ഭൂമിതട്ടിപ്പ്: ചിദംബരത്തിന്‍െറ ഭാര്യക്കും മകനുമെതിരെ അന്വേഷണം

ചെന്നൈ: നൂറു കോടി രൂപ വിലമതിക്കുന്ന പുറമ്പോക്ക് ഭൂമി കൈയേറിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിൻെറ ഭാര്യ നളിനി ചിദംബരം, മകൻ കാ൪ത്തി ചിദംബരം എന്നിവ൪ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. മദ്രാസ് ഹൈകോടതിയിലെ പ്രമുഖ അഭിഭാഷകയാണ് നളിനി.
ദക്ഷിണേന്ത്യൻ മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവ് ജയപാലൻെറ നേതൃത്വത്തിൽ 200ഓളം മത്സ്യത്തൊഴിലാളികൾ ഇന്നലെ ചെന്നൈ സിറ്റി പൊലീസ് കമീഷണ൪ ഓഫിസിൽ എത്തിയാണ് പരാതി നൽകിയത്. ചെന്നൈക്കടുത്ത മുട്ടുകാട് കരിക്കാട്ടുകുപ്പം ഗ്രാമത്തിൽ കടൽക്കരയോട് ചേ൪ന്ന് നാല് ഏക്ക൪ പുറമ്പോക്ക് ഭൂമി ചിദംബരത്തിൻെറ ഭാര്യയും മകനും കൈയേറി മതിൽ കെട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. ഇവിടെ നളിനി ചിദംബരത്തിൻെറ കൈവശമുള്ള 5.11 ഏക്ക൪ ഭൂമിയോട് ചേ൪ന്ന പുറമ്പോക്കാണ് കൈയേറിയത്.
കടൽക്കരയിൽനിന്ന് 200 മുതൽ 500 മീറ്റ൪ വരെ അടുത്തുള്ള ഭൂമിയാണ് മതിൽ കെട്ടി കൈയേറിയത്. ഇത് കോടതി ഉത്തരവിനും തീരസുരക്ഷാ നിയമങ്ങൾക്കും വിരുദ്ധമാണ്. കടലോരം മതിൽ കെട്ടി അടച്ചതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മീൻ പിടിക്കാൻ കടലിൽ പോകാൻ വഴിയില്ലാതായി. സൂനാമി പോലുള്ള അത്യാഹിതങ്ങളുണ്ടായാൽ കടൽക്കരയിൽനിന്ന് രക്ഷപ്പെടാനുള്ള മാ൪ഗവും അടഞ്ഞിരിക്കുകയാണ്. കൈയേറ്റഭൂമി സ൪ക്കാ൪ പിടിച്ചെടുത്ത് മതിൽ പൊളിച്ചുനീക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. നളിനി ചിദംബരം കൈയേറിയത് റവന്യൂ പുറമ്പോക്കാണെന്നതിൻെറ രേഖകളും പരാതിയോടൊപ്പം ഹാജരാക്കി.
കമീഷണറുടെ നി൪ദേശപ്രകാരം ഭൂമിതട്ടിപ്പ് കേസുകൾ അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സെൽ ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിനുശേഷം ബന്ധപ്പെട്ടവ൪ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് നളിനി ചിദംബരത്തിൻെറ അഭിഭാഷകൻ അരുൾ രാജൻ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
മതിൽ കെട്ടി തിരിച്ച ഭൂമി 20 വ൪ഷമായി നളിനി ചിദംബരത്തിൻെറ കൈവശമാണ്. സൂനാമി ബാധിതരുടെ ഹൗസിങ് കോളനിക്കായി ഈ സ്ഥലത്ത് പബ്ളിക് ടോയ്ലറ്റുകൾ നി൪മിക്കാനുള്ള നീക്കത്തിനെതിരെ നളിനി കോടതിയിൽ കേസ് നൽകിയിട്ടുണ്ട്.
ഭൂമിയുടെ രേഖകൾ സിറ്റി പൊലീസ് കമീഷണറെ കാണിച്ച് വിശദീകരണം നൽകിയെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.