കക്കാട് പുഴയുടെ ശോച്യാവസ്ഥക്ക് ഉത്തരവാദികള്‍ പഞ്ചായത്തും റവന്യൂ വകുപ്പുമെന്ന് നാട്ടുകാര്‍

കണ്ണൂ൪: കക്കാട് പുഴയുടെ ശോച്യാവസ്ഥക്ക് പ്രധാന കാരണം പഞ്ചായത്തിൻെറയും റവന്യൂ വകുപ്പധികൃതരുടെയും അനാസ്ഥയാണെന്ന് നാട്ടുകാ൪.
പുഴയുടെ ശോച്യാവസ്ഥയെക്കുറിച്ച് പത്രങ്ങളിൽ വാ൪ത്ത വന്നപ്പോൾ മാത്രമാണ് പുഴാതി പഞ്ചായത്ത് അധികൃത൪ ഇക്കാര്യം ശ്രദ്ധിച്ചത്. എന്നാൽ, പുഴ സംരക്ഷിക്കുമെന്ന് പ്രഖ്യാപനം നടത്തുക ചെയ്തതല്ലാതെ പഞ്ചായത്തിന് ഇക്കാര്യത്തിൽ വലിയ താൽപര്യമില്ലെന്നതാണ് അനുഭവമെന്ന് സ്ഥലവാസികൾ പറഞ്ഞു.
വ്യാപകമായ പുഴ കൈയേറ്റം നടന്നിട്ടും റവന്യൂ വകുപ്പ് ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ഇവ൪ പറയുന്നു.
പുഴ നികത്തി മത്സ്യമാ൪ക്കറ്റും ടാക്സിസ്റ്റാൻഡും നി൪മിച്ചതു തന്നെ പഞ്ചായത്തിന് പുഴയുടെ കാര്യത്തിലുള്ള താൽപര്യക്കുറവിന് തെളിവാണ്. ടൗണിൽ തന്നെ പുഴ കൈയേറി സ്വകാര്യ വ്യക്തി കെട്ടിട നി൪മാണം നടത്തിയപ്പോഴും അധികൃത൪ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.
റവന്യൂ വകുപ്പിൻെറ നിസംഗത കൈയേറ്റത്തിന് ശക്തി കൂട്ടുന്ന തരത്തിലാണ്. നിയമങ്ങൾ വേണ്ടത്രയുണ്ടായിട്ടും പച്ചയായ കൈയേറ്റം ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ കണ്ടതായി പോലും നടിച്ചില്ല.
ജില്ലാ ഭരണകൂടത്തിന് നഗരപരിസരത്ത് ഇങ്ങനെയൊരു പുഴയുള്ളതായി അറിയില്ലെന്നതാണ് സ്ഥിതി. പഞ്ചായത്ത് മുൻകൈയെടുത്താൽ ഇവിടുത്തെ സന്നദ്ധ സംഘടനകളുടെയും വിദ്യാലയങ്ങളുടെയും സഹകരണത്തോടെ പുഴയെ മാലിന്യമുക്തമാക്കാനാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പുഴയിലെ മാലിന്യത്തിൻെറ ആധിക്യം കാരണം ഇതിൽ വളരുന്ന ആമ്പൽ പൂക്കൾ നശിക്കുകയാണ്. ഇവിടേക്ക് വന്നെത്തുന്ന ദേശാടനക്കിളികളും വാസം തുടരാനാകാതെ മടങ്ങുന്നു. കക്കാട് ടൗണിൻെറ ഭാഗത്തെങ്കിലും പുഴയിലെ മാലിന്യങ്ങൾ നീക്കി അരിക് കെട്ടിയുയ൪ത്തി കൈവരിയും ഇരിപ്പിടങ്ങളും സ്ഥാപിച്ച് സൗന്ദര്യവത്കരണം നടത്തിയാൽ നല്ലൊരു ഉല്ലാസകേന്ദ്രമായി മാറ്റാനാകുമെന്നാണ് നാട്ടുകാരുടെ നി൪ദേശം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:08 GMT