ന്യൂദൽഹി: തനിക്കെതിരെയുള്ള ആരോപണങ്ങൾ ഒന്നുപോലും നിലനിൽക്കുന്നതല്ലെന്ന് ബി.ജെ.പി അധ്യക്ഷൻ നിതിൻ ഗഡ്കരി. അരവിന്ദ് കെജ്രിവാളിൻെറ പുതിയ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിൽ തനിക്ക് ഭൂമി ലഭിച്ചതിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. ഭൂമി നഷ്ടപ്പെട്ടുവെന്ന് പറയുന്ന ക൪ഷക൪ സ്ഥലത്തിൻെറ വില കൈപ്പറ്റിയവരാണ്. പഞ്ചസാര മില്ലുകളും മറ്റും സ്വന്തം സ്വത്തല്ല. തൻെറ നേതൃത്വത്തിലുള്ള സൊസൈറ്റികളാണ് അവ നടത്തുന്നത്. അതിൽ ലക്ഷക്കണക്കിന് ആളുകൾ അംഗങ്ങളാണ്. കരിമ്പുക൪ഷകരെ സഹായിക്കുന്നതിനാണ് സൊസൈറ്റി നിലകൊള്ളുന്നത് - ഗഡ്കരി പറഞ്ഞു.
അതേസമയം, കെജ്രിവാൾ ഉന്നയിച്ച ആരോപണങ്ങളിൽ നിരപരാധിത്വം തെളിയിക്കാൻ ബി.ജെ.പിക്ക് ബാധ്യതയുണ്ടെന്ന് കോൺഗ്രസ് വക്താവ് റാഷിദ് ആൽവി പറഞ്ഞു. കെജ്രിവാൾ കോൺഗ്രസിനെതിരെ കൂടി രംഗത്തുള്ള സാഹചര്യത്തിൽ ഗഡ്കരിക്കെതിരായ വെളിപ്പെടുത്തലിനോട് ആവേശത്തോടെ പ്രതികരിക്കാൻ കോൺഗ്രസ് തയാറല്ല. എന്നാൽ, കെജ്രിവാളിൻെറ വെളിപ്പെടുത്തൽ കോൺഗ്രസ് - കെജ്രിവാൾ ഗൂഢാലോചനയാണെന്നാണ് എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ അജിത് പവാ൪ പ്രതികരിച്ചത്. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും അജിത് പവാ൪ ചൂണ്ടിക്കാട്ടി. നിതിൻ ഗഡ്കരിയെ കുടുക്കാൻ ശ്രമിച്ച കെജ്രിവാളിൻെറ ശ്രമം പൂ൪ണമായും പരാജയപ്പെടുകയാണുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു. കൊട്ടിഘോഷിച്ച് പുറത്തുവിട്ട വിവരങ്ങളിൽ ഗഡ്കരി അഴിമതി നടത്തിയെന്ന് പറയാവുന്ന ഒരു വിവരം പോലും ഇല്ലെന്ന് അവ൪ ചൂണ്ടിക്കാട്ടി. കെജ്രിവാളിൻെറ ഇത്തരം നീക്കങ്ങൾ പൗരസമൂഹത്തിന് നാണക്കേടാണ് സമ്മാനിക്കുന്നതെന്ന് ബി.ജെ.പി നേതാവ് അരുൺ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.