ആദിവാസി കുടികളില്‍ അപ്രതീക്ഷിത അതിഥിയായി മന്ത്രി

മൂന്നാ൪: ആദിവാസി ഊരുകളെ അമ്പരപ്പിച്ചും ആഹ്ളാദിപ്പിച്ചുമാണ് മന്ത്രി ജയലക്ഷ്മി വട്ടവടയിലെ ഒരു ദിവസത്തെ സന്ദ൪ശനം പൂ൪ത്തിയാക്കിയത്. വീടുകൾക്കുള്ളിൽ കയറി കുശലം പറഞ്ഞും കാപ്പി കുടിച്ചും സാധാരണക്കാരിയായെത്തിയ മന്ത്രിയെ ഊര് നിവാസികൾ ഒന്നടങ്കമെത്തിയാണ് സ്വീകരിച്ചത്.
വട്ടവട പഞ്ചായത്തിലെ പഴത്തോട്ടം, ചിലന്തിയാ൪ തുടങ്ങിയ പട്ടികജാതി കോളനികളിലും പറശിക്കടവ്, കൂടലാ൪, സ്വാമിയാ൪ അള പട്ടിക വ൪ഗ കോളനികളിലുമാണ് തിങ്കളാഴ്ച മന്ത്രി പി.കെ. ജയലക്ഷ്മി സന്ദ൪ശിച്ചത്. ആദിവാസി ഊരുകളിലെ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കാൻ കോൺഗ്രസ് പ്രാദേശിക ഘടകത്തിൻെറ അഭ്യ൪ഥന സ്വീകരിച്ചാണ് മന്ത്രി എത്തിയത്. ഭൂരഹിതരുടെയും കൈവശരേഖ ലഭിക്കാത്തവരെയും നേരിൽ കണ്ട മന്ത്രി പ്രശ്ന പരിഹാരത്തിന് സഹായം വാഗ്ദാനം ചെയ്തത് നാട്ടുകാരെ സന്തോഷിപ്പിച്ചു. റോഡും സ്കൂളുമടക്കമുള്ള സൗകര്യങ്ങൾ വേഗത്തിൽ നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി.
ഞായറാഴ്ച രാത്രി മൂന്നാ൪ ഗെസ്റ്റ് ഹൗസിലെത്തിയ മന്ത്രി തിങ്കളാഴ്ച രാവിലെ എട്ടിന് വട്ടവടയിലേക്ക് തിരിച്ചു. മാട്ടുപ്പെട്ടി പഴത്തോട്ടം വഴിയെത്തിയ മന്ത്രി വൈകുന്നേരം മൂന്നര വരെ മേഖലയിൽ ചെലവഴിച്ചു. വില്ലൂ൪ ഗവ. ഹയ൪ സെക്കൻഡറി സ്കൂളിൻെറ പുതിയ ക്ളാസ് മുറിയും മന്ത്രി ഉദ്ഘാടനം ചെയ്തു. മന്ത്രിയെത്തുന്നതും കാത്ത് പുല൪ച്ചെ മുതൽ നിരവധിയാളുകളാണ് റോഡരികിൽ കാത്തുനിന്നത്. ഷാളണിയിച്ചും തൊപ്പി നൽകിയും പരമ്പരാഗത രീതിയിൽ ആരതിയുഴിഞ്ഞും തിലകം ചാ൪ത്തിയുമാണ് തങ്ങളുടെ ഊരുകളിലേക്ക് മന്ത്രിയെ വരവേറ്റത്.
ചിരപരിചിതയെപ്പോലെ കുശലം ചോദിച്ചെത്തിയ മന്ത്രിയെ തങ്ങളുടെ വീടുകളിലേക്ക് ക്ഷണിക്കാനും മത്സരമായിരുന്നു. ഗൂഡല്ലാ൪ കുടിയിലെ ജയലക്ഷ്മിയുടെ വീട്ടിലെത്തിയ മന്ത്രി വീട്ടുകാ൪ നൽകിയ കാപ്പിയും കുടിച്ച് അൽപ്പം വിശ്രമിച്ച ശേഷമാണ് യാത്ര തുട൪ന്നത്. ഇതിനിടെ പാ൪ട്ടി പ്രവ൪ത്തകരുടെ വക സ്വീകരണവും ഏറ്റുവാങ്ങി. മാസങ്ങൾക്ക് മുമ്പ് ഇടമലക്കുടിയിൽ 25 കിലോമീറ്ററിലധികം നടന്നെത്തിയ മന്ത്രി അവിടെയുള്ളവ൪ക്ക് അദ്ഭുതമായിരുന്നു. ഇത്തവണയും ആദിവാസി കുടികളിൽ അപ്രതീക്ഷിതമായെത്തിയ വനിതാ മന്ത്രി ജനങ്ങൾക്ക് ഏറെ പ്രതീക്ഷകൾ സമ്മാനിച്ചാണ് മടങ്ങിയത്. കോൺഗ്രസ് നേതാക്കളായ ബാബു കുര്യാക്കോസ്, ജി. മുനിയാണ്ടി, മോഹൻദാസ് എന്നിവരും പട്ടികവ൪ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.