കൊപ്രയുടെ പേരിലും കോടികളുടെ നിക്ഷേപ തട്ടിപ്പ്

കോയമ്പത്തൂ൪: എമു, നാടൻ കോഴി തട്ടിപ്പുകളുടെ പിന്നാലെ കൊപ്രയുടെ പേരിലും കോടികളുടെ നിക്ഷേപ തട്ടിപ്പ് അരങ്ങേറി. ഈറോഡ് ചെന്നിമല കേന്ദ്രമായി പ്രവ൪ത്തിക്കുന്ന 'നന്ദു കൊപ്ര - പൗൾട്രി- കാറ്റിൽ ഫാം' എന്ന സ്ഥാപനമാണ് ഇതിനു പിന്നിൽ. എമുഫാം തട്ടിപ്പുകൾ പുറത്തുവന്നതോടെ  നന്ദു കൊപ്ര  ഉടമ എസ്. നന്ദകുമാ൪ മുങ്ങുകയായിരുന്നു.
കോയമ്പത്തൂ൪ പശ്ചിമ മേഖലാ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ(ഇ.ഒ.ഡബ്ല്യു) സ്ഥാപനത്തിനെതിരെ ഇതേവരെ 467 പരാതികളാണ് ലഭിച്ചത്.  200 കോടിയോളം രൂപ ഇവ൪ നിക്ഷേപമായി സമാഹരിച്ചിരുന്നു. 50,000 രൂപ നിക്ഷേപിക്കുന്നവ൪ക്ക്  രണ്ടായിരം നാളികേരത്തിന്റെ ഒരു യൂനിറ്റ് ആണ് നൽകിയിരുന്നത്.  ഇത്  ഓരോ ആഴ്ചയിലും കൊപ്രയാക്കി കമ്പനിക്ക്  തിരച്ചേൽപിച്ചാൽ  യൂനിറ്റിന് രണ്ടായിരം രൂപ  നൽകുമെന്നായിരുന്നു ധാരണ. മൂന്നു വ൪ഷത്തെ കരാ൪പത്രവും  നൽകിയിരുന്നു.
പത്ര പരസ്യം കണ്ടാണ് നിരവധി പേ൪ പദ്ധതിയിൽ ചേ൪ന്നത്. ഗ്രാമീണമേഖലയിലുള്ളവരാണ് തേങ്ങ ഉണക്കി കൊപ്രയാക്കുന്ന സ്കീമിൽ കൂടുതലായും ചേ൪ന്നത്. ശീലമുള്ള ജോലിയായതിനാൽ സ്ഥിര വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് നിരവധി ക൪ഷകരും വീട്ടമ്മമാരും മുതൽമുടക്കി. നന്ദകുമാറിന്റെ പാ൪ട്ണറായിരുന്ന രാജ്കുമാ൪ എന്നയാളെ ഈറോഡ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നന്ദകുമാറിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാനും  പൊലീസ് നടപടിയെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.