ആര്‍.എസ്.എസ്-എസ്.എന്‍.ഡി.പി കൂട്ടുകെട്ടിന്‍െറ ഗുണഭോക്താക്കള്‍ കോണ്‍ഗ്രസ് -ജി. സുധാകരന്‍

ആലപ്പുഴ: ആര്‍.എസ്.എസ്^ബി.ജെ.പി^എസ്.എന്‍.ഡി.പി കൂട്ടുകെട്ടിന്‍െറ ഗുണഭോക്താക്കള്‍ കോണ്‍ഗ്രസും അവരുടെ മുന്നണി കക്ഷികളുമാണെന്ന് ജി. സുധാകരന്‍ എം.എല്‍.എ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ.സി. വേണുഗോപാലിന് മണ്ഡലത്തിന്‍െറ പല ഭാഗങ്ങളില്‍നിന്ന് എസ്.എന്‍.ഡി.പിയില്‍ പെട്ടവരുടെ വോട്ടുകള്‍ കിട്ടി. ഇടതുസ്ഥാനാര്‍ഥി ഈഴവ സമുദായത്തില്‍പെട്ടതായിട്ടും 21 മേഖലയിലാണ് വോട്ട് മറിച്ചുചെയ്ത് വേണുഗോപാലിന് ഭൂരിപക്ഷമായത്.

ബി.ജെ.പി പിന്തുണയോടെ മത്സരിച്ച എ.വി. താമരാക്ഷന് ഒരുലക്ഷം വോട്ട് കിട്ടേണ്ട സ്ഥാനത്ത് പകുതി മാത്രമേ കിട്ടിയുള്ളൂ. അതായത്, ആര്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും സ്വാധീനിച്ച് വോട്ട് വാങ്ങിയ ചരിത്രമാണ് ഇക്കൂട്ടര്‍ക്കുള്ളത്. ഹരിപ്പാട് നിയമസഭാ മണ്ഡലത്തില്‍ രമേശ് ചെന്നിത്തലക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ചത് കെ.സി. വേണുഗോപാലിനാണ്. ഇത്തരത്തിലെ ബന്ധങ്ങള്‍ രാഷ്ട്രീയ തത്ത്വദീക്ഷ മറന്ന് നടത്തുന്നവര്‍ വിമര്‍ശിക്കുമ്പോള്‍ അവര്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണ്. എല്‍.ഡി.എഫ് ആലപ്പുഴ നഗരസഭ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിനോ ഇടതുപക്ഷത്തിനോ വര്‍ഗീയശക്തികളെ വിമര്‍ശിക്കുന്നതിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട. കുട്ടനാട്ടില്‍ തങ്കപ്പന്‍ എന്ന സി.പി.എം നേതാവിനെ ആര്‍.എസ്.എസുകാര്‍ തല വെട്ടിയെടുത്ത് ആഘോഷിച്ചത് ജനങ്ങളുടെ മനസ്സില്‍നിന്ന് മാറിയിട്ടില്ല. അത്തരത്തിലെ കിരാതവാഴ്ചയെ നേരിട്ട പാരമ്പര്യമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളത്. രാത്രിയില്‍ വര്‍ഗീയശക്തികളുമായി സന്ധിസംഭാഷണം നടത്തുന്ന യു.ഡി.എഫിന് ഇതേക്കുറിച്ച് വിമര്‍ശിക്കാന്‍ അവകാശമില്ല.

ചില കുത്തിത്തിരിപ്പുകാരാണ് എസ്.എന്‍.ഡി.പി പ്രസ്ഥാനത്തെ ആര്‍.എസ്.എസുമായും അതിലൂടെ കോണ്‍ഗ്രസുമായും ചേര്‍ക്കുന്നത്. ഇക്കൂട്ടരെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ട്. ഇപ്പോള്‍ ബി.ജെ.പി^ആര്‍.എസ്.എസുകാര്‍ സ്ഥാനാര്‍ഥികള്‍ക്കായി നെട്ടോട്ടത്തിലാണ്. അഞ്ചുശതമാനം സീറ്റില്‍ പോലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ വലതുപക്ഷ പ്രചാരവേല നടത്തുകയാണെന്ന് സുധാകരന്‍ ആരോപിച്ചു. ഇല്ലാത്തത് എഴുതുകയും ഉള്ളത് തമസ്കരിക്കുകയും ചെയ്യുന്ന രീതിയാണ്. യു.ഡി.എഫിന് ആലപ്പുഴ നഗരസഭ ലഭിച്ചപ്പോള്‍ ന്യൂനപക്ഷത്തില്‍പ്പെട്ട ഒരു ചെയര്‍പേഴ്സണെ അപമാനിച്ചുവിട്ട പാരമ്പര്യമാണ് ഉള്ളത്. എന്നാല്‍, ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ ഒരു ചെയര്‍പേഴ്സണ്‍തന്നെ അഞ്ചുവര്‍ഷവും ഭരിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍ 52 വാര്‍ഡില്‍ 22 എണ്ണത്തിലും ന്യൂനപക്ഷത്തില്‍ പെട്ടവരാണ് മത്സരിക്കുന്നത്. 29 സ്ത്രീകള്‍ മത്സരരംഗത്തുണ്ട്. പട്ടികജാതി വിഭാഗത്തില്‍ മൂന്നുപേരും ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥികളാണെന്ന് സുധാകരന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.