വ്യവസായ വിജയത്തിന്‍െറ അനധികൃത വഴികള്‍

മുതലപ്പെട്ടിയിൽ അപകടമുണ്ടായ യൂനിറ്റിൽ മൊത്തം 55 മുറികളിലാണ് പടക്കനി൪മാണം നടന്നിരുന്നത്. ഇത് മുഴുവൻ തക൪ന്നു. രണ്ട് മുറികൾ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് കണക്കാക്കി 35 മുറികൾക്കു മാത്രമാണ് നിയമപ്രകാരം അനുമതിയുണ്ടായിരുന്നത്.  പരമാവധി അനുവദിക്കപ്പെട്ട തൊഴിലാളികളുടെ എണ്ണം 120. പക്ഷേ, ഇവിടെ 55 മുറികളിലായി ജോലി ചെയ്തിരുന്നത് 400ഓളം തൊഴിലാളികൾ.   അനുവദിക്കപ്പെട്ട മുറികളുടെയും തൊഴിലാളികളുടെയും ആനുപാതികമായാണ് പടക്കനി൪മാണത്തിൻെറ അളവ് നിശ്ചയിക്കുക. ഇവയുടെ അടിസ്ഥാനത്തിലാണ് ലൈസൻസ് നൽകുന്നത്. നിയമലംഘനം നടന്നുവെന്നതിന് ഇതിൽപരം പ്രത്യക്ഷ തെളിവ് വേണ്ട.
 അത്യന്തം അപകടകരമായ അസംസ്കൃത വസ്തുക്കൾ  വൻതോതിലാണ് നിയമവിരുദ്ധമായി പടക്കനി൪മാതാക്കളുടെ കൈയിലെത്തുന്നത്. ഉത്സവ കാലത്ത് ഓരോ ഫാക്ടറിയിലും അനുവദിക്കപ്പെട്ടതിലും ആയിരവും രണ്ടായിരവും ഇരട്ടിയളവിലാണ് നി൪മാണം നടക്കുന്നത്.  അനുവദിച്ചതിലും 500 കിലോ പടക്കം കൂടുതൽ തക൪ന്ന ഗോഡൗണുകളിലുണ്ടായിരുന്നുവെന്നാണ് എക്സ്പ്ളോസിവ് സേഫ്റ്റി വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
 ഇത്ര വലിയ ദുരന്തമുണ്ടായിട്ടുപോലും മറ്റ് ഫാക്ടറികളിൽ പരിശോധനകളോ മറ്റോ നടന്നിട്ടില്ല. ദീപാവലി കാലം കഴിയാതെ അത് നടക്കുകയുമില്ല. തക൪ന്ന ഫാക്ടറിയുടെ ലൈസൻസ് കരിങ്കൽ ക്വാറിയുടേതാണ് എന്ന് സംശയമുയ൪ന്നിരുന്നു. ഇതും ഇവിടെ വ്യാപകമാണ്.
ഫാക്ടറി നടത്തിപ്പിലും നിയമപരമായ സുരക്ഷ കടലാസിൽ മാത്രമേയുള്ളൂ.  കൊച്ചുവീടുകളിൽ ഒരു മുറിയിൽ പടക്കനി൪മാണവും തൊട്ടടുത്ത് അടുക്കളയുമായി കഴിയുന്ന നിരവധി കുടുംബങ്ങളുണ്ട്. അപകട സാധ്യത ഏറിയ മരച്ചുവട്ടിലും തുറസ്സായ സ്ഥലത്തുമെല്ലാം പടക്കനി൪മാണം വ്യാപകമാണ്.  ഘ൪ഷണം ഒഴിവാക്കാൻ മുറിയിൽ റബ൪ ഷീറ്റ് വിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. പേരിനുപോലും അതില്ല. മൊബൈൽ പോലുള്ളവക്കും നിയന്ത്രണമില്ല.
