കാബൂൾ: തെക്കൻ അഫ്ഗാനിസ്താനിലെ നാറ്റോ താവളമായ ക്യാമ്പ് ബാസ്റ്റണിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ രണ്ട് അമേരിക്കൻ മറീനുകൾ കൊല്ലപ്പെട്ടു. അഫ്ഗാനിലുള്ള ബ്രിട്ടനിലെ ഹാരി രാജകുമാരൻ ക്യാമ്പിലുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രവാചകൻ മുഹമ്മദിനെ നിന്ദിക്കുന്ന സിനിമക്കെതിരെയുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് താലിബാൻ പറഞ്ഞു. നാറ്റോ സേനയുടെ പ്രത്യാക്രമണത്തിൽ 20ഓളം താലിബാൻകാ൪ കൊല്ലപ്പെട്ടതായി റിപ്പോ൪ട്ടുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. കനത്ത സുരക്ഷയുള്ള ക്യാമ്പിൽ കടന്ന താലിബാൻ, ഒരു വിമാനത്തിന് സാരമായ കേടുവരുത്തുകയും ചെയ്തു. തെക്കൻ പ്രവിശ്യയായ ഹെൽമന്ദിലാണ് ക്യാമ്പ്. അക്രമികളെ തുരത്തുകയും ക്യാമ്പ് സാധാരണനിലയിലാവുകയും ചെയ്തതായി യു.എസ് സൈനിക വക്താവ് മേജ൪ ആദം വെറജാക് അറിയിച്ചു.
കൊല്ലപ്പെട്ടത് തങ്ങളുടെ മറീനുകളാണെന്നും ചില൪ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ, ബ്രിട്ടീഷ് വിമാനങ്ങൾ ഉപയോഗിക്കുന്ന എയ൪ഫീൽഡിന് നേരെയാണ് ആക്രമണം നടന്നത്. റോക്കറ്റുകളും മോ൪ട്ടാറുകളും ലഘു ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. അക്രമികൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് നാറ്റോ ഉദ്യോഗസ്ഥ൪ പറഞ്ഞു. നാറ്റോയിലെ നിരവധി രാജ്യങ്ങളിലെ സൈനിക൪ താമസിക്കുന്ന സ്ഥലമാണ് ക്യാമ്പ് ബാസ്റ്റണെങ്കിലും അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ലെത൪നെയ് ക്യാമ്പിലാണ് ആക്രമണമുണ്ടായത്. അമേരിക്കയുടെയും ബ്രിട്ടൻെറയും സൈനികരെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്ന് താലിബാൻ വക്താവ് ഖാരി യൂസുഫ് അഹ്മദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.