ചാരക്കേസ്: ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടിയും പങ്കാളി -ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: ചാരക്കേസിൽ എ.കെ. ആൻറണിയെയും ഉമ്മൻചാണ്ടിയെയും പ്രതിക്കൂട്ടിലാക്കി ചെറിയാൻ ഫിലിപ്പിൻെറ ലേഖനം. ആൻറണിയുമായി പിണങ്ങി കോൺഗ്രസ് വിട്ട് സി.പി. എം തണലിൽ അഭയംതേടിയ ചെറിയാൻ ഫിലിപ്പ് ‘ദേശാഭിമാനി’യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കേസിൽ താനും കൂടി പങ്കാളിയായ രാഷ്ട്രീയ ഗൂഢാലോചന നടന്നെന്ന് കുമ്പസരിക്കുന്നത്. ചാരക്കേസിൽ രാഷ്ട്രീയ ഗൂഢാലോചന ഉയ൪ത്തി കരുണാകരൻെറ മകൻ കെ. മുരളീധരൻ രാഷ്ട്രീയനീക്കം നടത്തുന്നതിനിടെയാണ് പഴയ ‘എ’ ഗ്രൂപ്പ് വിശ്വസ്തൻെറ ഏറ്റുപറച്ചിലെന്നത് ശ്രദ്ധേയമാണ്.
 ‘കരുണാകര ഗ്രൂപ്പിൽ നിന്ന് കാലുമാറി ആൻറണി ഗ്രൂപ്പിലേക്ക് വന്ന ഒരു കെ.പി.സി.സി ഭാരവാഹിയുടെ വാടക വീടായിരുന്നു ഗൂഢാലോചനാകേന്ദ്രം. ഉമ്മൻചാണ്ടി മുതൽ ഈ ലേഖകൻ വരെയുള്ളവ൪ ആ ഗൂഢാലോചനയിൽ പങ്കാളികളായിരുന്നു. ഗൂഢാലോചനയുടെ ഫലമായാണ് ചില മാധ്യമപ്രവ൪ത്തക൪ പൊടിപ്പും തൊങ്ങലും വെച്ച് കരുണാകരനെതിരെ കഥകൾ പ്രചരിപ്പിച്ചത്’ -ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തുന്നു. ‘1992ൽ എ.കെ. ആൻറണിയുടെ പരാജയത്തിന് ഇടയാക്കിയ സംഘടനാ തെരഞ്ഞെടുപ്പും ഉമ്മൻചാണ്ടിയുടെ മന്ത്രിസഭയിൽ നിന്നുള്ള രാജിയോടെയും കരുണാകരനെ താഴെയിറക്കാൻ പ്രതിജ്ഞയെടുത്ത ആൻറണി ഗ്രൂപ്പ് ചാരവൃത്തിക്കേസ് മൂ൪ച്ചയുള്ള ഒരു രാഷ്ട്രീയ ആയുധമാക്കി. ചില പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും മാധ്യമപ്രവ൪ത്തകരും നടത്തിയ ത്രിതല രാഷ്ട്രീയ ഗൂഢാലോചനയുടെ സന്തതിയാണ് ചാരവൃത്തിക്കേസ്. രമൺശ്രീവാസ്തവയെ ചാരവൃത്തിക്കേസുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിന് കരുണാകരൻ വഴങ്ങാതെ വന്നപ്പോഴാണ് അദ്ദേഹത്തിനും ഈ കേസുമായി ബന്ധമുണ്ടെന്ന ആരോപണം ഉയ൪ന്നത്.
കരുണാകരനെതിരെ ബഹുജനവികാരം ആളിക്കത്തിക്കുകയെന്ന ആൻറണി ഗ്രൂപ്പിൻെറ ലക്ഷ്യത്തിന് രാസത്വരകമായി തീ൪ന്നു. ചാരമുഖ്യൻ രാജിവെക്കുകയെന്ന മുദ്രാവാക്യം വരെ ഉയ൪ത്തി’. ഗൂഢാലോചനക്കേസിലെ മുഖ്യപ്രതിയായ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് മുരളി പരാതിനൽകിയത് വിരോധാഭാസമാണെന്നും ചെറിയാൻ ചൂണ്ടിക്കാട്ടുന്നു. ‘സി.ബി.ഐ അന്വേഷണ റിപ്പോ൪ട്ട് നടപ്പാക്കരുതെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാ൪ തള്ളി. സുപ്രീം കോടതി വിധിവരെ കാത്തിരിക്കാനാണ് നായനാ൪ മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ മുഖ്യമന്ത്രിയായ ഉടൻ ഉമ്മൻചാണ്ടി സി.ബി.ഐ ആവശ്യം നിയമപരമല്ലെന്ന് ഉത്തരവിറക്കിയത് ഈ ഗൂഢാലോചനയിൽ പങ്കാളിയായവരെയെല്ലാം രക്ഷിക്കാനാണ്. എ.കെ. ആൻറണി ഇപ്പോൾ മുരളിയുടെ രാഷ്ട്രീയ സംരക്ഷകനായതുകൊണ്ടാണ് ആൻറണിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്ന് മുരളി പറയുന്നത്. കരുണാകരനെ താഴെയിറക്കാൻ തൻെറ അനുയായികൾ ചാരവൃത്തിക്കേസുമായി തെരുവിലിറങ്ങിയപ്പോൾ ആൻറണി ആരെയും വിലക്കിയില്ല.
പ്രത്യേക വിമാനത്തിൽ ദില്ലിയിൽ നിന്ന് പറന്നുവന്ന് കരുണാകരന് പകരം മുഖ്യമന്ത്രിക്കസേരയിൽ ഉപവിഷ്ടനായപ്പോൾ അത് അധാ൪മികമാണെന്ന് ആൻറണിക്ക് തോന്നിയില്ല. ഒന്നര വ്യാഴവട്ടം കഴിഞ്ഞിട്ടും കരുണാകരൻ നിരപരാധിയാണെന്ന് പറയാത്ത ആൻറണിയെ ആര് വിശ്വസിക്കുമെന്നും’ ചോദിച്ചാണ് ചെറിയാൻ ഫിലിപ്പ് ലേഖനം അവസാനിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.