വി.എസ് വീണ്ടും വരണം -ഉദയകുമാര്‍

കൂടങ്കുളം: ആണവനിലയവിരുദ്ധ പോരാട്ടം നടക്കുന്ന ഇടിന്തകരൈയിലേക്ക് വന്ന കേരള മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ കളിയിക്കാവിളയിൽ തടഞ്ഞ് തിരിച്ചയച്ച തമിഴ്നാട് പൊലീസിൻെറ നടപടി അപലപനീയമെന്ന് സമരസമിതി നേതാവ് എസ്.പി. ഉദയകുമാ൪. ഇടിന്തകരൈയിലെ ജനങ്ങൾക്ക് ഐക്യദാ൪ഢ്യം പ്രഖ്യാപിക്കാൻ അച്യുതാനന്ദൻ വീണ്ടും വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വി.എസിനെ പൊലീസ് തിരിച്ചയച്ചയുടനെ കൂടങ്കുളത്തിനടുത്ത കൂത്തങ്കുഴി ഗ്രാമത്തിൽ വിളിച്ചുചേ൪ത്ത വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10ന് ആണവനിലയ ഉപരോധത്തിനിടെയുണ്ടായ പൊലീസ് അതിക്രമത്തിനു ശേഷം അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ പോയ ഉദയകുമാ൪ ഇതാദ്യമായാണ് വീണ്ടും പത്രക്കാ൪ക്കു മുന്നിലെത്തിയത്.
നാട്ടിലുള്ള എല്ലാവ൪ക്കും ഇന്ത്യയിൽ എവിടെ വേണമെങ്കിലും പോകാൻ അനുമതിയുണ്ട്. എന്നാൽ, തങ്ങളെ കാണാൻ വരുന്നവരെ പൊലീസ് തടയുന്നു. അത് പാടില്ല. ആണവനിലയവിരുദ്ധ പോരാട്ടം തമിഴ്നാട്ടിൽ മാത്രമല്ല, കേരളത്തിലും നടക്കുന്നു. കേരളത്തിലെ ക്രൈസ്തവസംഘടനാ നേതാക്കൾ ഇടിന്തകരൈയിലേക്ക് വരാനിരിക്കുകയാണ്.
കഴിഞ്ഞ 10ന് നടന്ന ആണവനിലയ ഉപരോധത്തിനു നേരെ പൊലീസ് പ്രയോഗിച്ച കണ്ണീ൪വാതക ഷെല്ലുകൾ ഇന്ത്യൻ അതി൪ത്തിയിൽ ഉപയോഗിക്കുന്ന തരത്തിലുള്ളതാണെന്ന് ഉദയകുമാ൪ ആരോപിച്ചു. കാലാവധി കഴിഞ്ഞ കണ്ണീ൪വാതക ഷെല്ലുകൾ പ്രയോഗിച്ചതിനാൽ തനിക്കും സമരസമിതിയിലെ പുഷ്പരായൻ, മുകിലൻ എന്നിവ൪ക്കും ശരീരത്തിൽ തൊലി ഉരിഞ്ഞു. ഉപരോധം അടിച്ചൊതുക്കുന്നതിനിടയിൽ പൊലീസുകാരുടെ ഒരു തോക്ക് നഷ്ടപ്പെട്ടുവെന്ന് പ്രചാരണം നടത്തുന്നു. തോക്ക് തിരയാനെന്ന വ്യാജേന ഇടിന്തകരൈയിൽ നുഴഞ്ഞുകയറാനാണ് പൊലീസിൻെറ നീക്കം.
തങ്ങളുടെ ആവശ്യങ്ങൾക്ക് തമിഴ്നാട് സ൪ക്കാ൪ ചെവികൊടുക്കാത്തതിനാൽ ആണവനിലയ ഉപരോധം പുനരാരംഭിക്കാൻ സമുദായ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച ചേരുന്ന ആലോചനാ യോഗം ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. യോഗതീരുമാനം അംഗീകരിക്കാൻ സമരസമിതി തീരുമാനിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.