അങ്ങനെയിവിടെ അഭിമാനപ്പോര്

മാറിയ രാഷ്ട്രീയ കാലാവസ്ഥയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന ഡിവിഷനുകളിലൊന്നാണ് കാഞ്ഞിരപ്പള്ളി. യു.ഡി.എഫിനെ ഒരിക്കല്‍ പോലും തള്ളിപ്പറഞ്ഞിട്ടില്ളെങ്കിലും ഇക്കുറി എല്‍.ഡി.എഫും ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞതവണ യു.ഡി.എഫ് പാളയത്തിലായിരുന്ന പി.സി. ജോര്‍ജിന്‍െറ വരവാണ് ഇവരുടെ പ്രതീക്ഷ കൂട്ടിയത്. പി.സി. ജോര്‍ജിനും ഇവിടുത്തെ വിജയം നിലനില്‍പിന്‍െറ പ്രശ്നമാണ്.

ഇതുകൂടി കണക്കിലെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുവന്‍ സമയവും മുഴുകുന്നതിന് തടസ്സമാകുന്ന എം.എല്‍.എ സ്ഥാനം പോലും ഒഴിയാന്‍ പി.സി. ജോര്‍ജ് ആലോചിക്കുകയാണ്. മറുവശത്ത്  സ്വന്തം നേതാവിനെ വെല്ലുവിളിച്ച പി.സി. ജോര്‍ജിനോട് കണക്കുതീര്‍ക്കാനുള്ള പടപ്പുറപ്പാടിലാണ് കേരള കോണ്‍ഗ്രസ്^എം. ഇതോടെ കെ.എം. മാണിക്കും പി.സി. ജോര്‍ജിനും അഭിമാനപോരാട്ടമാണ്. കേരള കോണ്‍ഗ്രസിന് അനുവദിച്ച സീറ്റില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റും കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവുമാണ് സെബാസ്റ്റ്യന്‍.

കേരള കോണ്‍ഗ്രസ് സെക്കുലറിനാണ് എല്‍.ഡി.എഫില്‍ സീറ്റ്. യൂത്ത് ഫ്രണ്ട് സെക്കുലര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ് മുന്‍ അധ്യാപകന്‍ കൂടിയായ ആന്‍റണി മാര്‍ട്ടിന്‍ ജോസഫാണ് സ്ഥാനാര്‍ഥി. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം കെ.വി. നാരായണനാണ് ബി.ജെ.പി^എസ്.എന്‍.ഡി.പി സഖ്യസ്ഥാനാര്‍ഥി. കഴിഞ്ഞ ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.ടി. ശോഭനയെ 5600 വോട്ടിനാണ് യു.ഡി.എഫിലെ കേരള കോണ്‍ഗ്രസ്^എം സ്ഥാനാര്‍ഥിയായിരുന്ന  മറിയാമ്മ ജോസഫ് പരാജയപ്പെടുത്തിയത്.

അന്ന് യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന പി.സി. ജോര്‍ജ് വിഭാഗം ഇപ്പോള്‍ ഇടതുമുന്നണിയിലാണ്. ഏഴ് ഗ്രാമപഞ്ചായത്തിലെ 49 വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷന്‍. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡ്, എലിക്കുളം ഗ്രാമപഞ്ചായത്തിലെ എട്ട് വാര്‍ഡ്, പാറത്തോട് പഞ്ചായത്തിലെ രണ്ട് വാര്‍ഡ്, മണിമല ഗ്രാമപഞ്ചായത്തിലെ ഏഴ് വാര്‍ഡ്, എരുമേലി ഗ്രാമപഞ്ചായത്തിലെ ഒരുവാര്‍ഡ്, വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തിലെ ആറ് വാര്‍ഡ്, വാഴൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡ് എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
76,000 വോട്ടര്‍മാരാണ് ഡിവിഷനിലുള്ളത്. ഇതില്‍ 40 വാര്‍ഡും നിലവില്‍ യു.ഡി.എഫിന് സ്വന്തമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.