ബംഗളൂരു: സാങ്കേതിക തകരാറിനെ തുട൪ന്ന് മാറ്റിവെച്ച ഇന്ത്യൻ വാ൪ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-10ന്റെ വിക്ഷേപണം സെപ്റ്റംബ൪ 29ന് നടക്കും. ഉപഗ്രഹത്തെയും ലോഞ്ച്പാഡിനെയും ബന്ധിപ്പിക്കുന്ന ഭാഗത്ത് ചോ൪ച്ച കണ്ടെത്തിയതിനെ തുട൪ന്നാണ് 22ന് നടക്കേണ്ട വിക്ഷേപണം മാറ്റിവെച്ചത്. ഉപഗ്രഹ വാഹിനിയായ ആരിയൻ 5ൽ പൊടികടന്നുകൂടിയതായും കണ്ടെത്തിയിരുന്നു. തെക്കേ അമേരിക്കൻ അറ്റ്ലാന്റിക് തീരത്തെ ഫ്രഞ്ചുഗയാനയിലെ കോറോയിലെ വിക്ഷേപണത്തറയിൽനിന്നും 29ന് ഇന്ത്യൻ സമയം പുല൪ച്ചെ 2.48ന് ഉപഗ്രഹം പറന്നുയരുമെന്ന് ഐ.എസ്.ആ൪.ഒ വൃത്തങ്ങൾ അറിയിച്ചു.
യൂറോപ്യൻ ബഹിരാകാശ സ്ഥാപനമായ ആരിയൻ സ്പേസാണ് 3400 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 10 വിക്ഷേപിക്കുന്നത്. ഇത്രയും ഭാരമുള്ള ഉപഗ്രഹം വഹിക്കാൻ നിലവിലെ വാഹിനികളായ പി.എസ്.എൽ.വി, ജി.എസ്.എൽ.വി എന്നിവക്ക് ശേഷിയില്ലാത്തതിനാലാണ് വിക്ഷേപണത്തിന് ഫ്രഞ്ച് ഗയാനയിലെ കോറോ തെരഞ്ഞെടുത്തത്.
ലക്സംബ൪ഗ് ആസ്ഥാനമായ എസ്.ഇ.എസിനുവേണ്ടി യൂറോപ്യൻ എയ്റോനോട്ടിക് ഡിഫൻസ് ആൻഡ് സ്പേസ് കമ്പനിയുടെ ഭാഗമായ ആസ്ട്രിയം ഡിവിഷൻ നി൪മിച്ച എ.എസ്.ടി.ആ൪.എ 2എഫു മായാണ് (ആസ്ട്ര) ജിസാറ്റ് 10 പറന്നുയരുക. 750 കോടി ചെലവിൽ വിക്ഷേപിക്കുന്ന ഉപഗ്രഹത്തിന് 15 വ൪ഷമാണ് ആയുസ്സ്. 30 ട്രാൻസ്പോണ്ടറുകൾ, 12 കെ.യു ബാൻഡ് ട്രാൻസ്പോണ്ടറുകൾ എന്നിവക്കൊപ്പം 'ഗഗൻ' എന്ന പേലോഡുമായാണ് ഈ ഉപഗ്രഹം കുതിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.