കോടതി ജാമ്യം നല്‍കി; വേണ്ടെന്ന് അസീം ത്രിവേദി

മുംബൈ: ദേശദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട പ്രമുഖ കാ൪ട്ടൂണിസ്റ്റ്  അസീം ത്രിവേദിക്ക് മുംബൈ ഹൈകോടതി ജാമ്യം നൽകിയെങ്കിലും അദ്ദേഹമത് നിരാകരിച്ചു. നേരത്തെ ജാമ്യാപേക്ഷ നൽകാൻ വിസമ്മതിച്ച ത്രിവേദിക്ക് വേണ്ടി  അണ്ണാ ഹസാരെയുടെ  ‘ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ മൂവ്മെൻറ്’ എന്ന സംഘടനയുടെ പ്രവ൪ത്തകനായ അഡ്വ. സൻസാ൪ മറാത്തെയാണ് കോടതിയെ സമീപിച്ചത്. അപേക്ഷ പരിഗണിച്ച കോടതി 5,000 രൂപയുടെ സ്വന്തം ജാമ്യത്തിലാണ് ത്രിവേദിയെ വിട്ടയക്കാൻ ഉത്തരവിട്ടത്.
ഇദ്ദേഹത്തെ കസ്റ്റഡിയിൽ വെക്കുന്നതിനായി പൊലീസ് പറയുന്ന വാദങ്ങൾ തൃപ്തികരമല്ലെന്നും കോടതി വിലയിരുത്തി.
ഹസാരെ ടീമിലെ അരവിന്ദ് കെജ്രിവാൾ ചൊവ്വാഴ്ച രാവിലെ ജയിലിലെത്തി തൃവേദിയെ കണ്ട് സംസാരിച്ചിരുന്നു. അഴിമതിക്കും സ൪ക്കാറിൻെറ അസഹിഷ്ണുതക്കും എതിരെ കൂടുതൽ കാ൪ട്ടൂണുകൾ വരക്കുന്നതിൻെറയും പ്രതിഷേധം ശക്തമക്കുന്നതിൻെറയും ഭാഗമായി ജാമ്യത്തിൽ പുറത്തിറങ്ങാനായിരുന്നു ‘ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ മൂവ്മെൻറിൻെറ തീരുമാനം.
അശോകസ്തംഭം ലെറ്റ൪പാഡിൽ പ്രിൻറ് ചെയ്ത് അഴിമതി നടത്തുന്ന മന്ത്രിമാ൪ക്കും ലോക്സഭാംഗങ്ങൾക്കുമെതിരെയാണ് രാജ്യദ്രോഹകുറ്റം ചുമത്തേണ്ടതെന്ന് ജയിലിലെത്തിയ കെജ്രിവാൾ പറഞ്ഞു.
ത്രിവേദിക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിൻവലിച്ചില്ലെങ്കിൽ  ജയിലിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.  
ജയിലിൽ കഴിയുന്ന ത്രിവേദി പ്രസിദ്ധീകരണത്തിന് നൽകിയ തുറന്ന കത്തിൽ സത്യം തുറന്നുപറയുന്നത് കുറ്റമാണെങ്കിൽ ഞാൻ ഒരു കുറ്റവാളിയാണെന്നും ദേശസ്നേഹം എന്ന പദത്തിൻെറ അ൪ഥം മാറ്റിയാൽ മാത്രമേ തന്നെ ദേശദ്രോഹിയെന്ന് വിളിക്കാൻ കഴിയൂ എന്നും പറഞ്ഞിരുന്നു.
‘അഴിമതിക്കെതിരെ നിലകൊണ്ട മഹാത്മാഗാന്ധിയും ഭഗത്സിംഗും അബ്ദുൽ കലാം അസാദും കുറ്റവാളികളാണെങ്കിൽ ഞാനും കുറ്റവാളിയാണ്. ഇന്ത്യൻ ജനതയെയും ഭരണഘടനയെയും അവഹേളിക്കുന്ന നടപടികളാണ് ഞാൻ കാ൪ട്ടൂണുകളിലൂടെ എതി൪ത്തത്. കലയും സാഹിത്യവും സമൂഹത്തിന് നേരെ പിടിക്കുന്ന കണ്ണാടിയാണ്. ചുറ്റും കാണുന്നതാണ് എൻെറ കാ൪ട്ടൂണുകളിലുള്ളത്. ഭാരതമാതാവ് എന്ന് പറയുന്നത് മറ്റാരുമല്ല; ഞാനും നിങ്ങളുമടങ്ങുന്ന 125 കോടി ജനങ്ങളാണ്. അവരെ അവഹേളിക്കുക എന്നാൽ ഇന്ത്യയെ അവഹേളിക്കുകയെന്നാണ൪ഥം’ -ത്രിവേദി കത്തിൽ പറഞ്ഞു.
‘ഗാന്ധിയുടെ പാതകൾ പിന്തുടരുകയാണ് ഞാൻ. സഹനത്തിലൂടെ രാജ്യസേവനം ചെയ്യുകയാണ്. രാജ്യത്തിനുവേണ്ടി ജയിലിൽ പോകുന്നത് ആഭരണങ്ങൾ അണിയുന്നതു പോലെയാണെന്നാണ് അണ്ണാ ഹസാരെ പറയുന്നത്. അതുകൊണ്ടാണ് ഞാൻ ജാമ്യാപേക്ഷ നൽകാത്തത്. എൻെറ പ്രവൃത്തികളിൽ അഭിമാനമുണ്ട്. അതുകൊണ്ടു ഞാൻ അത് ആവ൪ത്തിക്കും. അധികൃതരുടെ നടപടി സ൪ക്കാ൪ തിരുത്തുന്നില്ലെങ്കിൽ ജയിലിൽതന്നെ കഴിയും. രാജ്യദ്രോഹകുറ്റത്തെ സംബന്ധിച്ച ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124-എ വകുപ്പിനെതിരെയും ജയിലിനകത്തിരുന്നു പോരാടും.’ കത്തിൽ തുട൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.