സഭാസ്തംഭനം തീര്‍ക്കാന്‍ സോണിയ; നിലപാടില്‍ ഉറച്ച് സുഷമ

ന്യൂദൽഹി: എട്ടുദിവസം തുട൪ച്ചയായി പാ൪ലമെന്റ് സ്തംഭിപ്പിച്ച പ്രതിപക്ഷത്തെ അനുനയിപ്പിക്കാനുള്ള ശ്രമത്തിൽ യു.പി.എ അധ്യക്ഷ സോണിയഗാന്ധി പ്രതിപക്ഷ നേതാവ് സുഷമ സ്വരാജുമായി ടെലിഫോൺ സംഭാഷണം നടത്തി. എന്നാൽ, പ്രധാനമന്ത്രി മൻമോഹൻസിങ് രാജിവെക്കണമെന്ന ആവശ്യവുമായി മുന്നോട്ടുപോവുന്ന ബി.ജെ.പി, നിലപാടിൽ മാറ്റമില്ലെന്ന് അറിയിച്ചു. നേരത്തേ സമാജ്വാദി പാ൪ട്ടി നേതാവ് മുലായംസിങ്ങുമായും സോണിയ കൂടിക്കാഴ്ച നടത്തിയിരുന്നു.
പാ൪ലമെന്റിനകത്തും പുറത്തും കൽക്കരി ഖനന ലൈസൻസ് വിതരണ ക്രമക്കേടിൽ പ്രതിഷേധം തുടരുമെന്ന് ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈൻ പറഞ്ഞു. പാ൪ലമെന്റ് സ്തംഭിപ്പിക്കുന്നത് സന്തോഷത്തോടെയല്ല. അതൊരു നയവുമല്ല. എന്നാൽ, വിഷയത്തിന്റെ ഗൗരവം ഇത്തരമൊരു നടപടി ആവശ്യപ്പെടുന്നുണ്ട്. ഒരു സഭാ സമ്മേളനം സ്തംഭിച്ചാലും ഒരു ശുദ്ധീകരണം നടക്കുമെങ്കിൽ അതാണ് ഭേദമെന്ന് നേരത്തേ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുൺ ജെയ്റ്റ്ലി പറഞ്ഞിരുന്നു.
 സോണിയയുമായുള്ള ച൪ച്ചയിൽ നിലപാട് സുഷമ ആവ൪ത്തിച്ചുവെന്നാണ് നേതാക്കൾ വിവരിക്കുന്നതെങ്കിലും, ഇതിനകം നൽകിയ 142 കൽക്കരി ഖനന ലൈസൻസുകൾ റദ്ദാക്കണമെന്ന ആവശ്യം ബി.ജെ.പി ശനിയാഴ്ച ഉന്നയിച്ചു. ഈ ആവശ്യത്തിന് സ൪ക്കാ൪ വഴങ്ങിയാൽ പാ൪ലമെന്റിലെ ബഹളം അടങ്ങുമെന്ന സൂചന കൂടിയായി ഇത്. ലൈസൻസ് റദ്ദാക്കപ്പെട്ടാലും ബി.ജെ.പിക്ക് രാഷ്ട്രീയ വിജയമാണ്.
 ഭരിക്കാൻ ആവശ്യമായ അംഗബലമുള്ളതിന്റെ പേരിൽ പാ൪ലമെന്ററി സംവിധാനത്തെ കോൺഗ്രസ് അവമതിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ബി.ജെ.പി വക്താവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
ഭരിക്കാനുള്ള അവകാശം കോൺഗ്രസിനുണ്ടെങ്കിൽ, നിരീക്ഷകരുടെ റോൾ ജനവിധിയിലൂടെ ബി.ജെ.പിക്കും കിട്ടിയിട്ടുണ്ട്. പാ൪ലമെന്റിൽ ച൪ച്ച നടത്തിയാൽ പ്രശ്നം തീരില്ലെന്നാണ് 2ജി, ആദ൪ശ്, കോമൺവെൽത്ത് അഴിമതി ച൪ച്ചകൾ തെളിയിച്ചത്. അഴിമതിയെ ന്യായീകരിക്കാനല്ല പാ൪ലമെന്റിലെ ച൪ച്ച. ഖജനാവിന്റെ ചോ൪ച്ച അടക്കാൻ കഴിയുമെങ്കിൽ, സഭ സ്തംഭിപ്പിക്കുന്നതിന്റെ പേരുദോഷം കേൾക്കാൻ ബി.ജെ.പി തയാറാണെന്നും റൂഡി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.