ഭീകരാക്രമണപദ്ധതി: ഒരു ഡോക്ടര്‍കൂടി പിടിയില്‍

ബംഗളൂരു: ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്നാരോപിച്ച് ഒരു ഡോക്ടറെകൂടി ബംഗളൂരു ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടി. ദാവങ്കര സ്വദേശി ഡോ. നഈം സീദ്ദീഖി(26)യാണ് ഞായറാഴ്ച രാത്രി ബംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്. ദൽഹി ആൾ ഇന്ത്യ മെഡിക്കൽ സയൻസിൽനിന്ന് (എയിംസ്) മടങ്ങുന്നതിനിടെയാണ് അറസ്റ്റ്.
ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പിതാവിനെയും പൊലീസ് കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയച്ചു.
ലാപ്ടോപ്, മൊബൈൽ ഫോൺ, 10,000 രൂപ എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ നഈമിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നേരത്തേ മഹാരാഷ്ട്രയിലെ നാന്ദേഡിൽ നിന്ന് പിടിയിലായവ൪ക്ക് കേസിൽ ബന്ധമില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് തിരുത്തി. ഇവ൪ക്കും ഭീകരാക്രമണ പദ്ധതിയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. അതേസമയം, ഇവരുടെ മറ്റു വിശദാംശങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയാറായില്ല. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽനിന്നും ബംഗളൂരു മജസ്റ്റിക്കിൽ നിന്നും രണ്ടു പേരെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
കന്നഡ ദിനപത്രമായ കന്നഡ പ്രഭയിലെ കോളമിസ്റ്റ് പ്രതാപ് സിംഹയുൾപ്പടെ ഹിന്ദുത്വ സംഘടനകളുടെ നേതാക്കളെയും ജനപ്രതിനിധികളെയും വധിക്കാൻ പദ്ധതിയിട്ട സംഘമെന്നാരോപിച്ച് ആഗസ്റ്റ് 29ന് ബംഗളൂരു ക്രൈംബ്രാഞ്ച് പിടികൂടിയ 11  പേരെ ചോദ്യം ചെയ്തതിൽനിന്ന് കിട്ടിയ വിവരത്തിൻെറ അടിസ്ഥാനത്തിലാണ് നഈമിനെ പിടികൂടിയത്.
ഇയാൾ തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നുവെന്നും പിടിയിലായ സംഘവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഘത്തിന് സാമ്പത്തികവും അല്ലാത്തതുമായ സഹായം നൽകിയിരുന്നത് നഈമായിരുന്നുവത്രേ. സംഘത്തിലേക്ക് ആളെ ചേ൪ത്തിരുന്നതും ഇയാളാണെന്നാണ് പൊലീസ് ഭാഷ്യം.
അതേസമയം, നഈമിൻെറ രക്ഷിതാക്കൾക്കും സുഹൃത്തുക്കൾക്കും വ്യത്യസ്തമായ കഥയാണ് പറയാനുള്ളത്. പഠനത്തിലും മറ്റു പ്രവ൪ത്തനങ്ങളിലും മികവു പുല൪ത്തിയിരുന്ന ഇയാൾ എം.ബി.ബി.എസിനു ശേഷം എമ൪ജൻസി മെഡിസിനിൽ ഡിപ്ളോമ കോഴ്സിന് എയിംസിൽ പ്രവേശം നേടിയിരുന്നു. അവിടെ തുട൪ പഠനം നടത്താൻ പ്രയാസം നേരിട്ടതിനെ തുട൪ന്ന് ബംഗളൂരു സെൻറ് ജോൺസ് മെഡിക്കൽ കോളജിൽ പ്രവേശം തരപ്പെടുത്തി ദൽഹിയിൽനിന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ്  പൊലീസ് സംഘം  പിടികൂടുന്നത്. ആഗസ്റ്റ് 26നാണ് നഈം ദൽഹിയിലേക്ക് പോയത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.