രത്തിന്‍െറ ചുക്കാന്‍ കൈമാറിയാണ് ജനഹൃദയത്തോട് ചേര്‍ന്നുനില്‍ക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നത്. സി.പി.എമ്മിലെ അഡ്വ. പി.എ. നസീര്‍, മുസ്ലിംലീഗിലെ അഡ്വ. റിയാസ് മമ്മറാന്‍, എസ്.ഡി.പി.ഐയിലെ സിറാജുദ്ദീന്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT