മലപ്പുറം: ലീഗ്–കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ ധാരണ

മലപ്പുറം: കുറേക്കാലമായി മലപ്പുറം ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ തുടരുന്ന മുസ്ലിം ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം കഴിയുന്നത്ര പരിഹരിക്കാന്‍ നേതൃചര്‍ച്ചയില്‍ തീരുമാനമായി. തര്‍ക്കം രൂക്ഷമായ പത്തോളം പഞ്ചായത്തുകളില്‍ പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞതായി നേതാക്കള്‍ അറിയിച്ചു. അഞ്ച് പഞ്ചായത്തുകളില്‍ ചര്‍ച്ച തുടരും. യു.ഡി.എഫ് നിയോഗിച്ച ഉപസമിതിക്ക് പുറമെ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദും പി.കെ. കുഞ്ഞാലിക്കുട്ടിയും ഇടപെട്ടുള്ള ചര്‍ച്ചകളിലാണ് ധാരണയായത്.  ഞായറാഴ്ചയും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലും മറ്റുമായി നടന്നു. പഞ്ചായത്ത് തലത്തില്‍ ഉഭയകക്ഷി ചര്‍ച്ചകളും ആരംഭിച്ചു. മന്ത്രി എ.പി. അനില്‍കുമാര്‍, ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ്കുഞ്ഞി, കെ.പി.സി.സി സെക്രട്ടറി വി.വി. പ്രകാശ്, കെ.പി.സി.സി അംഗങ്ങള്‍ തുടങ്ങിയവരും ലീഗിന്‍െറ ഭാഗത്തുനിന്ന് ജില്ലാ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്, ഖാലിദ് വണ്ടൂര്‍ എന്നിവരുമാണ് ചര്‍ച്ചകളിലെ പ്രധാനസാന്നിധ്യങ്ങള്‍. മേല്‍തട്ടിലെ ധാരണ താഴെ തട്ടില്‍ വിശദീകരിച്ച് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ പറഞ്ഞു. ഇതേസമയം, താഴെ തട്ടില്‍ പഞ്ചായത്ത് വാര്‍ഡിലെ പ്രശ്നംപോലും പരിഹാരിക്കാതെ കിടക്കുന്നതിനാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ജില്ലാ തലത്തിലുള്ള ധാരണകള്‍ ഞായറാഴ്ച രാത്രിയോടെതന്നെ നേതാക്കള്‍ താഴെ തട്ടിലത്തെി വിശദീകരിച്ചുതുടങ്ങി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.