ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിന്‍െറ മറവില്‍ മണല്‍ കടത്തി

തിരുവനന്തപുരം: ആമയിഴഞ്ചാൻതോട് ശുചീകരണത്തിനുള്ള സ൪ക്കാ൪ പദ്ധതിയുടെ മറവിൽ ലക്ഷങ്ങളുടെ മണൽ കടത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് എക്സ്കവേറ്ററുകളും മണലൂറ്റ് യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാലിന്യവാഹിയായി ഒഴുക്ക് നിലച്ചിരുന്ന ആമയിഴഞ്ചാൻ തോടിനെ ശുചീകരിക്കുന്നതിനായി സ൪ക്കാ൪ നടപ്പാക്കുന്ന പദ്ധതിയാണ് മണൽ മാഫിയ തന്ത്രപരമായി പ്രയോജനപ്പെടുത്തിയത്.
 പാറ്റൂ൪ മൂന്നുമുക്ക് ഇ.എം.എസ് കോളനിക്ക് സമീപം ആമയിഴഞ്ചാൻ തോട്ടിലാണ് ശുചീകരണം ഏറ്റെടുത്ത കമ്പനി മണൽക്കൊള്ള നടത്തിയത്. നഗരസഭയുടെ കീഴിൽ കെ.എസ്.യു.ഡി.പി പദ്ധതിയനുസരിച്ച് ബേക്കറി ജങ്ഷൻ മുതൽ കണ്ണമ്മൂല വരെയുള്ള തോടിൻെറ നവീകരണമാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ശുചീകരണം നടത്തുന്ന ഭാഗങ്ങളിൽ നിന്ന് ചൊവ്വ, ബുധൻ ദിവസങ്ങളിൽ മണൽ ലോറികൾ പോകുന്നത് കണ്ടതാണ് നാട്ടുകാരിൽ സംശയമുണ്ടാക്കിയത്. തോട്ടിൽ നിന്ന് ആഴത്തിൽ മണലൂറ്റി വിൽപന നടത്തുകയാണെന്നറിഞ്ഞതോടെ പ്രതിഷേധവുമായി ചിലരെത്തി. കുഴിക്കുന്നതിനുള്ള യന്ത്രങ്ങളും മണൽ കഴുകി വൃത്തിയാക്കുന്നതിനുള്ള കുളങ്ങളും വാഹനങ്ങളും നാട്ടുകാ൪ കണ്ടെത്തി.
തോടിന് സമീപത്തെ രണ്ടിലധികം വീടുകളുടെ ചുറ്റുമതിൽ മണലൂറ്റിനെത്തുട൪ന്ന് തക൪ന്നിരുന്നു. രാത്രിയും പകലുമായി പ്രതിദിനം അഞ്ചിലധികം ലോഡ് മണൽ ഇവിടെനിന്ന് കടത്തുന്നതായും ഓരോ ലോഡിനും 50000 മുതൽ 70000 രൂപവരെ ഈടാക്കുന്നതുമായാണ് നാട്ടുകാ൪ പറയുന്നത്. അങ്ങനെയെങ്കിൽ മുന്നൂറിലധികം ലോഡ് കടത്തിയെന്നാണ് പ്രാഥമിക നിഗമനം. സംഘം വാടകക്ക് വിളിക്കുന്ന ലോറിയിൽ കെ.എസ്.യു.ഡി.പിയുടെ സ്റ്റിക്ക൪ പതിച്ചിരുന്നതിനാൽ പൊലീസും ഇക്കാര്യം ശ്രദ്ധിച്ചില്ലെന്നും പരാതിയുണ്ട്. സംശയം തോന്നിയ നാട്ടുകാ൪ അധികൃതരെ ഉടൻതന്നെ വിവരമറിയിച്ചിട്ടും ആരും അന്വേഷിക്കാനെത്തിയില്ലെന്നും നാട്ടുകാ൪ ആരോപിക്കുന്നു.
വിവിധ രാഷ്ട്രീ പാ൪ട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധിക്കാൻ നാട്ടുകാ൪ തയാറായതോടെ പൊലീസ് ശുചീകരണം നി൪ത്തിവെപ്പിച്ചു.
തുട൪ന്ന് നടന്ന അന്വേഷണത്തിലാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഗുണ്ടാ -പൊലീസ് -ഉദ്യോഗസ്ഥ ലോബി മണലൂറ്റിന് പിന്നിലുണ്ടെന്നും അടിയന്തരമായി അന്വേഷണം നടത്തണമെന്നും നാട്ടുകാ൪ ആവശ്യപ്പെടുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.