സ്പെയിനും വീണു; ഇന്ത്യക്ക് പരമ്പര

തെരസ (സ്പെയിന്‍): ഫ്രാന്‍സിന് പിന്നാലെ സ്പെയിനും ഇന്ത്യന്‍പടക്ക് മുന്നില്‍ വീണു. യൂറോപ്യന്‍ പര്യടനത്തിന്‍െറ രണ്ടാം ഘട്ടത്തിലെ അവസാന മത്സരത്തില്‍ 4-2ന്‍െറ തകര്‍പ്പന്‍ ജയവുമായി ഇന്ത്യന്‍ ഹോക്കി ടീം സ്പെയിനിനെതിരായ പരമ്പര 2-1ന് സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിനുശേഷം ശക്തമായി തിരിച്ചടിച്ച് തുടര്‍ച്ചയായ രണ്ടു മത്സരങ്ങളും നേടിയാണ് ആതിഥേയര്‍ കുതിച്ചത്. വിജയകരമായി അവസാനിച്ച യൂറോപ്യന്‍ പര്യടനത്തില്‍ ഒരാഴ്ച മുമ്പ് ഫ്രാന്‍സിനെതിരെ 2-0ത്തിനാണ് ഇന്ത്യ പരമ്പര നേടിയത്.
ഒരു മിനിറ്റിനിടെ രണ്ട് തകര്‍പ്പന്‍ ഗോളുകള്‍ അടിച്ചെടുത്ത ഫോര്‍വേഡ് രമണ്‍ദീപ് സിങ്ങിന്‍െറ കരുത്തിലാണ് അവസാന പോരാട്ടം ഇന്ത്യ അനായാസം തങ്ങളുടേതാക്കിയത്. തുടക്കം മുതല്‍ ഇരുടീമുകളും ആക്രമണത്തിന്‍െറ പാതയിലായിരുന്നു. 24ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലത്തെിയത്. ഡ്രാഗ്-ഫ്ളിക്കര്‍ രുപീന്ദര്‍ പാല്‍ സിങ് പിഴവൊന്നുമില്ലാതെ വലകുലുക്കി. എന്നാല്‍, ഇന്ത്യന്‍ സന്തോഷത്തിന് ഒരു മിനിറ്റുപോലും ആയുസ്സുണ്ടായില്ല. റിക്കാഡോ സന്‍റാനയിലൂടെ സ്പെയിന്‍ സമനില പിടിച്ചു.
മൂന്നാം പാദത്തില്‍ സ്പാനിഷ് ടീം പെനാല്‍റ്റി കോര്‍ണര്‍ നേടിയെടുത്തെങ്കിലും ശ്രീജേഷിന്‍െറ ഫോമിനു മുന്നില്‍ പാഴായി. 45ാം മിനിറ്റില്‍ ആകാശ്ദീപ് സിങ്ങിന്‍െറ തകര്‍പ്പന്‍ ഗോളിലൂടെ ഇന്ത്യ 2-1ന് മുന്നില്‍ കടന്നു. മൂന്നാം പാദത്തില്‍ 49ാം മിനിറ്റില്‍ സേവ്യര്‍ ലിയോനാര്‍ട്ടിന്‍െറ ഫീല്‍ഡ് ഗോളിലൂടെ അവര്‍ സമനില പിടിക്കുകയും ചെയ്തു. അതോടെ ആക്രമണം ശക്തമാക്കിയ ഇന്ത്യ 50ാം മിനിറ്റില്‍തന്നെ രമണ്‍ദീപിലൂടെ ലീഡ് പിടിച്ചു. സ്പാനിഷ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തി നേടിയ ആ ഗോള്‍ പിറന്ന് നിമിഷങ്ങള്‍ക്കകം വീണ്ടും വലകുലുക്കിയ താരം 4-2ന് മുന്നില്‍ കടത്തി. മത്സരം അവസാനത്തോടടുക്കവേ സ്പെയിന്‍ ഗോള്‍ നേടാനുള്ള ശ്രമങ്ങള്‍ ഏറെ നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഉറച്ചുനിന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.