ബംഗളൂരു: പത്രപ്രവ൪ത്തകരുൾപ്പെടെ സംസ്ഥാനത്തെ ഉന്നത വ്യക്തികളെ ആക്രമിക്കാൻ പദ്ധതിയിട്ടെന്നാരോപിച്ച് മുസ്ലിം യുവാക്കളെ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ബംഗളൂരു ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ബംഗളൂരു ഗൗരിപാളയം സ്വദേശി അൽതാഫ് അഹമ്മദിൻെറ മകൻ സയ്യിദ് തൻസീം (23) ആണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. ശിവാജി നഗറിനു സമീപം ബാംബു ബസാറിൽ ഫ൪ണിച്ച൪ കടയിൽ സെയിൽസ്മാനാണ് തൻസീം. ശനിയാഴ്ച രാവിലെ വീട്ടിൽനിന്നാണ് ഇയാളെ പൊലീസ് കൊണ്ടുപോയത്. എന്നാൽ, ഞായറാഴ്ചയാണ് അറസ്റ്റു രേഖപ്പെടുത്തിയത്. നിയമവിരുദ്ധമായാണ് മകനെ പൊലീസ് കൊണ്ടുപോയതെന്ന് കാണിച്ച് ചീഫ് ജസ്റ്റിസിന് തൻസീമിൻെറ രക്ഷിതാക്കൾ ടെലിഗ്രാം അയച്ചതോടെയാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് അറസ്റ്റുചെയ്ത വിവരം പൊലീസ് രക്ഷിതാക്കളെ അറിയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ ഇനിയും പിടികൂടാനുള്ളതായി പൊലീസ് പറയുന്നു. എന്നാൽ, ഈ പട്ടികയിലില്ലാത്തയാളാണ് തൻസീം. ഇയാൾക്കെതിരെയുള്ള കുറ്റമെന്തെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ തിങ്കളാഴ്ച രാത്രി വൈകി മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് സാധ്യതയെന്ന് കേസ് കൈകാര്യം ചെയ്യുന്ന മുതി൪ന്ന അഭിഭാഷകൻ അക്മൽ റസ്വി പറഞ്ഞു.
ഫസീഹിനെ ചോദ്യംചെയ്യാൻ ഹൈദരാബാദ് പൊലീസും
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബോംബ് സ്ഫോടനം നടത്തിയ കേസുമായി ബന്ധപ്പെട്ട് ക൪ണാടക പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ഫസീഹ് മുഹമ്മദിനെ ചോദ്യം ചെയ്യാൻ ആന്ധ്ര പൊലീസും ഇൻറലിജൻസ് ഉദ്യോഗസ്ഥരും ബംഗളൂരുവിൽ. ഐ.ബി ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിനു ശേഷമായിരിക്കും ഹൈദരാബാദ് പൊലീസ് ഫസീഹിൽനിന്ന് മൊഴിയെടുക്കുക. ഇതിനു ശേഷമേ ബംഗളൂരു ക്രൈംബ്രാഞ്ച് ഫസീഹിനെ ചോദ്യം ചെയ്യൂ.
ബട്കലിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽനിന്ന് 2006ലാണ് ഫസീഹ് എൻജിനീയറിങ് ബിരുദം നേടുന്നത്. പിന്നീട് സൗദി അറേബ്യയിലെ റിയാദിൽ ജോലിയിൽ പ്രവേശിച്ചു. ബട്കലിൽ വെച്ച് യാസീൻ ബട്കലുമായി കണ്ടുമുട്ടിയതോടെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബോംബു വെക്കുന്നതുൾപ്പെടെയുള്ള തീവ്രവാദ പ്രവ൪ത്തനങ്ങൾക്ക് തുടക്കമിട്ടതെന്നാണ് പൊലീസ് പറയുന്നത്. സൗദിയിലും ഇരുവരും ഒന്നിച്ചുണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥ൪ പറയുന്നു. കേസിൽ ഫസീഹ് ഉൾപ്പെടെ പിടിയിലായവരെല്ലാം ബിഹാറിലെ ദ൪ബംഗ സ്വദേശികളാണ്. ഇവരെ ചോദ്യം ചെയ്തതോടെയാണ് ഫസീഹിന് സംഭവത്തിലുള്ള പങ്ക് വെളിപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.