‘നിലം’: മരണം 26; നാല് നാവികരുടെ മൃതദേഹം കണ്ടെത്തി

ചെന്നൈ: ‘നിലം’ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 26 ആയി. ചെന്നൈ തീരത്ത് കരയിൽത്തട്ടിയ എണ്ണക്കപ്പൽ ‘പ്രതിഭ കാവേരി’യിൽനിന്ന് രക്ഷപ്പെടുന്നതിനിടെ കടലിൽ കാണാതായ അഞ്ചു നാവികരിൽ നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണിത്. തമിഴ്നാട്ടിൽ 15 പേരും ആന്ധ്രയിൽ ഏഴുപേരും പുതുച്ചേരിയിൽ ഒരാളുമാണ് ചുഴലിക്കാറ്റിൽ മരിച്ചത്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപം ‘നിലം’ ചുഴലിക്കാറ്റിൽപെട്ട് മുങ്ങിയ വിയറ്റ്നാമീസ് ചരക്കുകപ്പലിലെ മൂന്ന് നാവികരും മരിച്ചിരുന്നു.
കാസ൪കോട് ജില്ലയിലെ ഉദുമ പുതിയപുരയിൽ കൃഷ്ണചന്ദ്രൻ (22), പെ൪ളത്തടുക കുഴിവേലിൽ വീട്ടിൽ ജോമോൻ ജോസഫ് (24), മുംബൈ സ്വദേശി രാജ് രമേഷ് കമിദ്ക൪, ബെൽഗാം സ്വദേശി ജാദവ് റുഷബ്, തമിഴ്നാട്ടിലെ ആ൪ക്കോണം സ്വദേശി നിരഞ്ജൻ കെ. കോദണ്ഡപാണി എന്നിവരെയാണ് ചുഴലിക്കാറ്റിൽ കരയിൽ തട്ടിയ എണ്ണക്കപ്പൽ ‘പ്രതിഭ കാവേരി’യിൽനിന്ന് രക്ഷപ്പെടുന്നതിനിടെ ബോട്ട് മറിഞ്ഞ് ബുധനാഴ്ച കടലിൽ കാണാതായത്. കേന്ദ്രമന്ത്രി ശരദ് പവാറിൻെറ കുടുംബത്തിൻെറ ഉടമസ്ഥതയിലുള്ള മുംബൈയിലെ പ്രതിഭ ഷിപ്പിങ് കമ്പനിയുടേതാണ് അപകടത്തിൽപെട്ട എണ്ണക്കപ്പൽ. ശരദ് പവാറിൻെറ അടുത്തബന്ധു സുനിൽ പവാറിൻെറ പേരിലാണ് കപ്പലിൻെറ രജിസ്ട്രേഷൻ.
അഴുകിയ നിലയിൽ കണ്ടെ ത്തിയ മൃതദേഹങ്ങളിൽ മൂന്നുപേരെ തിരിച്ചറിഞ്ഞു. രാജ് രമേഷ് കമിദ്ക൪, ജാദവ് റുഷബ്, നിരഞ്ജൻ കെ. കോദണ്ഡപാണി എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. രണ്ടു മലയാളികളെയാണ് ഇനി കണ്ടെത്താനുള്ളത്. പൊന്നേരി ഗവ. ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ച നാലാമത്തെ മൃതദേഹം ജോമോൻ ജോസഫിൻേറതല്ലെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

കപ്പൽ നീക്കുന്നത് ഹൈകോടതി തടഞ്ഞു

ചെന്നൈ: ‘നിലം’ ചുഴലിക്കാറ്റിൽ കരയിൽ തട്ടിയ എണ്ണക്കപ്പൽ ‘പ്രതിഭ കാവേരി’ നീക്കം ചെയ്യുന്നത് മദ്രാസ് ഹൈകോടതി ഇടക്കാല ഉത്തരവിൽ തടഞ്ഞു. മരിച്ച കപ്പൽ ജീവനക്കാരൻ തമിഴ്നാട്ടിലെ വിഴുപ്പുറം സ്വദേശി ആനന്ദ് മോഹൻദാസിൻെറ സഹോദരൻ ശങ്കരനാരായണൻ നൽകിയ ഹരജിയിൽ ജഡ്ജി ജസ്റ്റിസ് പോൾ വസന്തകുമാറിൻേറതാണ് ഉത്തരവ്.കപ്പൽ കരയിൽ തട്ടിയതു സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും മരിച്ച നാവികരുടെ ആശ്രിത൪ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.
അപകടത്തിൽപെട്ട കപ്പൽ കാലഹരണപ്പെട്ടതാണെന്നും ഇതിലെ ജീവനക്കാ൪ക്ക് അഞ്ചു മാസമായി വേതനം നൽകിയില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 80 ദിവസമായി കപ്പൽ ജീവനക്കാ൪ക്ക് ആവശ്യമായ ഭക്ഷണമോ കുടിവെള്ളമോ നൽകിയിരുന്നില്ലത്രെ.
ഹരജിയിൽ വിശദീകരണം നൽകാൻ കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾക്കും കപ്പൽ കമ്പനി, ചെന്നൈ സിറ്റി പൊലീസ് കമീഷണ൪ എന്നിവ൪ക്കും നോട്ടീസയക്കുന്നതിന് ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് നവംബ൪ ഏഴിന് പരിഗണിക്കാൻ മാറ്റി.
അതിനിടെ, പ്രതിഭ കാവേരിയുടെ ക്യാപ്റ്റൻ ഗോവ സ്വദേശി കാൾ ഫെ൪ണാണ്ടോയെ ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തു. സിറ്റി പൊലീസ് കമീഷണ൪ ഓഫിസിൽ ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. അഞ്ചു മാസമായി ജീവനക്കാ൪ക്ക് വേതനം കിട്ടിയില്ലെന്നും ഒരു മാസമായി ചെന്നൈ തുറമുഖത്തിനടുത്ത് നി൪ത്തിയിട്ട കപ്പലിലെ ജീവനക്കാ൪ക്ക് രണ്ടു നേരം മാത്രമാണ് ഭക്ഷണം കിട്ടിയിരുന്നതെന്നും ഇയാൾ മൊഴി നൽകി. കപ്പൽ കമ്പനിക്കും ചെന്നൈയിലെ ഏജൻറിനുമെതിരെ നടപടി വേണമെന്നും ക്യാപ്റ്റൻ പൊലീസിനോട് ആവശ്യപ്പെട്ടു.കേന്ദ്രമന്ത്രി ശരദ് പവാറിൻെറ കുടുംബ വകയായ ‘പ്രതിഭ കാവേരി’ ഡീകമീഷൻ ചെയ്യേണ്ട സമയം പിന്നിട്ടിട്ടും അത്യാവശ്യ അറ്റകുറ്റപ്പണികൾപോലും നടത്താതെയാണ് സ൪വീസ് നടത്തിയിരുന്നതെന്ന് രക്ഷപ്പെട്ട ജീവനക്കാ൪ പറഞ്ഞു. അനുമതിയില്ലാതെ സ൪വീസ് നടത്തിയ കപ്പൽ പലതവണ അധികൃതരുടെ പിടിയിലായെങ്കിലും അധികാരസ്വാധീനം ഉപയോഗിച്ച് മോചിപ്പിക്കുകയായിരുന്നു. കാലാവധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ വിശാഖപട്ടണം തുറമുഖത്തും അധികൃത൪ കപ്പൽ തടഞ്ഞുവെച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.