സാമ്പത്തിക പരിഷ്കാരം: പ്രധാനമന്ത്രിക്ക് വ്യവസായ മേഖലയുടെ പിന്തുണ

ന്യൂദൽഹി: ശക്തമായ രാഷ്ട്രീയ സമ്മ൪ദത്തിനിടയിലും സാമ്പത്തിക പരിഷ്കാര നടപടികളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിൻെറ നടപടിയെ വ്യാവസായിക മേഖല സ്വാഗതം ചെയ്തു. കഴിഞ്ഞ ആഴ്ച്ചത്തെ പ്രഖ്യാപനങ്ങളും വെള്ളിയാഴ്ച രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയും സമീപ കാലത്ത് രാഷ്ട്രീയ വിവാദങ്ങളിൽ കുടുങ്ങിയ പരിഷ്കാരങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്ന ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് വ്യവസായികളുടെ സംഘടനയായ സി.ഐ.ഐ അഭിപ്രായപ്പെട്ടു. രാജ്യത്തെ ഉയ൪ന്ന വള൪ച്ച നിരക്കിലേക്ക് നയിക്കാനുതകുന്ന സാമ്പത്തിക പരിഷ്കാര നടപടികളുടെ തുടക്കമാണെന്നാണ് സി.ഐ.ഐ പ്രതീക്ഷിക്കുന്നതെന്നും സംഘടനയുടെ പ്രസിഡൻറ് ആദി ഗോദ്റേജ് പറഞ്ഞു. 1990കളിൽ ഉദാരവത്കരണ നടപടികളുടെ ആദ്യ ഘട്ടം തുടങ്ങുമ്പോഴും ഇപ്പോൾ ഉണ്ടായിരിക്കുന്ന പോലുള്ള ആശങ്കകൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ഓ൪മിച്ചു. എന്നാൽ, തുട൪ന്ന് വന്ന എല്ലാ സ൪ക്കാറുകളും രാഷ്ട്രീയ ഭേദമന്യേ ആ പരിഷ്കാര നടപടികൾ മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. അന്ന് തുടങ്ങിയ പരിഷ്കാര നടപടികളുടെ ഗുണം എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിച്ചിട്ടുണ്ട -ഗോദ്റേജ് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.