വിപ്ളവം ജ്വലിച്ച ശരീരം ഇനി വിദ്യാര്‍ഥികള്‍ക്ക്

കോഴിക്കോട്: പോരാട്ട കനലെരിഞ്ഞ മനസ്സും വയനാട് മലനിരകളിൽ വസന്തത്തിൻെറ ഇടിമുഴക്കം സൃഷ്ടിച്ച ശരീരവും ഇനി വൈദ്യശാസ്ത്ര വിദ്യാ൪ഥികൾ ഇഴകീറി പഠിക്കും. ഇന്നലെ അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയും നക്സൽ നേതാവുമായ തേറ്റമല കൃഷ്ണൻകുട്ടിയുടെ ഭൗതിക ശരീരമാണ് അദ്ദേഹത്തിൻെറ ആഗ്രഹപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിന് വിട്ടുകൊടുത്തത്. തൃശ്ശിലേരിയിൽനിന്ന് വൈകീട്ട് ആറരയോടെയാണ് മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് മെഡിക്കൽ കോളജിലെത്തിയത്.
പഴയകാല സഹപ്രവ൪ത്തകരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ മകൻ കെ. മനോജ്കുമാറും സഹോദരൻ മോഹനൻ മാസ്റ്ററും ചേ൪ന്ന് മെഡിക്കൽ കോളജ് അനാട്ടമി വിഭാഗം മേധാവി ഡോ. അറിവ് ശെൽവന് ഭൗതിക ശരീരം കൈമാറി.
 മരുമകൻ ആ൪.സുനിൽകുമാ൪, ബന്ധുക്കളായ ഗൗതമൻ, അമൃത്രാജ്, കൃഷ്ണൻകുട്ടിക്കൊപ്പം ജയിൽവാസമനുഭവിച്ച ബാലുശ്ശേരി അപ്പു, കെ.കെ. അപ്പുക്കുട്ടി, കൂടെ പ്രവ൪ത്തിച്ച കെ. അജിത, ടി.വി. വിജയൻ, ഓൾ ഇന്ത്യ ഫ്രീഡം ഫൈറ്റേഴ്സ് ഓ൪ഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എ.എസ്. നാരായണപ്പിള്ള, വിജയൻ കുഴുവേലി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.ആ൪. കേളു, തൃശ്ശിലേരി വില്ലേജ് ഓഫിസ൪ രാകേഷ്, സി.പി.എം മാനന്തവാടി ഏരിയാ സെക്രട്ടറി പി.വി. ബാലകൃഷ്ണൻ, എ.എം. സോമശേഖരൻ, ടി.പി. യാക്കൂബ്, അഡ്വ. സാബി ജോസഫ് തുടങ്ങി നിരവധി പേ൪ ചടങ്ങിനെത്തി.
 സ്വാതന്ത്ര്യസമര സേനാനിക്ക് അ൪ഹിക്കുന്ന ബഹുമാനം സ൪ക്കാ൪ നൽകിയില്ലെന്നും ചടങ്ങിൽ സ൪ക്കാ൪ പ്രതിനിധികൾ പങ്കെടുക്കാത്തതും ഔദ്യാഗിക ബഹുമതികൾ നൽകാത്തതും ഇതിന് തെളിവാണെന്നും കെ. അജിത പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.