വെടിമരുന്ന് സൂക്ഷിക്കുന്നിലും കൈകാര്യം ചെയ്യുന്നതിലും ഒരു കരുതലുമില്ല. തൊഴിലാളികളുടെ സുരക്ഷക്ക് അനുയോജ്യമായ വസ്ത്രങ്ങൾ, പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ, സുരക്ഷാ പരിശീലനം തുടങ്ങിയവ ഒരിടത്തുമില്ല.  പടക്കശാലയിലെ 75കാരിയായ ശുഭലക്ഷ്മി പറയുന്നു: ‘എല്ലാം മുതലാളിയുടെ കനിവ്.’ അതെ, മുതലാളിയാണ് അവിടെ നിയമം.
കൂടുതൽ ലാഭം തേടി നിയമവിരുദ്ധമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്നതും ഇവിടെ വ്യാപകമാണ്. പേര് പറയരുതെന്ന വ്യവസ്ഥയിൽ ഒരു കമ്പനിയിലെ ഫോ൪മാൻ അത് വിശദീകരിച്ചു: ‘ഉദാഹരണത്തിന്, പടക്കങ്ങളിൽ ഡ്രാഗൺ ഇഫക്ടുണ്ടാക്കുന്നത് ബിസ്മത്ത·് ഓക്സൈഡ് എന്ന രാസവസ്തുവാണ്. വില കിലോക്ക് 1200-1500 രൂപ. ഇതിന് പകരം ഇപ്പോൾ ഉപയോഗിക്കുന്നത് ഒരുതരം ചുവന്നപൊടിയുടെ രാസക്കൂട്ടാണ്. വില വെറും 50-60 രൂപ. വെടിമരുന്നുമായി ഇവ ചേരുമ്പോൾ എങ്ങനെ പ്രതിപ്രവ൪ത്തിക്കും എന്ന് അറിഞ്ഞിട്ടൊന്നുമല്ല ഈ പരീക്ഷണങ്ങൾ. ഞങ്ങളുടെ കമ്പനിയിൽ ഇതുപയോഗിക്കാൻ തുടങ്ങിയ സമയത്ത് പലവട്ടം ചെറിയ സ്ഫോടനങ്ങളുണ്ടായിരുന്നു. കുറെ പേ൪ക്ക് പരിക്കുണ്ടായി. ഒരാളുടെ കൈയറ്റു. ഇപ്പോൾ അതിൻെറ അളവും രീതിയും ഏതാണ്ട് മനസ്സിലായി. ഇത്തരം പരീക്ഷണങ്ങൾ ഓരോ സീസണിലും പതിവാണ്.’
 ശബ്ദസാധ്യതകളിൽനിന്ന് വ൪ണക്കാഴ്ചകളിലേക്ക് പടക്കനി൪മാണം കേന്ദ്രീകരിച്ച സമീപ വ൪ഷങ്ങളിലാണ് ഇത്തരം അശാസ്ത്രീയ പരീക്ഷണങ്ങൾ പെരുകിയത്. അപകടങ്ങളും അതിനൊപ്പം കൂടി. ചൈനീസ് പടക്കവിപണിയെ നേരിടാൻ ഉടമകൾതന്നെ കണ്ടെത്തിയ വഴികളാണ് ഇത്തരം പരീക്ഷണങ്ങൾ. വ൪ണക്കാഴ്ചകളൊരുക്കാൻ ഉപയോഗിക്കുന്ന ‘മണി മരുന്ന്’ ആണ് ഇപ്പോൾ ഏറ്റവും വലിയ അപകടകാരണമാകുന്നത്. അതിൻെറ സ്ഫോടകശേഷി വളരെ കൂടുതലാണ്. മരുന്ന് കൂട്ടിയ ശേഷം നിശ്ചിത സമയത്തിനകം അത് പാക്ക് ചെയ്തില്ലെങ്കിൽതന്നെ സ്ഫോടനസാധ്യതയുണ്ട്. നേരിയ അശ്രദ്ധയാൽ ഉപേക്ഷിക്കപ്പെടുന്ന, കടുകുമണിയോളം മരുന്നുകൂട്ട് മതി വലിയ ദുരന്തങ്ങൾക്ക് വഴിതുറക്കാൻ.
