ഹോക്കി യൂറോപ്യന്‍ പര്യടനം: ഫ്രാന്‍സിനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി

പാരിസ്: ആക്രമണവുമായി കളംനിറഞ്ഞ ഇന്ത്യ യൂറോപ്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനെ 2-0ത്തിന് തകര്‍ത്തു. മത്സരത്തിന്‍െറ രണ്ടാം പാദത്തില്‍ ചിങ്ഗ്ളെന്‍സന സിങ്ങിന്‍െറയും എസ്.വി. സുനിലിന്‍െറയും ഗോളുകളാണ് ഫ്രാന്‍സിനെ സമ്മര്‍ദത്തിലാഴ്ത്താനും വിജയം നേടാനും ഇന്ത്യയെ സഹായിച്ചത്. മത്സരത്തിന്‍െറ തുടക്കത്തില്‍ തന്നെ ഇരുടീമുകളും ആക്രമണത്തിലേക്ക് കടന്നു. ഒന്നാം പാദം ഗോള്‍രഹിതമായി കടന്നുപോയി. ആദ്യം ലീഡ് നേടാനുള്ള പരിശ്രമം ഇരുകൂട്ടരും തുടര്‍ച്ചയായി നടത്തവേയാണ് രണ്ടാം പാദത്തില്‍ 18ാം മിനിറ്റില്‍ ചിങ്ഗ്ളെന്‍സനയിലൂടെ ഇന്ത്യ ഫ്രാന്‍സിനെ പിന്നോട്ടടിച്ചത്. എതിരാളികളുടെ പ്രതിരോധം മുറിച്ചുകടന്ന താരം, പിഴവില്ലാത്തൊരു ഫീല്‍ഡ് ഗോളിലൂടെ ടീമിനെ മുന്നിലത്തെിച്ചു.

ലീഡ് നേടാനായതോടെ മത്സരത്തിന്‍െറ നിയന്ത്രണം ഇന്ത്യയുടെ കൈയിലായി. പന്ത് കൈവശംവെക്കാനനുവദിക്കാതെ ഇന്ത്യ മുന്നേറിയതോടെ ഫ്രാന്‍സിനായി സമ്മര്‍ദം. ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്, മിഡ്ഫീല്‍ഡര്‍മാരായ എസ്.കെ. ഉത്തപ്പ, ഡാനിഷ് മുജ്തബ, ദേവീന്ദര്‍ വാല്മീകി എന്നിവരുടെ മികച്ച പ്രകടനം ഇന്ത്യക്ക് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. മുന്നേറ്റത്തില്‍ ഫ്രഞ്ച് ഗോള്‍മുഖത്ത് തുടര്‍ച്ചയായ അപകടമുയര്‍ത്തി ഫോര്‍വേഡുകളായ സുനിലും രമന്‍ദീപ് സിങ്ങും ആകാശ്ദീപ് സിങ്ങും ആക്രമണം രൂക്ഷമാക്കി. തുടര്‍ച്ചയായുള്ള ആക്രമണത്തിന്‍െറ ഫലമായി 26ാം മിനിറ്റില്‍ ഇന്ത്യന്‍ ലീഡ് രണ്ടായി ഉയര്‍ന്നു. ഫ്രഞ്ച് പ്രതിരോധ ഭടന്മാരെ ഡ്രിബ്ള്‍ ചെയ്ത് മുന്നേറിയ സുനില്‍ മനോഹരമായൊരു ഫീല്‍ഡ് ഗോളിലൂടെയാണ് ലക്ഷ്യം കണ്ടത്. മത്സരത്തിന്‍െറ പകുതി പിന്നിടവേ 2-0 എന്ന നിലയിലായി ഇന്ത്യ. എന്നാല്‍, മൂന്നാം പാദത്തില്‍ അപ്രതീക്ഷിത പാസുകളുമായി ഫ്രാന്‍സ് ഇന്ത്യയെ ഞെട്ടിച്ചു. ഇന്ത്യന്‍ പ്രതിരോധത്തിനുമേല്‍ സമ്മര്‍ദമുണ്ടാക്കി ഗോള്‍ വഴികള്‍ തുറക്കാനായി അവരുടെ നിരന്തര ശ്രമം. ചില അവസരങ്ങളില്‍ സ്കോര്‍ ചെയ്യുന്നതിന് വളരെ അടുത്തത്തെുകയും ചെയ്തു. എന്നാല്‍ ബിരേന്ദ്ര ലക്ര, വി.ആര്‍. രഘുനാഥ്, കോതജിത് സിങ്, ഗുര്‍ജിന്ദര്‍ സിങ്, രൂപീന്ദര്‍ പാല്‍ സിങ് എന്നിവരടങ്ങിയ ഇന്ത്യന്‍ പ്രതിരോധം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ആ പാദത്തിന്‍െറ അവസാന നിമിഷങ്ങളില്‍ ഫ്രാന്‍സ് ഒരു പെനാല്‍റ്റി കോര്‍ണര്‍ നേടിയെടുത്തെങ്കിലും ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് മുന്നില്‍ വിലപ്പോയില്ല. തുല്യപോരാട്ടത്തിനാണ് നാലാം പാദം സാക്ഷ്യംവഹിച്ചത്. തുടര്‍ച്ചയായി രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ നേടിയെടുത്ത് ഫ്രാന്‍സ് കരുത്തുകാട്ടി. അപ്പോഴും മികച്ച സേവുകളുമായി ശ്രീജേഷ് പാറപോലെ ഗോള്‍വലക്ക് മുന്നില്‍ ഉറച്ചുനിന്നതോടെ ആതിഥേയര്‍ക്ക് നിരാശയായി ഫലം. തുടര്‍ന്ന് പ്രത്യാക്രമണവുമായി ഇന്ത്യയും മത്സരത്തിന്‍െറ ആവേശമുയര്‍ത്തി. ലീഡ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ടാം മത്സരം ബുധനാഴ്ച നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.