സൗത് സുഡാന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയില്‍ അംഗത്വം

ക്വാലാലംപുര്‍: സൗത് സുഡാന്‍െറ ദേശീയ ഒളിമ്പിക് കമ്മിറ്റിക്ക് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പൂര്‍ണ അംഗീകാരം നല്‍കി. ക്വാലാലംപൂരില്‍ നടന്ന ഐ.ഒ.സിയുടെ 128ാം സമ്മേളനത്തിലാണ് സൗത് സുഡാന്‍െറ ഒളിമ്പിക് കമ്മിറ്റിക്ക് അംഗീകാരം നല്‍കിയത്. ഒളിമ്പിക് പതാകയും സര്‍ട്ടിഫിക്കറ്റും സൗത് സുഡാന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് വില്‍സണ്‍ ഡെങ്ക് കുരിയത്തും സെക്രട്ടറി ജനറല്‍ ടോങ്ക് ചോര്‍ മാലേക് ദെരനും നല്‍കിക്കൊണ്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലേക്ക്് ഐ.ഒ.സി പ്രസിഡന്‍റ് തോമസ് ബാഹ് സ്വാഗതം ചെയ്തു. അംഗത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സൗത് സുഡാന്‍ പാലിച്ചതായും തോമസ് ബാഹ് വ്യക്തമാക്കി.  2016ലെ റിയോ ഒളിമ്പിക്സില്‍ സൗത് സുഡാനെ പ്രതിനിധാനംചെയ്ത് നാലു അത്ലറ്റുകള്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഐ.ഒ.സി തെരഞ്ഞെടുപ്പില്‍ സെപ് ബ്ളാറ്റര്‍ മത്സരിക്കില്ല
ക്വാലാലംപൂര്‍: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയില്‍ (ഐ.ഒ.സി) അംഗമായ ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്റര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ മത്സരിക്കില്ല. ബ്ളാറ്റര്‍ മത്സരിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും താന്‍ മത്സരരംഗത്തില്ളെന്ന് അദ്ദേഹം കത്തിലൂടെ അറിയിക്കുകയായിരുന്നെന്ന് ഐ.ഒ.സി പ്രസിഡന്‍റ് തോമസ് ബാഹ് പറഞ്ഞു. ഫെബ്രുവരിയില്‍ ഫിഫ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ്, അടുത്ത എട്ടുവര്‍ഷത്തെ കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ബ്ളാറ്റര്‍ തീരുമാനിച്ചത്. 1999 മുതല്‍ ഐ.ഒ.സി അംഗമാണ് അദ്ദേഹം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.