ചെന്നൈ: സ്വാമി നിത്യാനന്ദയെ മധുര ആധീനം മഠത്തിൻെറ ഇളയ മഠാധിപതി സ്ഥാനത്തുനിന്ന് പുറത്താക്കി. മഠാധിപതി അരുണഗിരിനാഥൻ വെള്ളിയാഴ്ച വൈകീട്ട് ഇക്കാര്യം രേഖാമൂലം മധുര വിളക്കുത്തൂൺ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. മഠത്തിൽ തമ്പടിച്ചിരിക്കുന്ന നിത്യാനന്ദയുടെ ശിഷ്യന്മാരിൽനിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും അതിനാൽ പൊലീസ് സംരക്ഷണം വേണമെന്നും അരുണഗിരിനാഥൻ ആവശ്യപ്പെട്ടു. ഇതേതുട൪ന്ന് മഠത്തിലേക്ക് വൻ പൊലീസ് സംഘം എത്തിയതിനാൽ നിത്യാനന്ദയുടെ 13 ശിഷ്യ൪ വെള്ളിയാഴ്ച രാത്രി മഠത്തിൽനിന്ന് ഒഴിഞ്ഞുപോയി. ഇവരിൽ സ്ത്രീകളും ഉൾപ്പെടും.
കഴിഞ്ഞ ഏപ്രിലിലാണ് സ്വാമി നിത്യാനന്ദ ചരിത്രപ്രസിദ്ധമായ മധുര ആധീനം മഠത്തിൻെറ ഇളയ മഠാധിപതിയായി ചുമതലയേറ്റത്. 2000 കോടിയിലേറെ രൂപ വിലവരുന്ന ആധീനം മഠത്തിൻെറ സ്വത്തുക്കൾ അപഹരിക്കാൻ മഠാധിപതി അരുണഗിരിനാഥനെ അവിഹിതമായി സ്വാധീനിച്ചാണ് നിത്യാനന്ദ ഇളയ മഠാധിപതിസ്ഥാനം കൈക്കലാക്കിയതെന്ന് ആരോപിച്ച് ഹൈന്ദവസംഘടനകൾ പ്രക്ഷോഭം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.