കൊല്ലം: നവംബ൪ ഒന്നിന് നടക്കുന്ന രണ്ടാമത് പ്രസിഡൻറ്സ് ട്രോഫി വള്ളംകളിക്കായി ഒരുക്കങ്ങൾ പുരോഗമിക്കുന്നതായും ജലോത്സവത്തിന് മുന്നോടിയായി കരയിലും കായലിലും വിവിധ സാംസ്കാരിക കായിക പരിപാടികൾ സംഘടിപ്പിക്കുമെന്നും കലക്ട൪ പി.ജി തോമസ്, എൻ.പീതാംബരക്കുറുപ്പ് എം.പി എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. 16 ചുണ്ടൻവള്ളങ്ങൾ പങ്കെടുക്കും. വെപ്പ്-എ, ബി, ഇരുട്ടുകുത്തി -എ, ബി, വനിതകൾ തുഴയുന്ന തെക്കനോടി എന്നീ വിഭാഗങ്ങളിലായി നാൽപതോളം വള്ളങ്ങൾ മാറ്റുരയ്ക്കും. അലങ്കാരവള്ളങ്ങളുടെ മത്സരത്തോടെയായിരിക്കും വള്ളംകളി ആരംഭിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രി, ടൂറിസം മന്ത്രി, പ്രമുഖ ക്രിക്കറ്റ് താരം എന്നിവരെയൊക്കെ അതിഥികളായി പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഒരാഴ്ചക്കകമേ കൃത്യമായ വിവരം ലഭിക്കൂ.
ജലോത്സവത്തെ ലോകശ്രദ്ധയിലെത്തിക്കുന്നതിന് പ്രമുഖ ടൂ൪ ഓപറേറ്റ൪മാരുടെ സംഗമം കൊല്ലത്ത് സംഘടിപ്പിക്കും. സ്വദേശികളെപ്പോലെ വിദേശികൾക്കും സൗജന്യമായി വള്ളംകളി ആസ്വദിക്കാനുള്ള സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കുന്നത്. പ്രധാനമായും അഞ്ചു പവലിയനുകളാണ് ജലോത്സവത്തിൽ തയാറാക്കുക.
പ്രധാന വേദിയായ അഷ്ടമുടി പവലിയൻ ഡി.ടി.പി.സി ഓഫിസിന് മുന്നിലായാണ് ക്രമീകരിക്കുന്നത്. ബോട്ടുജെട്ടിക്കും സ്വാഗതം സംഘം ഓഫിസിനും ഇടയിലായുള്ള രണ്ടാം പവലിയൻെറ ഒരുഭാഗം വിദേശപ്രതിനിധികൾക്കായി മാറ്റിവെക്കും. ലിങ്ക് റോഡിന് സമീപത്ത് മൂന്നാം പവലിയനും കെ.ടി.സി.സി ടാമറിൻറിന് സമീപത്ത് നാലാം പവലിയനും സ്ളോട്ട൪ ഹൗസിന് സമീപം അഞ്ചാം പവലിയനുമാണ് നിശ്ചയിച്ചിരിക്കുന്നത്.
പന്തലിൻെറ കാൽനാട്ടുക൪മം ഈ മാസം 15 ന് നടക്കും. ജലോത്സവത്തിന് മാറ്റ് കൂട്ടുന്നതിനായി വിവിധ കായിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൻെറ ഭാഗമായി ഈ മാസം 19 ന് നടക്കുന്ന സെലിബ്രിറ്റി ഫുട്ബാൾ മാച്ചിൽ കലക്ടേഴ്സ് ടീമും കമീഷണേഴ്സ് ടീമും ഏറ്റുമുട്ടും. ബീച്ചിൽ നിന്നാരംഭിച്ച് ചിന്നക്കട വഴി ബോട്ട് ജെട്ടിയിൽ സമാപിക്കുന്ന കൂട്ടയോട്ടമാണ് മറ്റൊരിനം. വാട്ട൪ സ്പോ൪ട്സ് ഇനത്തിൽ 29 ന് ആലപ്പുഴ സായിയിലെ താരങ്ങൾ അവതരിപ്പിക്കുന്ന കയാക്കിങ്, കനോയിങ് മത്സരങ്ങൾ നടക്കും. സഹാസിക നീന്തൽ താരം റെയ്നോൾഡ് ബേബിയുടെ നീന്തൽ പ്രകടനവും ഒരുക്കിയിട്ടുണ്ട്. പുറമെ ഫോട്ടോ മ്യൂറൽ പെയിൻറിങ് പ്രദ൪ശനം, കാവ്യകേളി, നാടൻപാട്ടുകൾ, ചിലങ്ക ഡാൻസ് അക്കാദമിയുടെ നൃത്തം, 28 സംസ്ഥാനങ്ങളിലെ കലാരൂപങ്ങളെ കോ൪ത്തിണക്കിയുള്ള നാരായണീയം പരിപാടി, മ്യൂസിക് ഫെസ്റ്റിവൽ, എൻ.സി.സിയുടെ സാംസ്കാരിക പരിപാടി എന്നിവയും ആശ്രാമം കേന്ദ്രീകരിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
29 ന് വൈകുന്നേരം മൂന്നിന് സാംസ്കാരിക ഘോഷയാത്ര നടക്കും.
വാ൪ത്താസമ്മേളനത്തിൽ മീഡിയ കമ്മിറ്റി ചെയ൪മാൻ ഡോ. ഗോപകുമാ൪, എ.ഡി.എം രാജു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.