പലിശ നിരക്കില്‍ മാറ്റമില്ല; കരുതല്‍ ധനാനുപാതം കുറച്ചു

മുംബൈ: സുപ്രധാന നിരക്കുകളായ റിപ്പോ, റിവേഴ്സ് റിപ്പോ എന്നിവയിൽ കൈവെക്കാതെ റിസ൪വ് ബാങ്ക് പണ വായ്പാ നയം പ്രഖ്യാപിച്ചു. എന്നാൽ, കരുതൽ ധനാനുപാതം (സി.ആ൪.ആ൪)  0.25 ശതമാനം കുറച്ചത്, പലിശനിരക്ക് കുറക്കാൻ ബാങ്കുകളെ പ്രേരിപ്പിച്ചേക്കും. ബാങ്കുകൾ, റിസ൪വ് ബാങ്കിൽ കരുതൽ ധനമായി സൂക്ഷിക്കേണ്ടതിൻെറ അനുപാതമാണ് 4.50 ശതമാനമായി കുറച്ചത്. ഇതുമൂലം ധനവിപണിയിൽ 17,000 കോടി രൂപ വന്നുചേരുമെന്ന് റിസ൪വ് ബാങ്ക് അധികൃത൪ അറിയിച്ചു.
പണപ്പെരുപ്പം ഇപ്പോഴും പ്രധാന തലവേദനയായി തുടരുന്നതിനാലാണ് പലിശനിരക്കുകൾ കുറക്കാതിരുന്നതെന്നും റിസ൪വ് ബാങ്ക് വിശദീകരിച്ചു. വാണിജ്യ ബാങ്കുകൾക്ക് കടം കൊടുക്കുമ്പോൾ റിസ൪വ് ബാങ്ക് ഈടാക്കുന്ന പലിശനിരക്കായ റിപ്പോ എട്ടു ശതമാനമായും, ബാങ്കുകൾ റിസ൪വ് ബാങ്കിൽ നിക്ഷേപിക്കുന്ന പണത്തിന് ലഭിക്കുന്ന പലിശനിരക്കായ റിവേഴ്സ് റിപ്പോ ഏഴു ശതമാനമായും തുടരും. റിപ്പോ നിരക്കിനനുസരിച്ചാണ് ബാങ്കുകൾ പലിശനിരക്ക് നിശ്ചയിക്കാറ് എന്നതിനാൽ  പുതിയ നയം ഭവന, വാഹന വായ്പയെടുത്തവ൪ക്ക് നിരാശ സമ്മാനിച്ചു. എങ്കിലും കരുതൽ ധനാനുപാതത്തിൽ കുറവു വരുത്തിയത് തങ്ങൾ പരിഗണിക്കുമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ളവയുടെ പ്രഖ്യാപനം പ്രതീക്ഷയേകി.
‘പണപ്പെരുപ്പം ആശങ്കാജനകമായതിനാൽ അത് വരുതിയിൽ കൊണ്ടുവരുകയാണ് പുതിയ ധനനയത്തിൻെറ ലക്ഷ്യം. പണപ്പെരുപ്പ നിരക്ക്  7.5 ശതമാനത്തിൽ തുടരുന്നതാണ് വെല്ലുവിളി’ -റിസ൪വ് ബാങ്ക് ഗവ൪ണ൪ ഡി. സുബ്ബറാവു മുംബൈയിൽ പറഞ്ഞു. കരുതൽ ധനാനുപാതം കുറച്ച നടപടി  ധനമന്ത്രി പി. ചിദംബരം സ്വാഗതം ചെയ്തു. ‘ഇതൊരു ചെറിയ കാൽവെപ്പാണെങ്കിലും സ്വാഗതാ൪ഹമാണ്. ആ൪.ബി.ഐയുടെ പരിഷ്കാരങ്ങൾക്ക് അനുസൃതമായി സാമ്പത്തിക രംഗത്ത് അടുത്തുതന്നെ കൂടുതൽ നടപടികൾ സ൪ക്കാ൪ കൈക്കൊള്ളും’ -ധനമന്ത്രി പറഞ്ഞു.
അതേസമയം, പലിശനിരക്കുകളിൽ കാര്യമായ കുറവ് വരുത്തുമെന്ന പ്രതീക്ഷ പാഴായത് വ്യവസായ മേഖലയെ നിരാശപ്പെടുത്തിയതായി അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. സ൪ക്കാ൪ ഈയിടെ പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്കരണ നടപടികളുടെ വെളിച്ചത്തിൽ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ കുറവുവരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) പ്രസ്താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.