വോട്ടുചെയ്യാന്‍ പഠിപ്പിച്ച് ‘വോട്ടുവണ്ടി’ യാത്ര

കല്‍പറ്റ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിക്കുന്ന സാഹചര്യത്തില്‍ വോട്ട് ചെയ്യുന്ന രീതി ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറ ആഭിമുഖ്യത്തിലുള്ള ബോധവത്കരണ വാഹനമായ ‘വോട്ട് വണ്ടി’ പര്യടനം തുടങ്ങി.  കല്‍പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് ഗ്രാമ-ബ്ളോക്-ജില്ലാ പഞ്ചായത്തുകളിലേക്ക് ഒരേസമയം മൂന്നു വോട്ടുകള്‍ രേഖപ്പെടുത്തുന്നതിന് സമ്മതിദായകര്‍ക്കുള്ള നിര്‍ദേശങ്ങളാണ് വോട്ടുവണ്ടിയിലെ പ്രദര്‍ശനത്തിലൂടെ നല്‍കുന്നത്. ജില്ലയിലെ പ്രദര്‍ശനം ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ വോട്ടുരേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. ശിരസ്തദാര്‍ ഐ.പി. പോള്‍ അലക്സാണ്ടര്‍, ഡെ. കലക്ടര്‍ മുഹമ്മദ് നജീം, ഷൈന്‍ ജോണ്‍, എ.എം. ജാഫര്‍, മുഹമ്മദ് അലി, സി.ആര്‍. രാധാകൃഷ്ണന്‍, കെ.എസ്. സൗമ്യ എന്നിവര്‍ സംബന്ധിച്ചു. കല്‍പറ്റ ബൈപാസ് പരിസരം, മേപ്പാടി തോട്ടംമേഖല, പൊഴുതന, അച്ചൂരാനം, കാവുമന്ദം, പിണങ്ങോട്, വെങ്ങപ്പള്ളി  എന്നിവിടങ്ങളില്‍ വോട്ടുവണ്ടി പര്യടനം നടത്തി.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വോട്ടു വണ്ടി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തും. ഒക്ടോബര്‍ 24ന് രാവിലെ 10 ന് മുട്ടില്‍, 10.30 മീനങ്ങാടി, 11 അമ്പലവയല്‍ 11.30 ചീങ്ങേരി കോളനി, 12.30 ബത്തേരി, ഉച്ചക്ക് 2ന് ഇരുളം, വൈകീട്ട് 4ന് കേണിച്ചിറ, 5ന് നടവയല്‍, 7ന് പനമരം. 25ന് രാവിലെ 10ന് കാട്ടിക്കുളം, 11.30 തൃശ്ശിലേരി, 12.30 പിലാക്കാവ്, ഉച്ചക്ക് 1.30ന് തലപ്പുഴ, 2ന് വാളാട്, വൈകീട്ട് 5ന് പേര്യ തുടങ്ങിയ സ്ഥലങ്ങളിലും വോട്ടുവണ്ടി എത്തും.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.