ഷുക്കൂര്‍ വധം: ടി.വി. രാജേഷ് എം.എല്‍.എക്ക് ജാമ്യം

കൊച്ചി: ഷുക്കൂ൪ വധക്കേസിലെ 39ാം പ്രതി ടി.വി. രാജേഷ് എം.എൽ.എക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. കേസിൽ അന്വേഷണം പൂ൪ത്തിയാവുകയും മറ്റ് പ്രതികൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജസ്റ്റിസ് എസ്.എസ്.സതീശചന്ദ്രൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
മുൻകൂ൪ ജാമ്യാപേക്ഷ തള്ളിയതിനെ ത്തുട൪ന്ന് സമാധാനപരമായി കീഴടങ്ങിയതും ഇതിൻെറ പേരിൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നതും ഹരജിക്കാരൻെറ അഭിഭാഷകൻ എം.കെ. ദാമോദരൻ ചൂണ്ടിക്കാട്ടി.ഇനിയും കസ്റ്റഡിയിൽ വെക്കുന്നത് എം.എൽ.എ എന്ന നിലയിൽ  മണ്ഡലത്തിൻെറ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാകും. ഏഴു വ൪ഷം വരെ മാത്രം തടവ് ലഭിക്കാവുന്ന കുറ്റമാണ് ആരോപിക്കപ്പെട്ടിരിക്കുന്നതെന്നതിനാൽ ജാമ്യത്തിന് അ൪ഹതയുണ്ടെന്നും അഭിഭാഷകൻ ബോധിപ്പിച്ചു.
കേസിൽ ഉൾപ്പെട്ട പ്രതികൾ സ്വാധീനമുള്ളവരാണെന്നും നാലു പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്നും ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫ് അലി കോടതിയെ അറിയിച്ചു.  പ്രതികൾ സാക്ഷികളെ ഭീഷണിപ്പെടുത്തിയും മറ്റും സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ രാജേഷിന് ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി. എന്നാൽ, രാജേഷ്  നിയമത്തിന് മുന്നിൽ സ്വയം കീഴടങ്ങുകയായിരുന്നെന്നും പി. ജയരാജൻെറ അറസ്റ്റ് പോലെ വലിയ പ്രതിഷേധങ്ങളും പ്രശ്നങ്ങളും സൃഷ്ടിച്ചില്ലെന്നും ഡി.ജി.പി കോടതിയെ അറിയിച്ചു. ഇക്കാര്യം കൂടി കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.
ഷുക്കൂറിനെ വധിക്കാനുള്ള പദ്ധതി അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ലെന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥ൪ കൂടുതൽ അന്വേഷണം നടത്താനോ തെളിവെടുക്കാനോ പ്രതിയെ ഇനിയും തടഞ്ഞുവെക്കണമെന്നാവശ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതി പ്രതിനിധാനംചെയ്യുന്ന മണ്ഡലത്തിൻെറ താൽപ്പര്യം മുൻനി൪ത്തി ജാമ്യം അനുവദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. 25,000 രൂപയുടെ ബോണ്ടും തുല്യതുകക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് പ്രധാന വ്യവസ്ഥ.  ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥ൪ മുമ്പാകെ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.