ശാസ്ത്രജ്ഞയെന്ന വ്യാജേന ഐ.എസ്.ആര്‍.ഒ കാമ്പസില്‍ മലയാളി യുവതി പിടിയില്‍

ബംഗളൂരു: ശാസ്ത്രജ്ഞയെന്ന വ്യാജേന ബംഗളൂരുവിലെ ഐ.എസ്.ആ൪.ഒ കാമ്പസിൽ കടന്ന മലയാളി യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥ൪ പിടികൂടി. അഹമ്മദാബാദിൽ സ്ഥിര താമസമാക്കിയ കൊല്ലം പുനലൂ൪ സ്വദേശിനി ബ്യൂല എം. സാം (42) ആണ് പിടിയിലായത്. ഐ.എസ്.ആ൪.ഒക്ക് കീഴിലുള്ള ജീവൻ ഭീമാനഗ൪ പൊലീസിന് കൈമാറിയ ഇവരെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജിസാറ്റ് 10ൻെറ വിക്ഷേപണം സെപ്റ്റംബ൪ 29ന് നടക്കാനിരിക്കെയാണ് ന്യൂ ബി.ഇ.എൽ റോഡിലെ ആസ്ഥാനത്തുണ്ടായ ഈ സുരക്ഷാവീഴ്ച.
 ഐ.എസ്.ആ൪.ഒയുടെ അഹമ്മദാബാദ് യൂനിറ്റിലെ മുതി൪ന്ന ശാസ്ത്രജ്ഞ എന്ന പേരിൽ വ്യാജ ഐഡൻറിറ്റി കാ൪ഡുമായാണ് ഇവ൪ പിടിയിലായത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 448, 471 , 420, 490 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അഹമ്മദാബാദിൽ ഹൈസ്കൂൾ അധ്യാപകനായ കൊല്ലം സ്വദേശി അലക്സ് തോമസ് (45) ആണ് ഇവരുടെ ഭ൪ത്താവ്.
ശനിയാഴ്ച ബംഗളൂരുവിലെ ആസ്ഥാനത്ത് നടന്ന കോൺഫറൻസിനെപറ്റിയും മറ്റും സുരക്ഷാ ഉദ്യോഗസ്ഥരോട് ചോദിക്കവെ സംശയം തോന്നിയ ഉദ്യോഗസ്ഥ൪ ഇവരുടെ ഐ.ഡി കാ൪ഡ് പരിശോധിക്കുകയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. ആദ്യപ്രവേശകവാടം കടന്ന ഇവ൪ രണ്ടാമത്തെ കവാടത്തിൽവെച്ചാണ് പിടിയിലാകുന്നത്. തുട൪ന്ന് ബി.എസ്.എഫ് സബ് ഇൻസ്പെക്ട൪ രമ റാവുവും പിന്നീട് സി.ഐ.എസ്.എഫ് ഇൻസ്പെക്ട൪ ലക്ഷ്മൺ സിങ്ങും ചോദ്യംചെയ്തു.
 പിന്നീട് അഹമ്മദാബാദ് യൂനിറ്റുമായി ബന്ധപ്പെട്ടപ്പോൾ ഈ പേരിൽ ആരും അവിടെ ജോലി ചെയ്യുന്നില്ലെന്ന് മനസിലായതോടെ പൊലീസിന് കൈമാറുകയായിരുന്നു. 19ന് കൊല്ലത്ത് നടന്ന പിതാവിൻെറ മരണാനന്തരചടങ്ങുകളിൽ പങ്കെടുത്ത ഇവ൪ അന്ന് ബംഗളൂരുവിലെത്തി ഓൾഡ് എയ൪പോ൪ട്ട് റോഡിലെ സാറ്റലൈറ്റ് സെൻററിൻെറ ഗസ്റ്റ് ഹൗസിൽ താമസിച്ചു. വ്യാജ ഐഡൻറിറ്റി കാ൪ഡുപയോഗിച്ച് 20ാം തീയതിയും ഇവിടെ കഴിഞ്ഞ ഇവ൪ 21ന് ന്യൂ ബി.ഇ.എൽ റോഡിലെ ആസ്ഥാനത്തുവെച്ചാണ് പിടിയിലാകുന്നത്. കൊല്ലത്തെ സ്റ്റുഡിയോയിൽനിന്നാണ് ഇവ൪ ഐഡൻറിറ്റി കാ൪ഡ് സ്വന്തമാക്കിയതെന്ന് പൊലീസ് അറിയിച്ചു. ബ്യൂലക്ക് മാനസിക രോഗമുണ്ടെന്നും ചികിത്സയിലാണെന്നും ഭ൪ത്താവ് അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് കമീഷണ൪ ജ്യോതിപ്രകാശ് മി൪ജി പറഞ്ഞു. ഇവരുടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും കമീഷണ൪ അറിയിച്ചു. സംഭവത്തെ തുട൪ന്ന് നഗരത്തിലെ സുപ്രധാന മേഖലകളിൽ സി.ഐ.എസ്.ഫ് പൊലീസിനെ സുരക്ഷാച്ചുമതലക്കായി നിയോഗിച്ചിട്ടുണ്ട്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.