'എന്റെ അത്ര ബെൻസ് കാറിൽ സഞ്ചരിച്ച ആരും കേരളത്തിലുണ്ടാവില്ല, മുഖ്യമന്ത്രിയുടേതിനേക്കാൾ കേമൻ വണ്ടിയാ എന്റേത്'; വെള്ളാപ്പള്ളി

ആലപ്പുഴ: മുഖ്യമന്ത്രി സഞ്ചരിക്കുന്നതിനേക്കാൾ കേമൻ വണ്ടിയിലാണ് താൻ സഞ്ചരിക്കുന്നതെന്നും തന്നേക്കാൾ കൂടുതൽ ബെൻസ് കാറിൽ റോഡിലൂടെ സഞ്ചരിച്ച ആരും കേരളത്തിൽ ഉണ്ടാവില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചുവെന്ന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു.

'ഞാൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയെന്ന് പറഞ്ഞാണ് കുറ്റം. എത്ര നേതാക്കൾ കണ്ട പെണ്ണുങ്ങളെയും കാറിൽ കയറ്റി പോകുന്നു. ആതാരും കാണുന്നില്ല. നിങ്ങൾ ഒന്ന് മനസിലാക്കണം ഞാനേ 50കൊല്ലമായി ബെൻസ് കാറിൽ നടക്കുന്നയാളാണ്. ഇപ്പോൾ തന്നെ നോക്ക് എത്ര കാറ് ഇവിടെ കിടക്കുന്നുണ്ടെന്ന്. മുഖ്യമന്ത്രിയുടേതിനേക്കാൾ വലിയ കേമൻ വണ്ടിയിലാണ് ഞാൻ നടക്കുന്നത്. പണത്തിന്റെ അഹങ്കാരം കൊണ്ടല്ല. ഞാൻ അതുപോലെ ഓടി വർക്ക് ചെയ്യുമ്പോൾ നല്ല വണ്ടി വേണം എന്നത് കൊണ്ടാണ്. ഇന്ത്യയിൽ ബെൻസ് ഇറക്കു മതി ചെയ്തപ്പോൾ ആദ്യമെടുത്ത വണ്ടി, 28 കൊല്ലായി ഇവിടെണ്ട്. ആ വണ്ടി ഏഴ് ലക്ഷം കിലോമീറ്റർ ഓടിയിട്ടുണ്ട്. ഞാൻ റോഡിൽ കൂടി സഞ്ചരിച്ച അത്രയും ആരും കേരളത്തിൽ സഞ്ചരിച്ചിട്ടില്ല. തെളിയിച്ചാൽ ഞാൻ മാപ്പ് പറയാം'.-വെള്ളാപ്പള്ളി പറഞ്ഞു.

തന്നെ മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കുകയാണെന്നും വര്‍ഗീയവാദിയാക്കുന്നതിനായി ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഞാനാണ് കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയവാദിയെന്നാണ് മുസ്‍ലിം ലീഗ് പറയുന്നത്. ഞാന്‍ ഗുരുവിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. സോദരചിന്തയോടെ ജീവിക്കണമെന്നാണ് തനിക്കാകെ അറിയാവുന്നത്. സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങുന്ന പ്രസ്ഥാനമാണ് എസ്എന്‍ഡിപി. ഞങ്ങള്‍ ഒരിക്കലും ഒരു മതവിശ്വാസത്തിനെതിരല്ല. എന്നെ മുസ്‌ലിം വിരുദ്ധനാക്കി വേട്ടയാടുകയാണ്. മലപ്പുറം പാര്‍ട്ടിയായ ലീഗ് എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ് -വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'അധികാരത്തിലിരുന്ന് ലീഗ് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ വകുപ്പും മന്ത്രിയുമൊക്കെ മലപ്പുറത്താണ് പ്രഖ്യാപിക്കുന്നത്. ഇങ്ങനെ ചെയ്തവരാണ് മതേതരത്വം പറയുന്നത്. ലീഗ് മലപ്പുറം പാര്‍ട്ടിയാണ്. ലീഗിന് പലമുഖങ്ങളുണ്ട്. 14 യൂണിവേഴ്‌സിറ്റികള്‍ ഉണ്ടായിട്ട് ഒരൊറ്റ യൂണിവേഴ്‌സിറ്റി പോലും ഈഴവര്‍ക്കില്ല.

മുസ്‌ലിം സമുദായത്തെ ഞാന്‍ ഇതുവരെയും ആക്ഷേപിച്ചിട്ടില്ല. ലീഗിന് ഒരുപാട് സ്‌കൂളുകള്‍ ഉണ്ടായിരിക്കെ ഒരൊറ്റ സ്‌കൂളെങ്കിലും ഞങ്ങള്‍ക്ക് തരണമെന്ന് അപേക്ഷിക്കുക മാത്രമാണ് ചെയ്തത്. ഫസൽ ഗഫൂര്‍ എന്ത് കൊള്ളയാണ് നടത്തുന്നത്. സകല അലവലാതികളും എന്നെ വര്‍ഗീയവാദിയാക്കാനുള്ള നെട്ടോട്ടത്തിലാണ്.

ലീഗ് മലപ്പുറം പാര്‍ട്ടി തന്നെയാണ്. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണെന്ന് വരെ ലീഗുകാര്‍ പറഞ്ഞിട്ടുണ്ട്. ആണും പെണ്ണും കെട്ടവനാണെങ്കില്‍ എങ്ങനെയാണ് കുട്ടികളുണ്ടാവുക? പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന 10 വര്‍ഷക്കാലത്ത് ഒരു കലാപവും ഉണ്ടായിരുന്നില്ല’ -വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - I travel in a better vehicle than the Chief Minister - Vellappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.