ഈ സംവരണംകൊണ്ട് ഇത്ര ശല്യമുണ്ടാകുമെന്ന് കരുതിയതല്ല. ആയുഷ്കാലം മുഴുവന്‍ പഞ്ചായത്തു മെംബറാകാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുമ്പോഴാണ് വീടിരിക്കുന്ന വാര്‍ഡിന് സംവരണ മണ്ഡലമായി നറുക്കുവീണത്. അയല്‍പക്കത്തുള്ള ജനറല്‍ വാര്‍ഡില്‍ മത്സരിക്കാമെന്നുവെച്ചാല്‍ അവിടെയുള്ള അധികാര മോഹികള്‍ സീറ്റിന്‍െറ ഏഴയലത്ത് അടുപ്പിക്കുന്നില്ല. ഞാനിരുന്ന സീറ്റില്‍ പെമ്പറന്നോത്തിയെങ്കിലും കയറിയിരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതും നടപ്പാവാത്ത അവസ്ഥയാണ്. സീറ്റ് ജാതി സംവരണമാണുപോലും. മത്സരിച്ചേ അടങ്ങൂയെന്ന് അതിമോഹമുണ്ടായിരുന്നതിനാല്‍ കണ്‍മുന്നില്‍ കാണുന്നവരോടൊക്കെ വെറുതെ ചിരിച്ചുനടക്കുകയും ചുമ്മാ അതുമിതും പറഞ്ഞ് കോളനികളില്‍ കയറിയിറങ്ങുകയും ചെയ്തതൊക്കെ വെറുതെയായിപ്പോയതിന്‍െറ സങ്കടം തീര്‍ത്താല്‍ തീരുന്നില്ല.
ഇനിയിപ്പോള്‍ ആകെ ചെയ്യാനുള്ളത് ബ്ളോക്കിലോ ജില്ലയിലോ ഒരു സീറ്റ് തരപ്പെടുത്താമെന്നതാണ്. അതിനൊന്ന് മുട്ടിനോക്കാന്‍ പോയപ്പോഴേ ‘വിവര’മറിഞ്ഞു. നൂറുകണക്കിന് പേരുള്ള ക്യൂവിന്‍െറ ഇങ്ങേതലയിലാണു ഞാന്‍. പകുതിയോളം പേര്‍ പുതിയ ജില്ലാ ഭാരവാഹികളാണുപോലും. അവര്‍ക്കുപുറമെ പഞ്ചായത്തില്‍ ലേശമൊന്നു പയറ്റിത്തെളിഞ്ഞവന്മാരൊക്കെയും ഈ ക്യൂവിലുണ്ട്. കാര്യമന്വേഷിച്ചപ്പോള്‍ അവര്‍ക്കും കരച്ചിലടക്കാനാവുന്നില്ല. എന്‍െറ അതേ ഗതിതന്നെ. സീറ്റെന്ന സ്വപ്നങ്ങളില്‍ ആ നശിച്ച നറുക്കെടുപ്പ് ഇരുള്‍ പടര്‍ത്തിയെന്നുപറഞ്ഞ് അവര്‍ കണ്ണീരൊഴുക്കുന്നു.
ഈ തിരക്കിനിടയില്‍ നിങ്ങള്‍ക്ക് ടിക്കറ്റു കിട്ടാന്‍ വല്ല സാധ്യതയുമുണ്ടോയെന്ന് ഒരു ഗ്രാമമുഖ്യനോട് വെറുതെ ചോദിച്ചതാണ്. ക്യൂവിന്‍െറ പിന്നിലാണെങ്കിലും തള്ളുവന്ന് വരിയൊക്കെ അലങ്കോലമാവുമ്പോള്‍ ബ്ളാക്കില്‍ ഒരു ടിക്കറ്റ് സംഘടിപ്പിക്കാന്‍ പറ്റുമോയെന്ന് നോക്കട്ടേയെന്ന് കൗണ്ടറില്‍ ടിക്കറ്റ് കീറുന്ന ജില്ലാ നേതാക്കളിലൊരാള്‍ പറഞ്ഞിട്ടുണ്ടത്രെ. നറുക്കെടുപ്പ് ഈ വിധം നെഞ്ചുതകര്‍ക്കുമെന്ന് വല്ല സൂചനയും കിട്ടിയിരുന്നെങ്കില്‍ ടിക്കറ്റു മുറിക്കുന്നവരെ നേരത്തേ, മണിയടിച്ചുവെക്കാമായിരുന്നു. ഇനിയിപ്പോള്‍ പറഞ്ഞിട്ടു കാര്യമില്ല.
ഇതിനിടയില്‍ ക്യൂവിലൊന്നും നില്‍ക്കാതെ ടിക്കറ്റെടുക്കുന്ന നേതാവാകാന്‍ ഇനിയെത്ര കാലം കാത്തുനില്‍ക്കേണ്ടിവരും? മറ്റാര്‍ക്കൊക്കെയോ ടിക്കറ്റ് നല്‍കാന്‍ കൂടിയാലോചനക്കെന്നു പറഞ്ഞ് കൂടിയിരുന്ന് ആ ടിക്കറ്റുകളൊക്കെ തങ്ങള്‍തന്നെ വീതിച്ചെടുക്കുന്നവരില്‍ ഒരാളായാല്‍ ഈ തത്രപ്പാടൊന്നുമില്ലായിരുന്നു. പണ്ടൊരു പാര്‍ട്ടിയുടെ മുഴുവന്‍ ടിക്കറ്റുകളും ഇങ്ങനെ കൗണ്ടറിലുള്ളവര്‍തന്നെ സ്വയം മുറിച്ച് കീശയിലിട്ടിരുന്നു. ഭാവിയില്‍ ആരാവണമെന്ന് ചോദിക്കുന്നവരോടൊക്കെ ടിക്കറ്റു മുറിക്കുന്ന ആളാവണം എന്ന ആഗ്രഹം അന്ന് തുറന്നു പറയുകയും ചെയ്തു.
കൗണ്ടറിലിരിക്കുമ്പോള്‍ ടിക്കറ്റുകീറി കീശയിലിടുന്ന ചരിത്രം ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും ചുരത്തിനുമുകളിലുണ്ടെന്ന് പലരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. നല്ളൊരു പൊളിറ്റിക്കല്‍ കരിയര്‍ സംവരണത്തില്‍തട്ടി കോഞ്ഞാട്ടയായ സ്ഥിതിക്ക്, ഇനി ആ ലെവലിലേക്കത്തെുമെന്ന് തോന്നുന്നില്ല.
ഒരു കല്യാണത്തിനുള്ള ജില്ലാ സെക്രട്ടറിമാര്‍തന്നെ പഞ്ചായത്തു സീറ്റെങ്കിലും കിട്ടാന്‍ നെട്ടോട്ടമോടുമ്പോള്‍ മണ്ഡലം ഭാരവാഹി പോലുമല്ലാത്ത ഞാനെന്തു ചെയ്യാന്‍. സംവരണമില്ലാതെ എല്ലാവരേയും ഒരേപോലെ കരുതുന്ന സമത്വസുന്ദര കേരളത്തിനായി പ്രാര്‍ഥിക്കുകയല്ലാതെ വേറൊരു വഴിയുമില്ളെന്നാ തോന്നുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.