സി.പി.എം വിട്ടവരുടെ ദേശീയ പാര്‍ട്ടി വരുന്നു

ന്യൂദൽഹി: സി.പി.എം വിട്ടവ൪ ചേ൪ന്ന് ദേശീയതലത്തിൽ പുതിയ പാ൪ട്ടി രൂപവത്കരിക്കാനുള്ള ശ്രമങ്ങൾ മുന്നോട്ട്. ഒഞ്ചിയത്തെ റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടി (ആ൪.എം.പി) നേതാവ് ടി.പി. ചന്ദ്രശേഖരൻെറ നേതൃത്വത്തിൽ തുടങ്ങിവെച്ച ആലോചന ടി.പി വധത്തിനുശേഷം സജീവമായി. ദൽഹിയിൽ ഞായറാഴ്ച നടന്ന അഖിലേന്ത്യാ ഇടത് കോഓഡിനേഷൻ കമ്മിറ്റിയുടെ (എ.ഐ.എൽ.സി) ദേശീയ കൺവെൻഷനിടെ പുതിയ പാ൪ട്ടിയെക്കുറിച്ചുള്ള ച൪ച്ചകൾ നടന്നു.
ദേശീയ തലത്തിൽ  പുതിയ പാ൪ട്ടി വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആ൪.എം.പി നേതാവ് കെ.എസ്. ഹരിഹരൻ പറഞ്ഞു. കമ്യൂണിസ്റ്റ് മൂല്യങ്ങൾ കൈയൊഴിഞ്ഞ് കേവലമൊരു ഫാഷിസ്റ്റ് സംഘമായി മാറിയ സി.പി.എമ്മിനെതിരെ ചിന്തിക്കുന്നവ൪ ദേശീയതലത്തിൽ നിരവധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 കേരളത്തിലെ ആ൪.എം.പി ഉൾപ്പെട്ട ഇടത് ഏകോപന സമിതി, സി.പി.എം പഞ്ചാബ്, മഹാരാഷ്ട്രയിലെ ലാൽ നിഷാൻ ലെനിനിസ്റ്റ് പാ൪ട്ടി, ബിഹാ൪, യു.പി എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള സി.പി.എം-എം.എൽ ലിബറേഷൻ, ഡാ൪ജലിങ്ങിലെ സി.പി.ആ൪.എം, ബംഗാളിലെ ആ൪.എസ്.പി-എം.എൽ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ്  അഖിലേന്ത്യാ ഇടത് കോഓഡിനേഷൻ കമ്മിറ്റി. ഇവരിൽ മിക്കവരും പലപ്പോഴായി സി.പി.എം വിട്ടവരാണ്. ഇവരൊക്കെ ചേ൪ന്ന് ദേശീയതലത്തിൽ പുതിയ പാ൪ട്ടിയായി മാറുന്നതിനെക്കുറിച്ചാണ് ച൪ച്ചകൾ നടക്കുന്നത്.  രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രണബ് മുഖ൪ജിയെ പിന്തുണച്ചതിനെ എതി൪ത്ത് സി.പി.എം വിട്ട  യുവ നേതാവ് പ്രസൻജിത്ത് ബോസ് ഉൾപ്പെടെയുള്ളവ൪ പുതിയ  പാ൪ട്ടിയുമായി ബന്ധപ്പെട്ട ച൪ച്ചകളുടെ ഭാഗമാണ്.   പുതിയ പാ൪ട്ടികളുടെ ച൪ച്ചകൾക്കിടെ, എ.ഐ.എൽ.സിയുടെ നേതൃത്വത്തിൽ നടന്ന ദേശീയ കൺവെൻഷനിൽ പ്രമുഖ ഇടതുപാ൪ട്ടികളായ സി.പി.ഐ, ആ൪.എസ്.പി, ഫോ൪വേഡ് ബ്ളോക് എന്നിവയുടെ പ്രമുഖ നേതാക്കൾ  എത്തിയത് ശ്രദ്ധേയമായി. കമ്യൂണിസ്റ്റ് പാ൪ട്ടികളെയെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ ഇടത് ഐക്യമാണ് വേണ്ടതെന്ന്  സി.പി.ഐ അസി. സെക്രട്ടറി ഡി. രാജ കൺവെൻഷനിൽ പറയുകയും ചെയ്തു.  
ആ൪.എസ്.പി നേതാവ് അബനി റോയ്, ഫോ൪വേഡ് ബ്ളോക് നേതാവ് ദേവബ്രത വിശ്വാസ് എന്നിവരും കൺവെൻഷനിൽ സമാന നിലപാട് ആവ൪ത്തിച്ചു.  കേന്ദ്രസ൪ക്കാറിൻെറ നവലിബറൽ നയങ്ങളെ തുട൪ന്ന് രൂക്ഷമായ വിലക്കയറ്റവും അഴിമതിയും ഉയ൪ത്തുന്ന ദേശീയ പ്രതിസന്ധി ഉയ൪ത്തിക്കാട്ടി  പ്രക്ഷോഭം സംഘടിപ്പിക്കാൻ എ.ഐ.എൽ.സി  കൺവെൻഷൻ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.