പാലക്കാട്: അട്ടപ്പാടിയുടെ കിഴക്കൻ മേഖലയെ ബാധിച്ചിരിക്കുന്ന അതിരൂക്ഷമായ വരൾച്ച നേരിടാൻ സ൪ക്കാ൪ ഉടൻ ഇടപെടണമെന്ന് എം.ബി.രാജേഷ് എം.പി കേരള സ൪ക്കാറിനോടാവശ്യപ്പെട്ടു. അട്ടപ്പാടിയുടെ കിഴക്കൻ മേഖലയിലെ ഭൂതിവഴി, കോട്ടത്തറ, വട്ടലക്കി, മട്ടത്തുകാട്, ആനക്കട്ടി തുടങ്ങിയ പ്രദേശങ്ങളിൽ കൊടുംവരൾച്ച മൂലം കനത്ത ദുരിതമാണ് ആദിവാസി ജനവിഭാഗങ്ങൾ നേരിടുന്നത്.
ഒരു വ൪ഷമായി ഈ പ്രദേശങ്ങളിൽ മഴ പെയ്തിട്ടേയില്ല. പൂതൂ൪ പഞ്ചായത്ത് ഏതാണ്ട് പൂ൪ണമായും ഷോളയൂ൪ പഞ്ചായത്തിലെ പകുതി പ്രദേശങ്ങളും കഠിനമായ വരൾച്ചയുടെ പിടിയിലാണ്. കൃഷി തീ൪ത്തും അസാധ്യമായി. കന്നുകാലികളെ കിട്ടുന്ന വിലയ്ക്ക് വിൽക്കുകയാണ്. കൃഷി അസാധ്യമായതോടെ കുടുംബങ്ങൾ വറുതിയിലും കൊടും പട്ടിണിയിലുമാണ്. വരൾച്ച നേരിടുന്നതിന് മേഖലയിലെ കുടുംബങ്ങൾക്ക് സ൪ക്കാ൪ പ്രത്യേക സഹായം പ്രഖ്യാപിക്കണം. വരൾച്ച നേരിടുന്നതിനുള്ള പദ്ധതികളും നടപടികളും സ൪ക്കാ൪ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണം.
വന്യമൃഗങ്ങളുടെ ആക്രമണം മൂലം ആദിവാസി ഊരുകളിലും മറ്റും സൈ്വര ജീവിതം അസാധ്യമായിരിക്കുകയാണ്. കാട്ടാനകളുടെയും കരടികളുടെയും ആക്രമണത്തിൽ പരിക്കേറ്റ പല൪ക്കും സഹായം ലഭിച്ചിട്ടില്ല. കാട്ടാനകളെ പ്രതിരോധിക്കാനാവശ്യമായ സൗരോ൪ജ വേലി ഈ പ്രദേശങ്ങളിലും സ്ഥാപിക്കണം. പ്രശ്നത്തിൽ വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.