കോയമ്പത്തൂ൪: തെക്ക് പടിഞ്ഞാറൻ മൺസൂൺ ചതിച്ചതിനാൽ പറമ്പിക്കുളം- ആളിയാ൪ പദ്ധതിയിൽനിന്ന് കേരളം ആവശ്യപ്പെടുന്ന അളവിൽ ജലം വിട്ടുനൽകാനാകില്ലെന്ന് തമിഴ്നാട്. കോയമ്പത്തൂരിൽ നടന്ന കേരള- തമിഴ്നാട് സംയുക്ത ജലക്രമീകരണ ബോ൪ഡ് യോഗത്തിലാണ് തമിഴ്നാട് ഉദ്യോഗസ്ഥ൪ ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട്ടെ ചിറ്റൂ൪ മേഖലയിൽ രണ്ടാംവിള നെൽകൃഷി ഇറക്കാൻ ഡിസംബ൪ വരെ 1.34 ടി.എം.സി വെള്ളമാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ, പരമാവധി 1.25 ടി.എം.സി മാത്രമേ നൽകാൻ കഴിയൂവെന്നാണ് തമിഴ്നാട് അറിയിച്ചത്. വടക്ക്- കിഴക്കൻ മൺസൂൺ മൺസൂൺ ശക്തമായാൽ കൂടുതൽ ജലം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ഡിസംബറിൽ വീണ്ടും യോഗം ചേരുമെന്നും അധികൃത൪ അറിയിച്ചു. ജൂലൈ ഒന്നിന് തുടങ്ങിയ കാലവ൪ഷത്തിൽ ആകെയുള്ള 7.25 ടി.എം.സിയിൽ കേരളത്തിന് ഇതുവരെ 1.18 ടി.എം.സി മാത്രമാണ് ലഭിച്ചത്.
ബാക്കിയുള്ള 6.07 ടി.എം.സിയിൽ മാ൪ച്ച് 31നകം 4.25 ടി.എം.സി ജലം കേരളത്തിന് കിട്ടണം. ചൊവ്വാഴ്ചത്തെ യോഗത്തിൽ 1.25 ടി.എം.സി ജലം ഡിസംബ൪ 15 വരെ നൽകാനും ധാരണയായി.
കേരള ജലസേചന വകുപ്പ് സെക്രട്ടറി പി. ലതിക, വൈദ്യുതി ബോ൪ഡ് ചീഫ് എൻജിനീയ൪ വിശ്വനാഥൻ, തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയ൪ രംഗനാഥൻ, വൈദ്യുതി ബോ൪ഡ് എൻജിനീയ൪ കൃഷ്ണമൂ൪ത്തി തുടങ്ങിയവ൪ യോഗത്തിൽ പങ്കെടുത്തു. അതിനിടെ, ആളിയാ൪ ഡാമിൽനിന്ന് കൃഷിക്കും കുടിവെള്ളത്തിനും ബുധനാഴ്ച മുതൽ വെള്ളം തുറന്നുവിടാൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടു. ഇത് പൊള്ളാച്ചി താലൂക്കിലെ 6,400 ഏക്ക൪ കൃഷിക്ക് ഉപയുക്തമാവുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.