ന്യൂദൽഹി: രണ്ടാഴ്ചമുമ്പ് കൊക്രജറിൽനിന്ന് ദൽഹിയിലേക്ക് മടങ്ങുമ്പോൾ ബിജ്നി അഭയാ൪ഥി ക്യാമ്പിലെ ശംസുൽ ഹഖ് പ്രകടിപ്പിച്ച ആശങ്ക അസ്ഥാനത്തായില്ല. വംശീയ കലാപത്തിൽ ഗ്രാമങ്ങളിൽനിന്നോടിച്ച മൂന്ന് ലക്ഷത്തോളം അഭയാ൪ഥികളിൽ ഭൂരിഭാഗവും മാറിയുടുക്കാൻ വസ്ത്രങ്ങളും തിന്നാൻ വിശേഷ വിഭവങ്ങളുമില്ലാതെ കണ്ണീരിൻെറ രുചിയും വേദനയുമായി പെരുന്നാൾ ആഘോഷിച്ചു.
കലാപഭൂമിയിൽ ഒരാഴ്ച സഞ്ചരിച്ച് ദൽഹിയിലേക്ക് മടങ്ങുകയാണെന്ന് അറിയിച്ചപ്പോൾ വിവരമറിയാൻ വീണ്ടും വരുമോയെന്നായിരുന്നു ശംസുൽ ഹഖിൻെറ ഹൃദയം തൊട്ടുള്ള ചോദ്യം. എന്താണങ്ങനെയെന്ന മറുചോദ്യത്തിന് പെരുന്നാളാണല്ലോ വരുന്നതെന്ന് ഓ൪മിപ്പിച്ച് ആഘോഷനാളിലും അഭയാ൪ഥികളുടെ സ്ഥിതി ദയനീയമായിരിക്കുമെന്ന് പറഞ്ഞുവെച്ചു. ‘രാത്രി ജീവനും കൊണ്ടോടിയപ്പോൾ ധരിച്ച ഉടയാടയല്ലാതെ മാറ്റിയുടുക്കാൻ ഒന്നുപോലും ക്യാമ്പിലെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമില്ല. പെരുന്നാളിന് പുതുവസ്ത്രം വേണമെന്നില്ല. ഉള്ളതൊന്ന് അലക്കാൻ സോപ്പെങ്കിലും മതിയെന്നാണ് സ്ത്രീകൾ പറയുന്നത്. പട്ടിണിയിൽ നോമ്പ് കാലം മുഴുമിച്ച ഞങ്ങൾക്കിനി ഈ പെരുന്നാൾ കണ്ണീരിൻേറതാണ്. ഇത്രയും മനുഷ്യ൪ക്ക് ഇനിയെത്ര നോമ്പും പെരുന്നാളും ക്യാമ്പിൽ കഴിച്ചുകൂട്ടേണ്ടി വരുമെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. എത്ര അഭിമാനികളായി കഴിഞ്ഞ മനുഷ്യരാണിവ൪’’ ഇടറിയ ശബ്ദത്തോടെ ശംസിൻെറ വാക്കുകൾ. ഒറ്റ രാത്രികൊണ്ട് ഈ വിധത്തിലായെന്ന് പറഞ്ഞ് വിതുമ്പിയ ശംസ് ഞങ്ങളുടെ വിവരമറിയാൻ പെരുന്നാൾ കഴിഞ്ഞ് വിളിക്കണമെന്ന് പറഞ്ഞായിരുന്നു അന്ന് സംസാരം അവസാനിപ്പിച്ചത്.
അഭയാ൪ഥികളുടെ പെരുന്നാൾ വിശേഷമറിയാൻ ദൽഹിയിൽനിന്ന് വീണ്ടും വിളിച്ചു. ആധിയും ആശങ്കയും ശരിവെക്കുന്നതായിരുന്നു ശംസിൻെറ മറുപടി. വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത അഭയാ൪ഥികൾ ക്യാമ്പ് മുറ്റങ്ങളിലൊരുക്കിയ താൽക്കാലിക ഈദ്ഗാഹുകളിൽ പെരുന്നാൾ നമസ്കാരം നി൪വഹിച്ചുവെന്ന് അഭയാ൪ഥി ക്യാമ്പുകളിൽ സന്നദ്ധ പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശംസ് ‘മാധ്യമ’ത്തോട് പറഞ്ഞു. സന്നദ്ധ സംഘടനകൾ സജീവമായ ക്യാമ്പുകളിൽ അവരെത്തിച്ച പെരുന്നാൾ കിറ്റുകളുപയോഗിച്ച് വിശേഷ വിഭവങ്ങളുണ്ടാക്കിയത് അഭയാ൪ഥികൾക്ക് ആശ്വാസമായി. അപൂ൪വം ചില ക്യാമ്പുകളിൽ സന്നദ്ധ സംഘടനകളുടെ വക പുത്തനുടുപ്പുകൾ നൽകി. എന്നാൽ, പുറംനാട്ടുകാ൪ക്ക് എത്താൻ കഴിയാത്ത വിദൂര ഗ്രാമങ്ങളിലാണ് അഭയാ൪ഥി ക്യാമ്പുകളിൽ ഭൂരിഭാഗവും. അവ൪ക്ക് പെരുന്നാളും പരിവട്ടത്തിൻേറതായി. ഭൂരിഭാഗം ക്യാമ്പുകളിലും അഭയാ൪ഥികൾ അരിവേവിച്ച് പരിപ്പ് കറിയുണ്ടാക്കി വിശപ്പടക്കി.
പെരുന്നാൾ പ്രമാണിച്ച് അഭയാ൪ഥികൾക്ക് പ്രത്യേകമായൊന്നും നൽകാൻ തയാറാകാതിരുന്ന അസമിലെ ഗൊഗോയ് സ൪ക്കാ൪ കലാപക്കറ മായ്ക്കാൻ ഗുവാഹതിയിലെ പുരാതന ഈദ്ഗാഹിൻെറ നവീകരണത്തിന് 50 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. മകൻ ഗൗരവ് ഗൊഗോയിക്കൊപ്പം പെരുന്നാൾ നമസ്കാരത്തിന് സാക്ഷ്യം വഹിക്കാൻ ഈദ്ഗാഹിലെത്തിയാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. അസമിൻെറ ശാന്തിക്കായി അല്ലാഹുവിനോട് പ്രാ൪ഥിച്ച ശേഷമായിരുന്നു ഗൊഗോയിയുടെ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.