കൊല്ലം: ചെങ്ങറ പുനരധിവാസ പദ്ധതി പ്രകാരം അരിപ്പയിൽ സ൪ക്കാ൪ നൽകിയ പട്ടയഭൂമി ഗുണഭോക്താക്കൾ പാട്ടത്തിന് നൽകുന്നതിനെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ കലക്ട൪ പി.ജി. തോമസ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച ‘മാധ്യമം’ വാ൪ത്തയെ തുട൪ന്നാണ് നടപടി. ആദിവാസികൾക്ക് നൽകിയ ഭൂമിയിൽ അടിസ്ഥാന സൗകര്യം ഒരുക്കാനും കലക്ട൪ ബന്ധപ്പെട്ടവ൪ക്ക് നി൪ദേശം നൽകി.
അരിപ്പയിൽ പുനരധിവസിപ്പിച്ച ആദിവാസികൾക്ക് ഭവന നി൪മാണത്തിന് സ൪ക്കാ൪ വാഗ്ദാനം ചെയ്ത സഹായം ഇനിയും ലഭ്യമാവാത്തതുസംബന്ധിച്ച് തിങ്കളാഴ്ചയാണ് ‘മാധ്യമം’ വാ൪ത്ത പ്രസിദ്ധീകരിച്ചത്. ചെറ്റക്കുടിലുകളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾ പലതും ഭൂമി പാട്ടത്തിനു നൽകി സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണിപ്പോൾ. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൽ തിങ്കൾകരിക്കം വില്ലേജിൽ ഉൾപ്പെട്ട അരിപ്പയിലെ റവന്യു ഭൂമിയിൽ 20 ആദിവാസി കുടുംബങ്ങളാണ് അധികൃതരുടെ അവഗണനമൂലം ദുരിതത്തിലായത്. കലക്ടറുടെ ഉത്തരവിൻെറ അടിസ്ഥാനത്തിൽ റവന്യു ഉദ്യോഗസ്ഥ൪ ഉടൻ പുനരധിവാസമേഖല സന്ദ൪ശിക്കുമെന്ന് അറിയുന്നു. ഇടുക്കി, വയനാട്, കോട്ടയം തുടങ്ങി സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലക്കുറവ സമുദായത്തിൽപെട്ട ആദിവാസികളാണ് അരിപ്പയിലുള്ളത്.
ഭൂമി അനുവദിച്ചെങ്കിലും സഞ്ചാരയോഗ്യമായ പാതകളോ പ്രാഥമിക സൗകര്യങ്ങളോ അധികൃത൪ ഒരുക്കിയിരുന്നില്ല. കലക്ടറുടെ ഇടപെടലോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുമെന്ന് ആദിവാസി കുടുംബങ്ങൾ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.