മലപ്പുറത്ത് യു.ഡി.എഫ് ചര്‍ച്ചകള്‍ പരാജയം; ‘സൗഹൃദ’ മത്സരത്തിന് ‘ധാരണ’

മലപ്പുറം: മലപ്പുറത്തെ യു.ഡി.എഫ് ഭിന്നത തീര്‍ക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ തലത്തില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പ്രശ്ന പഞ്ചായത്തുകളില്‍ വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച സന്ദേശം ലീഗ്, കോണ്‍ഗ്രസ് നേതൃത്വം അണികള്‍ക്ക് നല്‍കിക്കഴിഞ്ഞു. സൗഹൃദ മത്സരമെന്നാണ് നേതൃത്വം ഇതിന് പേരിട്ടതെങ്കിലും കടുത്ത പോരാട്ടമാണ് ഇത്തരം പഞ്ചായത്തുകളില്‍ ഇരു പാര്‍ട്ടികളും ആസൂത്രണം ചെയ്യുന്നത്.
ഏത് കക്ഷികള്‍ക്കൊപ്പം കൂട്ടു കൂടിയാലും വിജയം ഉറപ്പിക്കാനാണ് പഞ്ചായത്തു തലങ്ങളില്‍ നീക്കം. സി.പി.എം, ബി.ജെ.പി കക്ഷികളുമായി ഒരു തരത്തിലും കൂട്ടു കൂടില്ളെന്ന് ജില്ലാ നേതൃത്വങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രഹസ്യവും പരസ്യവുമായ ധാരണക്കായി ചര്‍ച്ചകള്‍ പഞ്ചായത്തുകളില്‍ സജീവമായി. എല്‍.ഡി.എഫും ചെറുകക്ഷികളുമായി ചേര്‍ന്നുള്ള വികസന മുന്നണികളും രൂപപ്പെടുന്നുണ്ട്. യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്‍െറ തീരുമാനപ്രകാരം നിശ്ചയിച്ച ഉപസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ച് ദിവസമായി ലീഗ് ഹൗസിലും ഡി.സി.സി ഓഫിസിലുമായി ചര്‍ച്ചകള്‍ നടക്കുകയായിരുന്നു.
പഞ്ചായത്തുകളില്‍ കുഴഞ്ഞു മറിഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ സമിതി ഇരുട്ടില്‍ തപ്പുന്നതിനിടയില്‍ മുതിര്‍ന്ന നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും ആര്യാടന്‍ മുഹമ്മദും പങ്കാളികളായ ചര്‍ച്ചയിലും പരിഹാരം ഉരുത്തിരിഞ്ഞില്ല. ഇതിനിടെ, ചര്‍ച്ചയുടെ പ്രാരംഭ ഘട്ടങ്ങളിലുണ്ടായിരുന്ന പഞ്ചായത്തുകള്‍ക്ക് പുറമെ പുതിയ പഞ്ചായത്തുകളില്‍ കൂടി ഭിന്നത രൂപപ്പെട്ടതോടെ തിങ്കളാഴ്ചയോടെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തിലെ വേങ്ങര, കണ്ണമംഗലം, ഊരകം പഞ്ചായത്തുകളിലടക്കം പ്രശ്നങ്ങള്‍ പുകയുകയാണ്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് സി.പി.എമ്മുമായി സീറ്റ് ധാരണക്കായി രഹസ്യ ചര്‍ച്ച നടത്തിയതായും അറിയുന്നു.
നേരത്തെ തന്നെ പ്രശ്നങ്ങളുള്ളത് ചോക്കാട്, കാളികാവ്, മൂത്തേടം, പോരൂര്‍, കരുവാരക്കുണ്ട്, എടപ്പറ്റ, മാറാക്കര, പൊന്മുണ്ടം പഞ്ചായത്തുകളിലാണ്. ഇതില്‍ ചില പഞ്ചായത്തുകളില്‍ ലീഗും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലും അരീക്കോട്, കീഴുപറമ്പ്, വാഴക്കാട്, പള്ളിക്കല്‍, മുതുവല്ലൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലുമാണ് പുതിയ പ്രശ്നങ്ങള്‍ രൂപപ്പെട്ടത്.
ഇതിനിടയില്‍ വിട്ടുവീഴ്ചയിലൂടെ പ്രശ്നം പരിഹരിച്ചെന്ന് അവകാശപ്പെട്ട കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലും എടരിക്കോട് പഞ്ചായത്തിലും മറ്റു ചിലയിടങ്ങളിലും കോണ്‍ഗ്രസിലും ലീഗിലും ആഭ്യന്തര പ്രശ്നങ്ങളും ഉയര്‍ന്നിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.