എന്നാൽ, വിരലിലെണ്ണാവുന്ന വൻകിട കമ്പനികൾ ഒട്ടുമിക്ക സുരക്ഷാ സംവിധാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും തൊഴിലാളി നേതാക്കളും പറയുന്നു. ഇവിടങ്ങളിൽ അപകടങ്ങളും കുറവാണ്. ഒട്ടും അപകമുണ്ടാകാതെ കാലങ്ങളായി പ്രവ൪ത്തിക്കുന്ന ഏതാനും യൂനിറ്റുകളും ഇവിടെയുണ്ട്.  ശിവകാശിയെ ‘ഹൈ റിസ്ക്’ മേഖലയായി തമിഴ്നാട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും ഈ റിസ്ക് കുറക്കാൻ ആവശ്യമായ നിയമനടപടികൾ ഉണ്ടാകുന്നില്ല.
 ഇടപാടുകൾ നിയമവിരുദ്ധമാണ് എന്നറിഞ്ഞിട്ടും ആ വഴിക്ക് ഒരു നീക്കവും ആരും നടത്താൻ തയാറല്ലെന്നതാണ് ശിവകാശിയുടെ ദീ൪ഘകാല ചരിത്രം. പ്രതിവ൪ഷം 1000 കോടിയുടെ കച്ചവടം നടത്തുന്ന പടക്ക കമ്പനി ഉടമകളുടെ പണത്തിനുമീതെ അവിടെ ഒരു നിയമവും പൊട്ടിത്തെറിക്കില്ല. കഴിഞ്ഞവ൪ഷം വിരുദുനഗ൪ കലക്ടറായിരുന്ന എം. ബാലാജി ചില നീക്കങ്ങൾ നടത്തി. റവന്യൂ, പൊലീസ്, തൊഴിൽ, എക്സ്പ്ളോസിവ്, ഫയ൪ വിഭാഗങ്ങളുടെ സംയുക്ത ടീമുണ്ടാക്കി ശിവകാശിയിൽ വ്യാപക റെയ്ഡ് നടത്തി. 29 കമ്പനികൾ എന്നെന്നേക്കുമായി അടച്ചുപൂട്ടി; 32 എണ്ണം താൽക്കാലികമായും. അനധികൃത സ്ഫോടകവസ്തുക്കളും അധിക സ്റ്റോക്കുകളും പിടിച്ചെടുത്തു. ആറ് ഗോഡൗണുകൾ സീൽ ചെയ്തു. നിരവധി പേരെ അറസ്റ്റ് ചെയ്തു. എന്നാൽ, ഇവയിൽ പലതും താമസിയാതെ പ്രവ൪ത്തനം പുനരാരംഭിച്ചു. ചിലത് പേരുമാറ്റി രംഗത്തെത്തി. ഒരു വ൪ഷത്തിനുള്ളിൽ എല്ലാം പഴയപടിയായി. ആകെ മാറ്റമുണ്ടായത് റെയ്ഡ് നടത്തിയ കലക്ട൪ക്ക് മാത്രം.
പണാധിപത്യത്താൽ എല്ലാം കാൽക്കീഴിലാക്കിയ പടക്ക കമ്പനി ഉടമകളും അവരുടെ വിനീതവിധേയരായ ഉദ്യോഗസ്ഥ-രാഷ്ട്രീയ മേധാവികളും ചേ൪ന്ന അവിശുദ്ധ സഖ്യമാണ് ശിവകാശിയെ പ്രേതനഗരമാക്കി മാറ്റുന്നത്. പിന്നെയുള്ളത്, അതിനെതിരെ ഒന്നുറക്കെ പൊട്ടിത്തെറിക്കാൻപോലും ശേഷിയില്ലാത്ത· അതിദരിദ്രരായ തൊഴിലാളികളും. ഈ സമവാക്യം മാറുംവരെ ഈ മരണവ്യവസായം ഇങ്ങനെത്തന്നെ തുടരും.
(അവസാനിച്ചു) 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.