നന്നമ്പ്രയില്‍ കോണ്‍ഗ്രസിന് രണ്ട് മുഖം

തിരൂരങ്ങാടി: യു.ഡി.എഫ് ബന്ധം തകര്‍ന്ന നന്നമ്പ്രയില്‍ കോണ്‍ഗ്രസിന് രണ്ട് മുഖം. കൊടിഞ്ഞി ഉള്‍പ്പെടുന്ന എട്ട് വാര്‍ഡില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് ജനകീയ മുന്നണിയായും മറ്റ് അഞ്ച് വാര്‍ഡില്‍ കൈപ്പത്തി ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. മണ്ഡലം പ്രസിഡന്‍റും മുന്‍ ബ്ളോക്ക് പ്രസിഡന്‍റും യു.ഡി.എഫ് ആയി രംഗത്തിറങ്ങാന്‍ ലീഗിന് പിന്നാലെ പോയപ്പോഴേക്കും മറുവിഭാഗം ഇടതുചേരിയില്‍ സ്വതന്ത്രരായി രംഗത്തിറങ്ങിയിരുന്നു. കൂടുതല്‍ വാര്‍ഡുകളില്‍ കൈപ്പത്തി ചിഹ്നത്തില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഡി.സി.സി ഇടപെട്ട് പിന്‍വലിച്ചതോടെയാണ് രണ്ട് മുഖമായത്. കൈപ്പത്തി ചിഹ്നത്തില്‍ ലീഗുമായി അഞ്ച് വാര്‍ഡില്‍ നേരിട്ട് ഏറ്റുമുട്ടുന്നുണ്ടെങ്കിലും മറുവിഭാഗം കോണ്‍ഗ്രസും ഇടതുചേരിയും അതേ വാര്‍ഡുകളില്‍ സ്വതന്ത്രരെയും മത്സരിപ്പിക്കുന്നുണ്ട്.

ചിലയിടങ്ങളില്‍ ത്രികോണ മത്സരത്തിനും കളമൊരുങ്ങി. 16ാം വാര്‍ഡില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് എന്‍. രാമന്‍കുട്ടിയും മുസ്ലിംലീഗ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി മുഹമ്മദ് ഹസനും നേരിട്ട് ഏറ്റുമുട്ടും. ജനകീയ മുന്നണി സ്ഥാനാര്‍ഥി പ്രഭീഷും ബി.ജെ.പിയിലെ പ്രസന്നകുമാരിയും മത്സരത്തിനുണ്ട്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മത്സരിക്കാനാണ് ജില്ലാ നേതൃത്വത്തിന്‍െറ നിര്‍ദേശം. കോണ്‍ഗ്രസിലെ ഒരു സ്ഥാനാര്‍ഥിയെയും വിജയിപ്പിക്കില്ളെന്ന നിലപാടിലാണ് ലീഗ്.

21 വാര്‍ഡില്‍ 17 എണ്ണത്തില്‍ സ്വന്തം ചിഹ്നത്തിലും രണ്ട് വാര്‍ഡില്‍ സ്വതന്ത്രരും മത്സരിക്കുന്നു. 18, 20 വാര്‍ഡില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും മത്സരിക്കുന്നുണ്ട്. ഈ രണ്ട് വാര്‍ഡില്‍ മുസ്ലിം ലീഗ് പിന്തുണ വെല്‍ഫെയര്‍ പാര്‍ട്ടിക്കാണ്. നന്നമ്പ്രയില്‍ ലീഗ്-വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്കുണ്ട്. 17ാം വാര്‍ഡ് ഒഴികെയുള്ള സീറ്റില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ ലീഗിനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.