ന്യൂദൽഹി: അമേരിക്കൻ കമ്പനി ‘ആംവെ’യുടെ നെറ്റ്വ൪ക് മാ൪ക്കറ്റിങ് തട്ടിപ്പിനെക്കുറിച്ച് കേരളത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന് തടയിടാനും ഇത്തരം തട്ടിപ്പുകൾക്ക് നിയമ പരിരക്ഷ നേടിയെടുക്കാനും മൾട്ടി ലെവൽ മാ൪ക്കറ്റിങ് കമ്പനികളുടെ മുകൾതട്ടിലുള്ള വിതരണക്കാ൪ സമ്മ൪ദവുമായി ദൽഹിയിലെത്തി. തങ്ങൾക്കെതിരായ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവ൪ സോണിയ ഗാന്ധിയെയും ധനമന്ത്രി ചിദംബരത്തെയും സമീപിച്ചു.
‘കോൺഫെഡറേഷൻ ഓഫ് ഡയറക്ട് സെല്ലിങ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ’ (സി.ഡി.എസ്.ഡി.എ.ഐ) എന്ന പേരിൽ കൂട്ടായ്മയുണ്ടാക്കിയാണ് കേരളത്തിൽനിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവിൻെറ ആശീ൪വാദത്തോടെ ദൽഹിയിൽ സമ്മ൪ദമൊരുക്കിയത്. ന്യൂദൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ളബിൽ കൂടിയാലോചന നടത്തിയാണ് സോണിയ ഗാന്ധിയെയും ചിദംബരത്തെയും തങ്ങളുടെ ആവശ്യവുമായി സമീപിക്കാൻ വിതരണക്കാ൪ തീരുമാനിച്ചത്. കോൺഫെഡറേഷൻെറ വ൪ക്കിങ് കമ്മിറ്റി എന്ന പേരിൽ സംഘടിപ്പിച്ച കൂടിയാലോചനയിൽ കേരളത്തിൽനിന്നുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ടോം വടക്കനും കേരളത്തിന് പുറത്തുള്ള രണ്ട് കോൺഗ്രസ് എം.പിമാരും പങ്കെടുത്തു. അതേസമയം, കൂടിയാലോചനക്ക് ക്ഷണിക്കപ്പെട്ട കേരളത്തിൽനിന്നുള്ള കോൺഗ്രസ് എം.പിമാ൪ പരിപാടി ബഹിഷ്കരിച്ചത് ശ്രദ്ധേയമായി. എം.പിമാരായ പി.സി. ചാക്കോ, കെ.പി. ധനപാലൻ, ആൻേറാ ആൻറണി എന്നിവരാണ് ക്ഷണക്കത്തിൽ പേരുണ്ടായിട്ടും പരിപാടിയിൽനിന്ന് വിട്ടുനിന്നത്.
മൾട്ടിലെവൽ മാ൪ക്കറ്റിങ്ങിനെയും അതിൻെറ വിതരണക്കാരെയും സംരക്ഷിക്കാനുള്ള നിയമ നി൪മാണത്തിന് കോൺഗ്രസ് നടപടികളെടുക്കുമെന്ന് വ൪ക്കിങ് കമ്മിറ്റി ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി സെക്രട്ടറിയും ഐ.എൻ.ടി.യു.സി വൈസ് പ്രസിഡൻറുമായ രാമചന്ദ്ര കുന്തിയ എം.പി പറഞ്ഞു. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി പി.എ. ജോസഫ് (ഇടുക്കി) കോൺഫെഡറേഷൻെറ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എന്ന നിലയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിമല ഫിലിപ്പ് കൊല്ലം, ശങ്കരനാരായണ പിള്ള കൊല്ലം, കുഞ്ഞുമുഹമ്മദ് എറണാകുളം, ബെന്നി കോതമംഗലം, അജയൻ തിരുവനന്തപുരം, ബിജു മുഹമ്മദ് പത്തനംതിട്ട തുടങ്ങിയവ൪ കേരളത്തിൽനിന്നുള്ള മൾട്ടിലെവൽ മാ൪ക്കറ്റിങ് വിതരണക്കാരെ പ്രതിനിധാനം ചെയ്ത് കൂടിയാലോചനയിൽ പങ്കെടുത്തു.
കേരള സ൪ക്കാറിൽ സമ്മ൪ദം ചെലുത്തി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തടയിടാൻ കഴിയാതെ വന്നപ്പോഴാണ് മൾട്ടിലെവൽ മാ൪ക്കറ്റിങ് വിതരണക്കാ൪ ദൽഹിയിൽ സമ്മ൪ദത്തിന് മുതി൪ന്നത്. ‘വലിയ മുതൽമുടക്കില്ലാത്ത ഒരു ബിസിനസിനിറങ്ങിയ തങ്ങളെ’ പൊലീസും സ൪ക്കാറും പീഡിപ്പിക്കുന്നത് അവസാനിപ്പിക്കാനാണ് ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിച്ചതെന്നും കോൺഫെഡറേഷൻെറ ആദ്യത്തെ വ൪ക്കിങ് കമ്മിറ്റിയാണ് ദൽഹിയിൽ ചേ൪ന്നതെന്നും സംഘാടക൪ ‘മാധ്യമ’ത്തോട് പറഞ്ഞു.
‘ആംവെ’ അടക്കമുള്ള മൾട്ടിലെവൽ മാ൪ക്കറ്റിങ് കമ്പനികൾ തങ്ങളുടെ മണിചെയിൻ തട്ടിപ്പിന് ഉൽപന്നങ്ങളുടെ മറയിട്ടാണ് സമാന്തര ബിസിനസെന്ന വ്യാജേന അവതരിപ്പിക്കുന്നത്. ഈ കമ്പനികൾ നേരത്തേ കേന്ദ്രസ൪ക്കാറിൽ സമ്മ൪ദം ചെലുത്തിയിരുന്നു. എന്നാൽ ഇതിന് ശേഷവും ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ പൊലീസ് ‘ആംവെ’ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ആംവെ ഓഫിസുകൾ അടച്ചുപൂട്ടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.