മഅ്ദനിക്ക് വിദഗ്ധ ചികിത്സ: വിധി മാറ്റി

ബംഗളൂരു: സ്ഫോടന കേസിൽ പ്രതിചേ൪ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസി൪ മഅ്ദനിക്ക് വിദഗ്ധ ചികിത്സ നൽകുന്നത് സംബന്ധിച്ച് വിധിപറയുന്നത് പ്രത്യേക കോടതി സെപ്റ്റംബ൪ ആറിലേക്ക് മാറ്റി. തിങ്കളാഴ്ച കേസ് പരിഗണിച്ച പ്രത്യേക കോടതി ജഡ്ജി എച്ച്.ആ൪. ശ്രീനിവാസ് വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന തനിക്ക് അടിയന്തരമായി വിദഗ്ധ ചികിത്സ വേണമെന്ന് അപേക്ഷിച്ച് മഅ്ദനി നേരത്തേ ഹരജി നൽകിയിരുന്നു. സുപ്രീംകോടതിയുൾപ്പെടെ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ക൪ണാടക സ൪ക്കാറിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാര്യമായ ചികിത്സകളൊന്നും ലഭിച്ചില്ലെന്നു കാണിച്ചായിരുന്നു ഹരജി. സമയത്ത് ചികിത്സ കിട്ടാത്തതിനെ തുട൪ന്ന് ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടുവെന്നും പ്രമേഹരോഗിയായ തനിക്ക് തുട൪ ചികിത്സ നൽകണമെന്ന് ഡോക്ട൪മാ൪ രേഖാമൂലം അറിയിച്ചിട്ടും ജയിലധികൃത൪ അതിനു തയാറാവാത്ത സാഹചര്യത്തിൽ സ്വതന്ത്രമായ ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മഅ്ദനിയെ അറസ്റ്റുചെയ്ത് ഹാജരാക്കുമ്പോൾ ഉണ്ടായിരുന്ന അസുഖങ്ങൾ മാത്രമാണ് ഇപ്പോഴുമുള്ളതെന്നായിരുന്നു പ്രോസിക്യൂഷൻെറ വാദം.
അദ്ദേഹത്തിന് വിവിധ ഘട്ടങ്ങളിൽ ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും ഇതിൻെറ വിശദാംശങ്ങൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ചികിത്സാവശ്യാ൪ഥം ജാമ്യം അനുവദിക്കാൻ സുപ്രീംകോടതി തയാറാവാത്ത കാര്യവും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചിരുന്നു. ഹരജിയിൽ ആഗസ്റ്റ് 27ന് ഇരുഭാഗത്തിൻെറ വിശദമായ വാദം കേട്ട ജഡ്ജി സെപ്റ്റംബ൪ മൂന്നിലേക്ക് വിധി പറയുന്നത് മാറ്റി. എന്നാൽ, തിങ്കളാഴ്ച കോടതി ചേ൪ന്ന് സെപ്റ്റംബ൪ ആറിലേക്ക് വിധി നീട്ടുകയായിരുന്നു.  
മഅ്ദനിയുൾപ്പെടെ 32 പ്രതികളുള്ള കേസിൻെറ വിചാരണക്ക് പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയിൽ തുടക്കമായെങ്കിലും പല കേസുകളിലും സാക്ഷികളെത്താത്തതിനാൽ നടപടികൾ അനിശ്ചിതമായി നീണ്ടുപോവുകയാണ്. ഒമ്പതു കേസുകളിലായി 180 സാക്ഷികളെയാണ് വിസ്തരിക്കേണ്ടത്. ഇതിൽ 36 പേ൪ക്കാണ് ആദ്യഘട്ടത്തിൽ സമൻസ് അയച്ചത്. ജൂലൈ 23നാണ് വിചാരണ നടപടികൾക്ക് തുടക്കമായത്. ഒരു സാക്ഷിയെ മാത്രമാണ് ഇതുവരെ വിസ്തരിക്കാനായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.