പെരുമ്പാവൂര്‍: 1968 മുതല്‍ തുടര്‍ച്ചയായി 12 വര്‍ഷം പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍മാനായിരുന്ന പി.പി. തങ്കച്ചന്‍ ഇന്ന് പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ നഗരസഭയിലെയും ഏഴ് ഗ്രാമ പഞ്ചായത്തുകളിലെയും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന തിരക്കിലാണ്. രാവിലെ മുതല്‍ പാതിരാത്രിവരെ തുടരുന്ന ചര്‍ച്ചകള്‍ക്കും മധ്യസ്ഥ ശ്രമങ്ങള്‍ക്കും വേദിയാവുകയാണ് കേരളത്തിലെ യു.ഡി.എഫ് കണ്‍വീനര്‍കൂടിയായ തങ്കച്ചന്‍െറ പെരുമ്പാവൂരിലെ വസതി.
നഗരസഭ ചെയര്‍മാനായിരുന്ന കാലത്ത് മുനിസിഫായി നിയമനം കിട്ടിയത് ഒരു അനുഭവമായി മനസ്സില്‍ സൂക്ഷിക്കുകയാണ് തങ്കച്ചന്‍. മുനിസിപ്പല്‍ ചെയര്‍മാനായതിന്‍െറ ത്രില്‍ വിട്ടൊഴിയാന്‍ കഴിയാത്തതിനാല്‍ മുനിസിഫ് ജോലി ഉപേക്ഷിച്ചെന്ന് തങ്കച്ചന്‍ പറയുന്നു. സജീവ രാഷ്ട്രീയത്തില്‍ വരുന്നതിനുമുമ്പ് വക്കീല്‍ പണി ചെയ്യുന്ന വേളയിലാണ് ജോലിക്ക് അപേക്ഷിച്ചത്. അന്ന് ചെയര്‍മാന് ശമ്പളം 75 രൂപയായിരുന്നു. ഇന്ന് സിറ്റിങ് ഫീസ് ഉള്‍പ്പെടെ 7600 രൂപയുണ്ട്. ഇന്നത്തേതിലും ബുദ്ധിമുട്ടായിരുന്ന ആ കാലഘട്ടത്തിലും വികസനം എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയം മറന്ന് എല്ലാ അംഗങ്ങളും പ്രവര്‍ത്തിച്ചിരുന്നത്. അന്ന് നഗരസഭകള്‍ക്ക് ഫണ്ട് ഉണ്ടായിരുന്നില്ല. കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന നികുതിയും വീടുകളുടെ ‘കര’വുമായിരുന്നു ഏക വരുമാനം.
പെരുമ്പാവൂര്‍ നഗരസഭയുടെ അധ്യക്ഷസ്ഥാനത്തിരുന്ന് അംഗങ്ങളെ നയിച്ച അനുഭവം പിന്നീട് സ്പീക്കറായപ്പോള്‍ കേരള നിയമസഭയെ നയിക്കാനുള്ള കരുത്തായി മാറിയെന്ന് തങ്കച്ചന്‍ പറയുന്നു. മുനിസിപ്പല്‍ ചെയര്‍മാനും സ്പീക്കറുമായിരുന്ന വേളയിലൊന്നും ഒരു വക്കൗട്ട് പോലും ഉണ്ടായിട്ടില്ല എന്നുള്ളത് വഹിച്ച സ്ഥാനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമായി തങ്കച്ചന്‍ കാണുന്നു.
ചെയര്‍മാനും സ്പീക്കറും ആയ കാലഘട്ടമാണ് ഏറ്റവും സന്തോഷം നല്‍കിയ പൊതുപ്രവര്‍ത്തന ജീവിതമെന്നും നാല് തവണ എം.എല്‍.എയും ഒരുതവണ മന്ത്രിയുമായിരുന്ന തങ്കച്ചന്‍ വെളിപ്പെടുത്തി.
16 അംഗ കൗണ്‍സിലായിരുന്നു 68ലെ പെരുമ്പാവൂര്‍ നഗരസഭയില്‍. ഒരു വനിത അംഗം ഉള്‍പ്പെടെ ആറു പേരാണ് അതില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയം ആകാമെങ്കിലും ശേഷമുള്ള ഭരണ കാലഘട്ടങ്ങളില്‍ അതെല്ലാം വെടിഞ്ഞ് വികസന പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കണമെന്നാണ് തങ്കച്ചന്‍െറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.