ലിസി കുഞ്ഞുമോന്‍ സ്ഥാനാര്‍ഥി; പക്ഷേ റേഷന്‍ മുടങ്ങില്ല

അത്താണി: റേഷന്‍കടയോടൊപ്പം ജനസേവനവുമാകാമെന്നുവെച്ചപ്പോള്‍ ലിസി കുഞ്ഞുമോന് ഇപ്പോള്‍ നിന്നുതിരിയാന്‍ സമയമില്ല.   11 വര്‍ഷത്തിലേറെയായി നെടുമ്പാശ്ശേരി പഞ്ചായത്തിലെ അത്താണി കെ.എസ്.ഇ.ബിക്ക് സമീപം എ.ആര്‍.ഡി 219ാം നമ്പര്‍ റേഷന്‍ കട നടത്തിവരുന്ന, ഈരാളില്‍ പരേതനായ കുഞ്ഞുമോന്‍െറ ഭാര്യ ലിസിയാണ് ഇത്തവണ പഞ്ചായത്തിലെ 17ാം വാര്‍ഡ് അത്താണിയില്‍നിന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

കുഞ്ഞുമോന്‍െറ മരണശേഷമാണ് ലിസി റേഷന്‍ കട ഏറ്റെടുത്തത്. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനുള്ള അപേക്ഷ നല്‍കാനും അവ സൂഷ്മമായി പരിശോധിച്ച് തിരികെ വാങ്ങാനുമുള്ള തിരക്കിനിടെയാണ് ലിസിക്ക് യാദൃച്ഛികമായി സ്ഥാനാര്‍ഥിയാകേണ്ടിവന്നത്. സി.പി.ഐ ടിക്കറ്റില്‍ കന്നിയങ്കം കുറിക്കുന്ന ലിസിക്ക് ആദ്യ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും റേഷന്‍ കടയും ഒരുമിച്ച് നടത്താന്‍ സാധിക്കുമോ എന്ന ആശങ്ക ഉളവാക്കിയെങ്കിലും ഇപ്പോള്‍ രണ്ട് കാര്യവും ക്രമീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. പുലര്‍ച്ചെ മുതല്‍ രാവിലെ കട തുറക്കുന്നത് വരെയും പിന്നീട്, ഉച്ചക്ക് അടച്ച് തുറക്കുന്നതുവരെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തും.

പിന്നീട് രാത്രി കടയടച്ചാല്‍ അടുത്ത ബന്ധുക്കളുടെയും, പരിചയക്കാരുടെയും വീടുകള്‍ കയറിയിറങ്ങുകയാണ് ലിസി. പാര്‍ട്ടി പ്രവര്‍ത്തകരും കോളജ് വിദ്യാര്‍ഥികളുമായ ലിസിയുടെ മക്കള്‍ ലിന്‍സിയും ലിന്‍സനും സജീവമായി പ്രചാരണരംഗത്തുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ് പി.വൈ. വര്‍ഗീസിന്‍െറ തട്ടകമായ അത്താണി വാര്‍ഡില്‍ ഇക്കുറി വനിതാ സംവരണമായതിനെ തുടര്‍ന്നാണ് ലിസിക്ക് മത്സരിക്കാന്‍ അവസരമൊരുങ്ങിയത്. കോണ്‍ഗ്രസിലെ ബീന പൗലോസും ബി.ജെ.പിയിലെ സൗമിനി സുരേഷ് ബാബുവും സ്വതന്ത്രയായി സരള പൗലോസും ഇവിടെ മത്സരിക്കുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT