കോഴിക്കോട്: റെക്കോഡുകൾ ഭേദിച്ച് കുതിച്ചുയ൪ന്ന അരിവില താഴോട്ട്. കുറുവ ഒന്ന്, രണ്ട്, കയമ, കോല എന്നിവയിലാണ് കാര്യമായ വ്യതിയാനം. മലബാ൪ മേഖലയിൽ കൂടുതൽ വിറ്റഴിയുന്ന കുറുവ ഒന്നിന് 31ൽനിന്ന് 29 രൂപയായി. ചൊവ്വാഴ്ചയാണ് മൊത്തവിപണിയിൽ അരിക്ക് ഒറ്റയടിക്ക് രണ്ടു രൂപ താഴ്ന്നത്. കുറുവ രണ്ടിന് 34ൽ നിന്ന് 32ആയി. 72 രൂപയുണ്ടായിരുന്ന കയമ 67ലെത്തി.
ചില്ലറ വിപണിയിൽ 35 വരെ എത്തിയ അരിവില കഴിഞ്ഞ ആഴ്ച മുതലാണ് കുറയാൻ തുടങ്ങിയത്. കിലോക്ക് 50 പൈസ മുതൽ ഒരു രൂപ വരെയാണ് അന്ന് കുറഞ്ഞത്. മില്ലുകാ൪ അരിവില കൂട്ടുന്നതിനായി പൂഴ്ത്തിവെച്ചതാണ് വില വ൪ധനക്ക് കാരണമായതെന്ന് കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരികൾ ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ, വില കയറിയതോടെ അരി വിൽപ്പന കുറഞ്ഞു. നവംബ൪ അവസാനത്തോടെ വിളവെടുപ്പ് നടക്കുകയും ഡിസംബറിൽ പുതിയ അരി വിപണിയിലെത്തുകയും ചെയ്യും. അതോടെ പഴയത് കെട്ടിക്കിടക്കും. പുതിയത് വിപണിയിലെത്തുമ്പോൾ വീണ്ടും വില കുറയും. അതിനാൽ, ഇപ്പോൾ കിട്ടുന്നവിലക്ക് വിറ്റഴിക്കാൻ മില്ലുകാ൪ ശ്രമിക്കുകയാണെന്ന് വ൪ഷങ്ങളായി ഈ മേഖലയിലുള്ളവ൪ പറയുന്നു. വരുംദിവസങ്ങളിൽ വില ഇനിയും താഴാനാണ് സാധ്യത.
പൊതുവിപണിയിൽ അരിവില കയറിയതോടെ കൂടുതൽ പേരും റേഷൻ കടകളെ ആശ്രയിക്കുകയായിരുന്നു. ഒരു രൂപ, രണ്ട് രൂപ റേഷൻ അരി വിതരണം കാര്യക്ഷമമായതാണ് പൊതുവിപണിയിൽ അരിവിൽപന കുറയാൻ കാരണമായി വ്യാപാരികൾ പറയുന്നത്. അരി വില കൂടിയത് കോഴിക്കോട് വലിയങ്ങാടിയിൽ കച്ചവടത്തെ കാര്യമായി ബാധിച്ചെന്നും അവ൪ പറഞ്ഞു. കച്ചവടം കുറഞ്ഞതോടെ ആന്ധ്രയിലെ ചില ഗോഡൗണുകളിൽ അരി കെട്ടിക്കിടക്കുകയായിരുന്നു.
ജൂലൈ ആദ്യവാരം മുതലാണ് അരിവില കയറാൻ തുടങ്ങിയത്. അന്ന് 26 രൂപയുണ്ടായിരുന്ന കുറുവയുടെ വില പെട്ടെന്ന് കയറി സെപ്റ്റംബറിൽ 30 രൂപക്ക് മുകളിലെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.