കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഷെഡ്യൂള്‍ മുടക്കം പതിവാകുന്നു

കണ്ണൂ൪: ജില്ലയിലെ പൊതുഗതാഗത സംവിധാനത്തെ അപകടത്തിലാഴ്ത്തി കണ്ണൂ൪ കെ.എസ്.ആ൪.ടി.സി ഡിപ്പോയിൽ ഷെഡ്യൂളുകൾ പതിവായി മുടങ്ങുന്നു. ഇന്നലെ മാത്രം 18 സ൪വീസുകളാണ് മുടങ്ങിയത്. ഏറ്റവും വരുമാനമുണ്ടായിരുന്ന ഡിപ്പോകളിൽ ഒന്നായിരുന്നു കണ്ണൂരിലേത്. ട്രിപ്പുമുടക്കം പതിവായതോടെ നഷ്ടത്തിലേക്ക് പതിക്കുകയാണ്. ആവശ്യമായ ഡ്രൈവ൪മാരും ബസുകളുമില്ലാത്തതാണ് ഷെഡ്യൂൾ മുടങ്ങുന്നതിനു പ്രധാന കാരണം. മുന്നൂറോളം ഡ്രൈവ൪മാ൪ വേണ്ട കണ്ണൂ൪ ഡിപ്പോയിൽ 211 പേ൪ മാത്രമാണ് ഇപ്പോഴുള്ളത്. ഡ്രൈവിങ് പരിശീലന പരിപാടി നടക്കുന്നതിനാൽ സ്ഥിരമായി എട്ട് ഡ്രൈവ൪മാരെങ്കിലും ഇതിൽ പങ്കെടുക്കുന്നതിനായും വിട്ടുനിൽക്കാറുണ്ട്. ബസുകളില്ലാത്തതിനാൽ കണ്ണൂരിൽനിന്ന് ദിവസേന കുറഞ്ഞത് എട്ടു സ൪വീസെങ്കിലും ഒഴിവാക്കാറുണ്ട്. ഇതിനു പുറമെയാണ് ഡ്രൈവ൪മാരുടെ ക്ഷാമം കാരണം സ൪വീസുകൾ മുടങ്ങുന്നത്.
കാലപ്പഴക്കം മൂലം കട്ടപ്പുറത്തു കയറ്റേണ്ട ബസുകളുമായിട്ടാണ് കണ്ണൂ൪ ഡിപ്പോയിൽനിന്നുള്ള പല സ൪വീസുകളും. മലയോര മേഖലയിലായാലും  അന്യസംസ്ഥാനങ്ങളിലേക്കുള്ള സ൪വീസുകളായാലും ഓടിത്തള൪ന്ന ബസുകൾ മാത്രമാണുള്ളത്. ഇതുകൊണ്ടുവേണം അത്യാധുനിക സംവിധാനങ്ങളോടെയുള്ള സ്വകാര്യ ബസുകളുമായി മത്സരിക്കാൻ. ബസുകളുടെ കാലപ്പഴക്കം കാരണം നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനും മറ്റും ഡ്രൈവ൪മാ൪ക്ക് അത്യധ്വാനം ചെയ്യേണ്ടി വരുന്നുണ്ട്. കൃത്യ നിഷ്ഠതയോടെ സ൪വീസ് നടത്തുന്ന കെ.എസ്.ആ൪.ടി.സിയെ കാത്തു നിൽക്കുന്ന യാത്രക്കാരുടെ എണ്ണം കൂടുതലായതിനാലായിരുന്നു നഷ്ടങ്ങളില്ലാതെ സ൪വീസുകൾ മുന്നോട്ടു പോയിരുന്നത്. എന്നാൽ, ട്രിപ്പുമുടങ്ങൽ പതിവായതോടെ ഈ വിശ്വാസ്യതക്കും മങ്ങലേറ്റിരിക്കുകയാണ്.
  മറ്റു ബസുകളും സമാന്തര സ൪വീസുകളുമില്ലാതെ, കെ.എസ്.ആ൪.ടി.സിയെ മാത്രം ആശ്രയിക്കുന്ന പ്രദേശങ്ങളിലേക്കുള്ള ഷെഡ്യൂളുകളും  മുടങ്ങുന്നുണ്ട്. കുടിയാന്മല, ആലക്കോട് തുടങ്ങിയിടങ്ങളിലേക്ക് കെ.എസ്.ആ൪.ടി.സി മാത്രമാണ് ആശ്രയം. എന്നാൽ, പല ദിവസങ്ങൾ കൂടുമ്പോഴാണ് ഇവിടേക്ക് ബസുകൾ സ൪വീസ് നടത്തുന്നത്. രാത്രി ട്രിപ്പ് പോയി പുല൪ച്ചെ പലയിടങ്ങളിൽ നിന്നും ആദ്യ ട്രിപ്പായി തിരികെയെത്തേണ്ട ബസുകളും പതിവായി മുടങ്ങുന്നു. ഡ്രൈവ൪മാരും ബസുകളും ആവശ്യത്തിനില്ലാതെ പൂതിയ റൂട്ടുകളിൽ ധാരാളം സ൪വീസ് തുടങ്ങുന്നതിനുള്ള സമ്മ൪ദവും ഡിപ്പോക്ക് അധികഭാരമാകുന്നു. വലിയ അത്യാവശ്യമില്ലാത്ത റൂട്ടുകളിൽപോലും ബസുകൾ അനുവദിക്കുന്നതിന് സ്ഥലം എം.എൽ.എമാരുടെയും മറ്റും സമ്മ൪ദമുണ്ട്. മന്ത്രി തലങ്ങളിലും മറ്റും ബന്ധപ്പെട്ട് ഇവ൪ റൂട്ട് അനുവദിച്ചെടുക്കന്നുണ്ടെങ്കിലും മറ്റു സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് തിരിഞ്ഞു നോക്കുക പോലും ചെയ്യാറില്ലെന്നാണ് ആരോപണം. ആവശ്യത്തിന് ടയറുകൾ പോലും എത്താത്തിനാൽ ഡിപ്പോയിൽ നിന്ന് പല വണ്ടികളും സ൪വീസ് നടത്താൻ പറ്റാത്ത അവസ്ഥയിലാണ്. ജീവനക്കാ൪ തന്നെ പല തവണ പരാതിയും നിവേദനങ്ങളും നൽകിയിട്ടും ഇതിനു പരിഹാരമുണ്ടായിട്ടില്ല. 111 സ൪വീസുകൾ ദിനം പ്രതി നടക്കേണ്ട കണ്ണൂ൪ ഡിപ്പോയിൽ ദിവസം കഴിയുന്തോറും അവയുടെ എണ്ണം കുറഞ്ഞു വരുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.