ലോറിയിലിടിച്ച് ടാങ്കറിലെ പെട്രോള്‍ ചോര്‍ന്നു; ദുരന്തമൊഴിഞ്ഞത് തലനാരിഴക്ക്

ആലപ്പുഴ: ചരക്കുലോറിക്ക് പിന്നിൽ ഇടിച്ച ടാങ്ക൪ ലോറിയിൽനിന്ന് ഒഴുകിപ്പരന്ന പെട്രോൾ ഒരു ദേശത്തെയൊട്ടാകെ മണിക്കൂറുകൾ മുൾമുനയിലാക്കി. തലനാരിഴയ്ക്ക് വൻദുരന്തം ഒഴിവായതിൻെറ ആശ്വാസത്തിലാണ് നാട്ടുകാരും രക്ഷാപ്രവ൪ത്തകരും.
ദേശീയ പാതയിൽ കലവൂരിനടുത്ത് ബ്ളോക്ക് ജങ്ഷന് 100 മീറ്റ൪ വടക്കുമാറിയാണ് ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ അപകടമുണ്ടായത്. കൊച്ചിയിൽനിന്ന് ഓച്ചിറയിലേക്ക് പോവുകയായിരുന്ന ടാങ്ക൪, നായ കുറുകെ ചാടിയതിനെ തുട൪ന്ന് സഡൻ ബ്രേക്കിട്ട ചരക്കു ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിൽ പരന്നൊഴുകിയ പെട്രോളിൻെറ രൂക്ഷഗന്ധം പരിസരത്തെങ്ങും നിറഞ്ഞു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയ൪ ഫോഴ്സും പൊലീസും ചേ൪ന്ന് ഗതാഗതം തടയുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. ടാങ്കറിൻെറ രണ്ട് അറകളിൽ ഡീസലും ഒരു അറയിൽ പെട്രോളുമാണ് ഉണ്ടായിരുന്നത്.
 ചാലയിലെ ടാങ്ക൪ ദുരന്തത്തിൻെറ ഭീതി മാഞ്ഞിട്ടില്ലാത്തതിനാൽ കരുതലോടെയായിരുന്നു നീക്കങ്ങൾ. വാഹനങ്ങൾ ഓടിച്ചുപോകാൻ യാത്രക്കാരെ അനുവദിച്ചില്ല. ഉടൻതന്നെ ഫയ൪ഫോഴ്സ് വെള്ളവും ഫോമും ചീറ്റിച്ച് റോഡിൽ ഒഴുകിപ്പരന്ന പെട്രോൾ നി൪വീര്യമാക്കി. പിന്നീട് ടാങ്ക൪ ലോറി സ്റ്റാ൪ട്ടാക്കാതെ തള്ളി കുറച്ചകലെയുള്ള ആളൊഴിഞ്ഞ പട്ടാള മൈതാനിയിൽ കൊണ്ടിട്ടു. തള്ളിക്കൊണ്ടുപോകുന്ന വഴിയിൽ റോഡിലുടനീളം പെട്രോൾ ഒഴുകിപ്പരന്നു. ഒരു ചെറിയ തീപ്പൊരിയുണ്ടായിരുന്നുവെങ്കിൽ സംഭവ സ്ഥലത്ത് അഗ്നി പ്രളയമുണ്ടാവാൻ സാധ്യത കൂടുതലായിരുന്നു. ഇത് മുന്നിൽ കണ്ടാണ് പൊലീസ് അതുവഴി വന്ന വാഹനങ്ങൾ ഓഫ് ചെയ്യാൻ നി൪ദേശം നൽകിയത്.
ചോ൪ച്ചയുള്ള വാൽവ് അടച്ചശേഷം വടംകൊണ്ട് കെട്ടി ആളുകളെ അകറ്റി. വൈകുന്നേരത്തോടെ കൊച്ചിയിൽനിന്നെത്തിയ മറ്റൊരു ടാങ്കറിലേക്ക് ഇന്ധനം മാറ്റി. ഇതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇടിയുടെ ആഘാതത്തിൽ കെ.എൽ. 02 എസ്. 5542 ടാങ്ക൪ ലോറിയുടെ ഡ്രൈവ൪ ഓച്ചിറ സ്വദേശി ഗോപാല കൃഷ്ണന് (66) കാലിന് പരിക്കേറ്റു. ഓച്ചിറയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം വ്യാപാരി നസീറിൻെറ ഉടമസ്ഥതയിലുള്ളതാണ് ഈ ടാങ്ക൪. തോട്ടിലേക്ക് ചരിഞ്ഞ കെ.എൽ. 13 എഫ് - 2322 രാജധാനി ചരക്കു ലോറിയുടെ ഡ്രൈവ൪ക്കും ക്ളീന൪ക്കും നിസ്സാര പരിക്കുണ്ട്.
ചേ൪ത്തലയിൽനിന്ന് മൂന്നും ആലപ്പുഴയിൽനിന്ന് ഒന്നും ഫയ൪ യൂനിറ്റ് എത്തിയാണ് രക്ഷാപ്രവ൪ത്തനം നടത്തിയത്. തൊട്ടടുത്ത സ്റ്റേഷനുകളിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥരും സംഘവും സ്ഥലത്തുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ ജില്ലാ പൊലീസ് സൂപ്രണ്ട് കെ.ജി. ജെയിംസ് ആവശ്യമായ നി൪ദേശങ്ങൾ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.