ദോഹ: ഖത്തറിലെ പ്രധാന ടൂറിസം കേന്ദ്രമായ ഓൾഡ് ദോഹ പോർട്ടിൽ ഈ വർഷം എത്തിയത് റെക്കോഡ് സന്ദർശകർ. 70 ലക്ഷം സന്ദർശകരെയാണ് ഈ വർഷം വരവേറ്റത്. രാജ്യത്തെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് ഓൾഡ് ദോഹ പോർട്ട്. ക്രൂസ് കപ്പലുകളുടെ എണ്ണത്തിലും ആഡംബര യോട്ടുകളുടെ വരവിലും വർധനയുണ്ടായി.
ഈ സീസണിൽ 87 ക്രൂസ് കപ്പലുകളിലായി നാല് ലക്ഷത്തോളം അന്താരാഷ്ട്ര സന്ദർശകരാണ് എത്തിയത്. നിരവധി പ്രധാന അടിസ്ഥാന സൗകര്യങ്ങളും സേവന വികസനങ്ങളും ഈ വർഷം പോർട്ടിൽ നടപ്പാക്കിരുന്നു. ശീതീകരിച്ച ഒട്ട്ഡോർ നടപ്പാത, വിപുലീകരിച്ച യാച്ചിങ്, മറീന, മിനാകോം സർവിസ്, ജലഗതാഗത സേവനം എന്നിവയെല്ലാം പോർട്ടിന്റെ സൗകര്യങ്ങൾ വർധിപ്പിച്ചു. ഇത് സന്ദർശകരെ കൂടുതലായി ആകർഷിക്കാനിടയാക്കി. രാജ്യത്തെ പ്രധാന സമുദ്ര കവാടമെന്ന നിലയിൽ പോർട്ടിന്റെ പ്രാധാന്യം വർധിപ്പിച്ചു.
അതേസമയം, ടൂറിസം നവീകരണപ്രവൃത്തികളുടെ ഭാഗമായി കഴിഞ്ഞ ജൂണിൽ ഓൾഡ് ദോഹ പോർട്ടിനെ കൂളാക്കാൻ ഓപൺ എയർ കൂളിങ് സിസ്റ്റം നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ഓൾഡ് പോർട്ട് മിന ഡിസ്ട്രിക്റ്റിലെ നടപ്പാതയിലും വാട്ടർഫ്രണ്ടിലുമായി നടന്നുനീങ്ങുന്നവർക്ക് ഏത് ചൂടുകാലത്തും ആശ്വാസത്തിന്റെ തണുപ്പ് പകർന്നാണ് പുതിയ ഓപൺ എയർ ശീതീകരണ സംവിധാനം ഒരുക്കിയത്. അടുത്ത വേനൽക്കാലത്ത് പൂർണതോതിൽ ഇത് പ്രവർത്തനക്ഷമമാകും. ഖത്തറിലെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമെന്നനിലയിലും ക്രൂസ് വിനോദ സഞ്ചാരികളെ വരവേൽക്കുന്ന തുറമുഖമെന്നനിലയിലും ഏറെ ശ്രദ്ധേയമാണ് ഈ വികസന പദ്ധതി.
ടൂറിസം മേഖലയുടെ വളർച്ചക്കും സമുദ്ര ടൂറിസം വികസനത്തിനുമുള്ള ഖത്തറിന്റെ ദേശീയ കാഴ്ചപ്പാടിനനുസൃതമായാണ് ഈ വളർച്ചയുണ്ടായത്. പ്രമുഖ സമുദ്ര ടൂറിസം കേന്ദ്രമെന്ന നിലയിൽ ഓൾഡ് ദോഹ പോർട്ടിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണിത്. ഖത്തറിലേക്കുള്ള സമുദ്ര പ്രവേശന നടപടികൾ എളുപ്പമാക്കുന്നതിനായി ആരംഭിച്ച ‘മിനാകോം’ സർവിസ്, തിരക്കേറിയ സമയങ്ങളിൽ യാത്ര സുഗമമാക്കാൻ ഏർപ്പെടുത്തിയ ജലഗതാഗത സേവനം, മറീന വികസിപ്പിക്കുകയും യാച്ചുകൾക്ക് കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കുകയുംചെയ്ത വികസന പ്രവൃത്തികൾ, കൂടാതെ പൊതുശൗചാലയങ്ങൾ, പ്രാർത്ഥന മുറികൾ, നടപ്പാതകൾ എന്നിവയുടെ നവീകരണവും ലോകത്തെ മികച്ച സമുദ്ര വിനോദസഞ്ചാര കേന്ദ്രമായി ഓൾഡ് ദോഹ പോർട്ടിനെ മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചെന്ന് സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള പങ്കാളിത്തങ്ങളിലൂടെയും മികച്ച സേവനങ്ങളിലൂടെയും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് പോർട്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.