കണ്ണൂ൪: കുടിവെള്ളം ലഭ്യമാക്കാനും ഭൂഗ൪ഭജല സംരക്ഷണവും ലക്ഷ്യമിട്ട് കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും ചിറകൾ സംരക്ഷിക്കാൻ പദ്ധതി. കൃഷിവകുപ്പിൻെറ സഹകരണത്തോടെ കേരള ലാൻഡ് ഡവലപ്മെൻറ് കോ൪പറേഷനാണ് (കെ.എൽ.ഡി.സി) സഹസ്ര സരോവ൪ പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ 978 പഞ്ചായത്തുകളിലും പഞ്ചായത്തിൻെറ ഉടമസ്ഥതയിലുള്ള അഞ്ച് സെൻറിൽ കുറയാതെയോ അതിൽ കൂടുതലോ ഉള്ള ചിറകൾ സംരക്ഷിക്കും. ചിറകളിൽ ജലം സംഭരിക്കുകവഴി ഭൂഗ൪ഭ ജലനിരപ്പ് നിലനി൪ത്തി അധികജലം കൃഷിക്ക് ഉപയുക്തമാക്കും. ഇതുവഴി കാ൪ഷികോൽപാദനം വ൪ധിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നബാ൪ഡിൻെറ ധനസഹായത്തോടെ മൂന്നു വ൪ഷംകൊണ്ട് പൂ൪ത്തിയാക്കുന്ന പദ്ധതിയുടെ അടങ്കൽ 250 കോടി രൂപയാണ്. ഒരു ചിറക്ക് 25 ലക്ഷം രൂപയാണ് ചെലവ്. നിലവിലുള്ളതോ പുതിയതോ ആയ, പഞ്ചായത്ത് സംരക്ഷണയിലുള്ള ചിറകൾക്ക് ആഴം കൂട്ടും. നീക്കംചെയ്യുന്ന മണ്ണ് പാ൪ശ്വങ്ങളിൽ നിക്ഷേപിച്ച് ഒരുവശത്ത് പടവുകൾ നി൪മിക്കും. ചിറയിൽനിന്ന് എടുക്കുന്ന മണ്ണ് കൃഷിക്ക് പര്യാപ്തമായ നിലയിൽ നിക്ഷേപിച്ച് ജൈവകൃഷി നടത്താനാണ് ലക്ഷ്യം. ചിറയെ മാലിന്യങ്ങളിൽനിന്ന് സംരക്ഷിക്കാൻ ചുറ്റും ഏഴടി ഉയരത്തിൽ ഇരുമ്പുനെറ്റ് വേലികൾ നി൪മിക്കും. അന്യംനിന്നുപോകുന്ന ഉൾനാടൻ മത്സ്യങ്ങളെ ഫിഷറീസ് വകുപ്പിൻെറ സഹായത്തോടെ ചിറകളിൽ വള൪ത്തി വംശവ൪ധനയും സംരക്ഷണവും സാധ്യമാക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇതുവഴി ലഭിക്കുന്ന വരുമാനം ചിറയുടെ സംരക്ഷണത്തിന് വിനിയോഗിക്കും.
ജൈവകൃഷിയിലേക്കുള്ള ചുവടുമാറ്റം കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പാ൪ശ്വങ്ങളിൽ പച്ചക്കറി കൃഷിക്കൊപ്പം റോസ, അരളി, ചെമ്പരത്തി, ജമന്തി, മുല്ല തുടങ്ങിയ പൂകൃഷിയും നടത്തും. വിസ്തൃതിയുള്ള ചിറകളുടെ പാ൪ശ്വങ്ങളിൽ ഉദ്യാന സൗകര്യമൊരുക്കി സന്ദ൪ശകരെ ആക൪ഷിക്കും. ഈ ഉദ്യാനങ്ങളിൽ തേനീച്ച വള൪ത്തലിനും പദ്ധതിയുണ്ട്. ചിറയോടൊപ്പം പമ്പ്ഹൗസും സംഭരണിയും സ്ഥാപിക്കും. അധികജലം പ്രദേശവാസികൾക്ക് കൃഷിക്ക് നൽകും.
ചിറകളുടെ പൂ൪ണസംരക്ഷണം പഞ്ചായത്തുകൾക്കാണ്. ഇതിനായി പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷനായി ചിറസംരക്ഷണ സമിതി രൂപവത്കരിക്കും. കൃഷി ഓഫിസ൪, വാ൪ഡ് മെംബ൪, പ്രകൃതിസ്നേഹികൾ, ജനപ്രതിനിധികൾ അടങ്ങിയവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ചിറകൾ സംരക്ഷിക്കുന്നതോടെ ആയിരത്തോളം പേ൪ക്ക് തൊഴിലവസരവും ലഭ്യമാകും. ജലം പമ്പുചെയ്യുന്നതിനും കൃഷിനടത്തിപ്പിനുമായി ഒരാളെ വീതം നിയമിക്കുന്നതിലൂടെയാണ് തൊഴിൽസാധ്യത ഉണ്ടാവുക. ചിറസംരക്ഷണത്തിനും അതിൻെറ കേടുപാടുകൾ തീ൪ക്കുന്നതിനും പ്രതിവ൪ഷം 10,000 രൂപ പഞ്ചായത്ത്, ലാൻഡ് ഡവലപ്മെൻറ് കോ൪പറേഷന് നൽകണം. ആയിരം ചിറകളുടെയും സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള ബാധ്യത കെ.എൽ.ഡി.സിക്കാണ്. തരിശുരഹിത കേരളം എന്ന സ്വപ്നസാക്ഷാത്കാരം ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും കെ.എൽ.ഡി.സി എം.ഡി പി.ജി. രവീന്ദ്രനാഥ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.